Advertisement

‘ഇതു നമ്മുടെ സിനിമയല്ലേ ചേട്ടാ എന്ന് പറഞ്ഞ് കൂടെ നിന്നു’ ; ടൊവിനോയെ കുറിച്ചുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് ‘ഐഡന്റിറ്റി’ നിര്‍മാതാവ്

February 16, 2025
2 minutes Read
tovino

ഐഡന്റിറ്റി സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനു കിരിയത്ത് നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി ചിത്രത്തിന്റെ നിര്‍മാതാവ്. ചിത്രത്തില്‍ ഒരു ചെറിയ തുക മാത്രം പ്രതിഫലത്തിന്റെ അഡ്വാന്‍സായി കൈപ്പറ്റിക്കൊണ്ട് ഷൂട്ടിംഗിന് പണം ആവശ്യമുണ്ടല്ലോ, അതിനാല്‍ റിലീസു ചെയ്തിട്ട് ബാക്കി തുക തന്നാല്‍ മതി എന്നുപറഞ്ഞ് ഒന്നര വര്‍ഷത്തോളം നീണ്ടുനിന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ ഒരു മടിയോ തടസ്സമോ കൂടാതെ സഹകരിച്ചു നിന്ന ആളാണ് ടോവിനോയെന്ന് രാഗം മൂവീസിന്റെ ഉടമ രാജു മല്ല്യാത്ത് വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി. ഹെലികോപ്റ്ററില്‍ പറന്ന് നടത്തിയ പ്രമോഷന്‍ അടക്കം ചിത്രത്തിന്റെ ബജറ്റ് കൂട്ടിയെന്നും, ചിത്രത്തിലെ നായകനായ ടൊവിനോ അമിത പ്രതിഫലം വാങ്ങിയെന്നുമടക്കമുള്ള ആരോപണങ്ങളാണ് സംവിധായകന്‍ വിനു കിരിയത്ത് ഒരു ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത്. ഒരിക്കലും ടോവിനോ എന്ന നടന്‍ ഇങ്ങനെയൊരു പരസ്യപ്രചരണം ഐഡന്റിറ്റി എന്ന സിനിമയ്ക്ക് ചെയ്യണമെന്ന് തന്നോട് അഭിപ്രായപ്പെടുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് നിര്‍മാതാവിന്റെ വിശദീകരണം.

നിര്‍മാതാവിന്റെ വിശദീകരണം ഇങ്ങനെ:

കഴിഞ്ഞ 45 വര്‍ഷമായി മലയാള സിനിമാ രംഗത്ത് ഏകദേശം 22 ചിത്രങ്ങളില്‍ നിര്‍മ്മാതാവായും സഹനിര്‍മ്മാതാവായും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാന്‍. അവയില്‍ പലതിലും ലാഭവും നഷ്ടവുമുണ്ടായിട്ടുള്ളതാണ്. ഏകദേശം 20 പതിറ്റാണ്ടിനു മുമ്പുള്ള കഥകളോ നിര്‍മ്മാണ രീതികളോ സാങ്കേതിക വിദ്യകളോ പരസ്യ പ്രചാരണ രീതികളോ അല്ല ഇന്നുള്ളത്.

Read Also: ‘ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യം’; പിന്തുണച്ച് ഇ പി ജയരാജന്‍

വിഷയം എന്തെന്നുവച്ചാല്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ നിര്‍മ്മിച്ച ഐഡന്റിറ്റി എന്ന സിനിമയിലെ പ്രൊമോഷന് അവലംബിച്ച ഹെലികോപ്ടര്‍ യാത്രയുമായി ബന്ധപ്പെട്ട പരാമര്‍ശമാണ്. അതില്‍ വിനു കിരിയത്തിന്റെ പരാമര്‍ശത്തിന്റെ സത്യാവസ്ഥ എന്തെന്നു വച്ചാല്‍ ഒരിക്കലും ടോവിനോ എന്ന നടന്‍ ഇങ്ങനെയൊരു പരസ്യപ്രചരണം ഐഡന്റിറ്റി എന്ന സിനിമയ്ക്ക് ചെയ്യണമെന്ന് എന്നോട് അഭിപ്രായപ്പെടുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. മുകളില്‍ പറഞ്ഞ എന്റെ സിനിമയ്ക്ക് പലവിധ കാരണങ്ങള്‍ കൊണ്ട് നിര്‍മ്മാണച്ചെലവ് അധികരിച്ച് എങ്ങനെ റിലീസ് ചെയ്യും പ്രതിസന്ധി ഘട്ടത്തില്‍ നിന്ന് എന്നെ സമാധാനിപ്പിക്കുകയും മനോബലം തന്നതും ടൊവിനോയാണ്.

