Advertisement

യുജിസി കരട് റഗുലേഷനെതിരെ ദേശീയ ഉന്നതവിദ്യാഭ്യാസ കണ്‍വന്‍ഷന്‍ ഇന്ന്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

February 20, 2025
Google News 2 minutes Read
cm

യുജിസി കരട് റഗുലേഷനെതിരെ ദേശീയ ഉന്നതവിദ്യാഭ്യാസ കണ്‍വന്‍ഷന്‍ ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തെലങ്കാന ഉപമുഖ്യമന്ത്രി, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഉന്നതവിദ്യാഭ്യാസ മന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കണ്‍വെന്‍ഷനില്‍ എത്തും. പ്രതിപക്ഷവും കണ്‍വെന്‍ഷനില്‍ സഹകരിക്കുന്നുണ്ട്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുക. അതേസമയം, കേരള സര്‍വ്വകലാശാല, സാങ്കേതിക സര്‍വ്വകലാശാല എന്നിവിടങ്ങളിലെ വൈസ് ചാന്‍സിലര്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധ്യത കുറവാണ്. യോഗത്തില്‍ വൈസ് ചാന്‍സലര്‍മാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുന്നതില്‍ ഗവര്‍ണര്‍ സര്‍ക്കാരിനെ എതിര്‍പ്പ് അറിയിച്ചിരുന്നു.

ഗവര്‍ണര്‍ അമര്‍ഷം പ്രകടിപ്പിച്ചതിന് പിന്നാലെ യുജിസി കരട് കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ സര്‍ക്കാര്‍ തിരുത്തിയിരുന്നു. യുജിസി കരടിന് ‘എതിരായ’ എന്ന പരാമര്‍ശം നീക്കി. പകരം യുജിസി റെഗുലേഷന്‍ – ദേശീയ ഉന്നത വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ എന്നാക്കി. നിശ്ചിത എണ്ണം ഡെലിഗേറ്റുകളെ പങ്കെടുപ്പിക്കണമെന്ന നിര്‍ദ്ദേശവും ഒഴിവാക്കി.

Read Also: ഗവര്‍ണര്‍ക്ക് വഴങ്ങി സര്‍ക്കാര്‍; യുജിസി കരട് കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ തിരുത്തി

പരിപാടി നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തുവന്നത്. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനെ പറ്റിയും ഡ്യൂട്ടി ലീവ്, ചിലവ് എന്നിവ വഹിക്കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഭരണഘടനാ വിരുദ്ധമെന്ന് ഗവര്‍ണര്‍ നിലപാട് എടുത്തു. വൈസ് ചാന്‍സിലര്‍മാരെ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല.സര്‍വ്വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളെന്നും വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കുകയായിരുന്നു.

വിഷയം അംഗീകരിച്ച മുഖ്യമന്ത്രി, എല്ലാവര്‍ക്കും എല്ലാത്തരം അഭിപ്രായവും പ്രകടിപ്പിക്കാനുള്ള വേദിയാക്കി കണ്‍വെന്‍ഷനെ മാറ്റുന്ന തരത്തില്‍ പരിപാടി പുനഃസംവിധാനം ചെയ്യുമെന്ന് മറുപടി നല്‍കി. വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കാമെന്ന് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഗവര്‍ണര്‍ക്ക് ഉറപ്പും നല്‍കി. എന്നാല്‍ രാത്രി വൈകിയും സര്‍ക്കുലര്‍ പിന്‍വലിക്കാത്തതിനാല്‍ ഗവര്‍ണര്‍ ഇടഞ്ഞു. പിന്നാലെ സര്‍ക്കുലര്‍ തിരുത്തിയിറക്കണമെന്ന നിര്‍ദേശത്തിന് സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു.

Story Highlights : National Higher Education Convention Against UGC Draft Regulations Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here