Advertisement

അന്ന് സമരം, ഇന്ന് ചുവന്ന പരവതാനി

February 22, 2025
Google News 3 minutes Read
how left parties stand about invest summit changed over time

ആഗോള വ്യവസായ ഉച്ചകോടി കൊച്ചിയില്‍ പുരോഗമിക്കയാണ്. 26 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 3000 പേര്‍ പങ്കെടുക്കുന്ന നിക്ഷേപ സംഗമം കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ പൊതു വികസനത്തിനായി എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും അഭിപ്രായപ്പെട്ടു. കേരളം വ്യാവസായികമായി പിന്നോക്കം നില്‍ക്കുകയാണെന്നുള്ള ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും ഇടയിലാണ് ഈ ഉച്ചകോടി അരങ്ങേറുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും പി കെ കുഞ്ഞാലിക്കുട്ടി വ്യവസായ വകുപ്പുമന്ത്രിയും ആയിരുന്ന വേളയിലാണ് കേരളത്തില്‍ ആദ്യമായി വ്യാവസായിക മേഖലയുടെ വളര്‍ച്ചയ്ക്കായി ഉച്ചകോടി ആരംഭിച്ചത്.
അഴിമതിക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള വ്യാവസായിക നിക്ഷേപങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ആരോപിച്ച് സി പി എം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. (how left parties stand about invest summit changed over time)

ആദ്യത്തെ എമര്‍ജിംഗ് കേരള ഉച്ചകോടി 2012 സെപ്റ്റംബറില്‍ കൊച്ചിയിലാണ് നടന്നത്. കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായുള്ള പദ്ധതി യെ സി പി എം ശക്തമായി എതിര്‍ത്തു.

സംസ്ഥാനത്തിന്റെ സന്നദ്ധത നിക്ഷേപകരെ നേരിട്ട് അറിയിക്കുകയെന്നതായിരുന്നു എമര്‍ജിംഗ് കേരളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. അന്നത്തെ പ്രധാനമന്ത്രിഡോ മന്‍മോഹന്‍ സിംഗായിരുന്നു ഉദ്ഘാടകന്‍. രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ ഏറെ ഉത്കണ്ഠയോടെയായിരുന്നു ഈ ഉച്ചകോടിയെ നോക്കിക്കണ്ടിരുന്നത്. വ്യാവസായിക വളര്‍ച്ചയില്‍ കേരളം വന്‍ കുതിച്ചുചാട്ടം നടത്തുമെന്നുപോലും പ്രതീക്ഷയുയര്‍ന്നു.

Read Also: ‘പാത്രത്തിലെ മീനൊന്നും പിടയ്ക്കാത്തതെന്താ? പെടയ്ക്കുന്ന മീനില്ലെങ്കില്‍ വന്നതെന്തിനാ? ‘ വിചിത്ര ന്യായം പറഞ്ഞ് കൊച്ചിയില്‍ മീന്‍ വില്‍പ്പനക്കാരിക്ക് നേരെ ആക്രമണം

40,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ ഉച്ചകോടിയിലൂടെ വാഗ്ദാനം ചെയ്യപ്പെട്ടത്. ഭാരത് പെട്രോളിയം, ഫോക്സ് വാഗന്റെ എഞ്ചിന്‍ അസംബ്ലിയൂണിറ്റ് ( 2000 കോടി രൂപ) ഒരു ആശുപത്രി, പ്രി-കാസ്റ്റ് കോണ്‍ക്രീറ്റ് നിര്‍മ്മാണ യൂണിറ്റ് ( 570 കോടി) ഒരു സൗരോര്‍ജ്ജ പ്ലാന്റ് ( 500 ) എന്നിവ ശ്രദ്ധേയമായ പ്രഖ്യാപിത പദ്ധതികളായിരുന്നു.

എമര്‍ജിംഗ് കേരളയും പിന്നീട് നടന്ന ജിം തുടങ്ങി വ്യവസായ വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ സംഗമങ്ങളെയെല്ലാം അഴിമതിനടത്താനുള്ള പദ്ധതികളെന്ന് മുദ്രകുത്തി ഇടത് പക്ഷവും സി പി എമ്മും ശക്തമായി എതിര്‍ക്കുകയും നിക്ഷേപ സംഗമത്തിനെതിരെ പ്രത്യക്ഷ സമരം പ്രഖ്യാപിക്കുകയും ചെയ്തു.

നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച പലപ്രമുഖ കമ്പനികളും പിന്‍വലിഞ്ഞു. കേരളത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ മാറി എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സി പി എം നയം മാറ്റി. 2020 ല്‍ നടത്തിയ ആഗോള നിക്ഷേപ ഉച്ചകോടിയില്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും വന്‍കിട പദ്ധതികളൊന്നും പ്രാവര്‍ത്തികമായില്ല.