സിജെ റോയിയെ ഐഡന്റിറ്റിയുടെ നിര്‍മ്മാണ പങ്കാളിയാക്കി ചിത്രം റിലീസ് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിത്തന്ന ആളാണ് ടൊവിനോ. റോയി സിജെയുടെ ആശയത്തില്‍ ഉദിച്ചതും ന്യൂതനവുമായ ഒരു പ്രചരണരീതിയായിരുന്നു ഹെലികോപ്ടറുമായി ബന്ധപ്പെട്ടത്. പ്രചരണത്തിന്റെ മുഴുവന്‍ ചെലവും തുകയും സിനിമയുടെ പ്രൊഡക്ഷന്‍ കോസ്റ്റില്‍ ഉള്‍പ്പെടുത്താതെ അദ്ദേഹം തനിയെ മുടക്കി.

2018 കാലയളവു മുതല്‍ ടൊവിനോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. ഐഡന്റിറ്റിയില്‍ ഒരു ചെറിയ തുക മാത്രം പ്രതി ഫലത്തിന്റെ അഡ്വാന്‍സായി കൈപ്പറ്റിക്കൊണ്ട് ചിത്രം റിലീസു ചെയ്തിട്ട് ബാക്കി തുക തന്നാല്‍ മതി എന്നുപറഞ്ഞ് ഒന്നരവര്‍ഷത്തോളം നീണ്ടുനിന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ ഒരു മടിയോ തടസ്സമോ കൂടാതെ സഹകരിച്ചു നിന്ന ആളാണ് ടോവിനോ.

ചിത്രീകരണത്തിനിടയിലും സാമ്പത്തികമായി സഹായിക്കാന്‍ ടൊവിനോ തയ്യാറായിട്ടുണ്ട്. മാത്രമല്ല മുന്‍പറഞ്ഞ ചിത്രത്തിന്റെ പ്രതിഫല തുകയുടെ ബാക്കിയായി ഒരു ഭീമമായ തുക നല്‍കാനുണ്ടായിട്ടും എനിക്ക് ഈ ചിത്രത്തില്‍ സംഭവിച്ച നഷ്ടങ്ങള്‍ക്ക് പരിഹാരമായി എന്റെ കൂടെ നിന്ന് ഉടന്‍തന്നെ ഒരു ചിത്രം ചെയ്തു തരാമെന്നു പറഞ്ഞ് മറ്റൊരു നടനും കാണിക്കാത്ത മഹാമനസ്‌കത കാണിച്ച നടനാണ് ടൊവിനോ.

കൂടാതെ ചിത്രം പൂര്‍ത്തിയായതിനുശേഷം കരാര്‍ ഉറപ്പിച്ച പ്രമുഖ വിതരണ കമ്പനി പിന്‍മാറിയപ്പോള്‍ ധൈര്യപൂര്‍വ്വം മുന്‍പോട്ട് വന്ന് ശ്രീ ഗോകുലം മൂവീസിന്റെ ഡ്രീം ബിഗ് വിതരണക്കമ്പനിയെ സിനിമയുടെ വിതരണക്കാരായി കൊണ്ടു വന്ന് ഈ ചിത്രത്തിന്റെ വിതരണഘട്ടത്തിലും സഹായിച്ചത് മറ്റാരുമല്ല ടൊവിനോ എന്ന നടന്‍ തന്നെയാണ്.

മുകളില്‍ പറഞ്ഞ ചിത്രത്തിന്റെ റിലീസിംഗ് സമയത്തൊക്കെ ടൊവിനോ കാണിച്ച സന്‍മനസിന് നന്ദി പ്രകാശിപ്പിച്ചപ്പോഴൊക്കെ ഇതു നമ്മുടെ സിനിയല്ലേ ചേട്ടാ, എന്ന് പറഞ്ഞ് കൂടെ നിന്ന ആളാണ് ടൊവിനോ.

വസ്തുനിഷ്ടമായി കാര്യങ്ങള്‍ വ്യക്തമായറിയാതെ ടൊവിനോ എന്ന നടനുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും വരുന്നതിനാല്‍ നിര്‍മ്മാതാവ് നിലയില്‍ എന്റെ അനുഭവങ്ങള്‍ ഇവിടെ പറയാന്‍ നിര്‍ബന്ധിതനാകുകയാണ്. ചാനലില്‍ സിനിമയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വന്ന കാര്യങ്ങള്‍ വസ്തുതാപരമായി തെറ്റുതന്നെയാണ്.

Story Highlights : ‘Identity’ movie producer responds to criticism against Tovino Thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top