വ്യവസായ വളര്‍ച്ചയ്ക്കായി കേരളത്തില്‍ നടന്ന ജിം എന്തുകൊണ്ട് ഫലപ്രദമായില്ലെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കേണ്ടത് സി പി എം ആണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും പി കെ കുഞ്ഞാലിക്കുട്ടി വ്യവസായ വകുപ്പുമന്ത്രിയുമായിരുന്ന വേളയിലാണ് കേരളത്തിലെ വ്യവസായ വളര്‍ച്ച ലക്ഷ്യമിട്ട് ആഗോള ഉച്ചകോടിയായ ജിം നടത്തിയത്. ആളോതലത്തിലുള്ള നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നു ജിം ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍ ജിമ്മിനെ സി പി എം കണ്ണടച്ച് എതിര്‍ത്തു. യുഡിഫിന്റെ കാലത്തു കേരളത്തിന്റെ വ്യവസായ വളര്‍ച്ച ലക്ഷ്യമിട്ട് നടത്തിയ എല്ലാ പദ്ധതികളേയും എല്‍ ഡി എഫ് എതിര്‍ത്തിരുന്നു.

വ്യവസായ വളര്‍ച്ചയ്ക്ക് യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജിം എന്ന നിക്ഷേപ സംഗമത്തില്‍ 11000 കോടി രൂപയുടെ നിക്ഷേപം വരുന്ന 96 പദ്ധതികളിലാണ് ഒപ്പുവെച്ചത്. ഇതില്‍ വ്യവസായ വകുപ്പിന് കീഴില്‍വരുന്നതുമാത്രമായി ഏകദേശം 339.70 കോടി രൂപ മുതല്‍മുടക്കുവരുന്ന 19 പദ്ധതികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 3354 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു എന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം.
എമര്‍ജിംഗ് കേരള സംഗമത്തില്‍ 177 പദ്ധതി നിര്‍ദ്ദേശങ്ങളാണ് തുടക്കത്തില്‍ ലഭിച്ചിരുന്നത്. 56 പദ്ധതികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് വരുന്നതായാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. 14 പദ്ധതികള്‍ക്കായി 23334 കോടി രൂപയാണ് ആകെ നിക്ഷേപമായി പ്രഖ്യാപിച്ചിരുന്നത്.

കേരളത്തിലെ വ്യവസായ വളര്‍ച്ച ലക്ഷ്യമിട്ട് 2015 ഫെബ്രുവരി 26 മുതതല്‍ 28 വ രെ കൊച്ചിയില്‍ കേരള ബിസിനസ് ടു ബിസനസ് മീറ്റ് നടത്തി. 2016 ലും കേരളത്തില്‍ ബിസിനസ് മീറ്റ് നടന്നു. ഫെബ്രുവരി 4 മുതല്‍ 6 വരെ നടന്ന ബിസിനസ് മീറ്റില്‍ ഭക്ഷ്യസംസ്‌കരം, കൈത്തറി, ടെക്സൈറ്റല്‍സ് ആന്റ് ഗാര്‍മെന്റ്സ്, റബ്ബര്‍, മരവ്യവസായങ്ങള്‍, ആയുര്‍വ്വേദം തുടങ്ങി 350 ല്‍ പരം ചെറുകിട ഉല്‍പ്പാദകര്‍ അവരുടെ ഉല്പ്പനങ്ങളും സാങ്കേിതിക വിദ്യയും പ്രദര്‍ശിപ്പിച്ചിരുന്നു.
ബി പി സി എല്‍ പദ്ധതി പ്രഖ്യാപിച്ചു. ഉന്നത വിദ്യഭ്യാസ വകുപ്പുമായി സംയോജിച്ച് ആട്ടോമോട്ടിവ് മെക്രോണിക്സ് പരിശീലന പദ്ധതിയും പ്ലാന്‍ ചെയ്തിരുന്നു. ഇവയൊന്നും ലക്ഷ്യമിട്ട രീതിയിലേക്ക് എത്തിക്കാന്‍ വ്യവസായ വകുപ്പിനും സംസ്ഥാന സര്‍ക്കാരിനും കഴിഞ്ഞില്ല. ഭരണം മാറി, സംസ്ഥാനത്ത് അധികാരത്തിലെത്തിയ സി പി എം വ്യവസായ നയത്തില്‍ കാതലായ ഇടപെടല്‍ നടത്താന്‍ തീരുമാനിച്ചു.
വ്യവസായ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ലക്ഷ്യമിട്ട് പിണറായി സര്‍ക്കാര്‍ നടത്തിയ നിക്ഷേപ ഉച്ചകോടിയില്‍ വന്‍ പ്രഖ്യാപനങ്ങള്‍ വന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപം കിറ്റക്സിന്റേതായിരുന്നു.

സര്‍ക്കാര്‍ നിരന്തരമായി ഉപദ്രവിക്കുന്നതായുള്ള പരാതിയുയര്‍ത്തി 2021 ല്‍ കിറ്റെക്സ് കേരളം വിട്ടു. പ്രഖ്യാപിച്ച 3500 കോടിയുടെ പദ്ധതി തെലങ്കാനയിലേക്ക് പോയി. 20,000 പേര്‍ക്ക് നേരിട്ട് തൊഴിലവസരങ്ങള്‍ ലഭിക്കുന്ന അപ്പാരല്‍ പാര്‍ക്ക് , തിരുവനന്തപുരം, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലായി 5,000 പേര്‍ക്കുവീതം അനുബന്ധമായി തൊളില്‍ ലഭിക്കുന്ന വ്യവസായ പാര്‍ക്കുകളായിരുന്നു കേരളത്തിന് നഷ്ടമായത്.
കേരളം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സ്മാര്‍ട്ട് സിറ്റി പ്രൊജക്റ്റ് ഒടുവില്‍ ഇല്ലാതായി എന്നു മാത്രമല്ല, സ്ഥലം തിരികെ വാങ്ങുന്നതിന് സര്‍ക്കാരിന് സാമ്പത്തിക ബാധ്യതകൂടി വന്നുപെട്ടിരിക്കയാണ്.

കേരളം വ്യവസായ സൗഹൃദമല്ലെന്നുള്ള ആരോപണം സംസ്ഥാനത്തെ വ്യവസായ വളര്‍ച്ചയ്ക്ക് പ്രതികൂലാവസ്ഥയാണ് ഉണ്ടാക്കിയത്. അന്ന് പ്രതിപക്ഷത്തായിരുന്ന സി പി എമ്മിന്റെ ശക്തമായ അതിര്‍പ്പ് വ്യവസായ മേഖലയിലെ നിക്ഷേപത്തിന് തിരിച്ചടിയായി. തുടര്‍ന്ന് അധികാരത്തിലേറിയ എല്‍ ഡി എഫ് സര്‍ക്കാര്‍ വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ ഉണ്ടാക്കുകയും ഉച്ചകോടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിലും ലക്ഷ്യമിട്ട ഫലത്തിലേക്ക് ഒന്നും എത്തിയില്ല.

2020 ലെ അസെന്‍ഡ് കേരള സംഗമത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവച്ച കരാറില്‍ നിന്നാണ് കിറ്റെക്സ് പിന്‍മാറിയതും തെലങ്കാനയില്‍ നിക്ഷേപം നടത്തുകയും ചെയ്തത്. 3500 കോടി രൂപയാണ് കേരളത്തില്‍ നിക്ഷേപിക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നത്. ഈ പദ്ധതിയാണ് വേണ്ടെന്നു വച്ചത്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഈ മാറ്റം. കേരളത്തില്‍ അപ്പാരല്‍ പാര്‍ക്ക് നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്നായിരുന്നു കിറ്റെക്സ് വഴിമാറിപ്പോയത്. കിറ്റെക്സ് വിവാദവും കേരളത്തിലെ നിക്ഷേപത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

കൊച്ചിയില്‍ നടക്കുന്ന ഇത്തവണത്െ ഇന്‍വെസ്റ്റ്മെന്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഇത്തവണ പ്രതിപക്ഷവും സജീവമായി പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ സഹകരണത്തിന് വ്യവസായ മന്ത്രി പി രാജീവ് നന്ദി പറഞ്ഞുകൊണ്ടാണ് സമ്മിറ്റിന് തുടക്കമായതെന്നും ശ്രദ്ധേയമാണ്.

കേരളത്തിന്റെ വികസനത്തിന് എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ വ്യവസായ സമ്മിറ്റിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷത്തിന്റെ നീക്കത്തിന് രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്.

എന്തായാലും വിദേശ സര്‍വ്വകലാശാലയ്ക്കെതിരായ കടുത്ത നിലപാട് സ്വീകരിച്ച സി പി എമ്മിന് ആ തീരുമാനം വര്‍ഷങ്ങള്‍ക്ക് ശേഷം തിരുത്തേണ്ടിവന്നു. കേരളത്തിലെ വ്യവസായ വികസനത്തിനായി വന്‍ മാറ്റങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 26 രാജ്യങ്ങളില്‍ നിന്നായി നിരവധി വ്യവസായ ഗ്രൂപ്പുകളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്ത് നിക്ഷേപം കൊണ്ടുവരാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് സര്‍ക്കാര്‍. പ്രതിപക്ഷം എതിര്‍ക്കാന്‍ ഇല്ലെന്നു മാത്രമല്ല, ഒപ്പം നില്‍ക്കുകയാണ് ഈ യത്നത്തില്‍.

Story Highlights : how left parties stand about invest summit changed over time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here