ഉറപ്പ് നല്‍കി വനംമന്ത്രി: ആറളം ഫാമില്‍ അഞ്ചു മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിച്ചു

ആറളം ഫാമില്‍ അഞ്ചു മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിച്ചു. വനം മന്ത്രി എകെ ശശീന്ദ്രന്റെ ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ആനമതില്‍ നിര്‍മ്മാണത്തില്‍ കുറ്റകരമായ അനാസ്ഥയുണ്ടായതായി മന്ത്രി പറഞ്ഞു. കുറ്റക്കാര്‍ ആരെന്ന് കണ്ടെത്തി നടപടി ഉണ്ടാകുമെന്നും നഷ്ടപരിഹാരം നാളെ തന്നെ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ ആര്‍ ടി സംഘത്തെ വിപുലപെടുത്തുമെന്നും മന്ത്രി പറഞ്ഞു. രണ്ടാഴ്ചയ്ക്കകം മരിച്ചവരുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് ജോലി നല്‍കും.
സോളാര്‍ ഫെന്‍സിംഗ് ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ശക്തമായ ബഹുജനരോഷം നിലനില്‍ക്കുന്നുവെന്നും അതിനോട് പോസിറ്റീവായി പ്രതികരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്തുമെന്നും ഒരു ആര്‍ആര്‍ടി സംഘമാണ് നിലവിലുള്ളത്, അവരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാത്രി തന്നെ ആനകളെ തുരത്തും. ആന മതില്‍ ത്വരിതഗതിയിലാകും. ഫെബ്രുവരി അവസാനം ആനമതില്‍ പ്രവൃത്തി തുടങ്ങും – അദ്ദേഹം വ്യക്തമാക്കി.
ആറളം ഫാമില്‍ വന്യമൃഗങ്ങളാല്‍ ഒരു ജീവനും പൊലിയില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ എഴുതി ഒപ്പിടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വോട്ട് ചോദിക്കാന്‍ മാത്രം വന്നാല്‍ പ്രശ്‌നം തീരുമോയെന്നും മന്ത്രിയോട് പ്രതിഷേധക്കാര്‍ ചോദിച്ചു. അതേസമയം, ആറളം ഫാമില്‍ അടിക്കാട് വെട്ടാന്‍ അന്യസംസ്ഥാന തൊഴിലാളികളെ എല്‍്പിച്ച ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാവുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
നേരത്തെ, സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കാനെത്തിയ വനം മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏടൂരില്‍ വെച്ചാണ് മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനും എസ്പിയും നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ആറളത്ത് എത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും നാട്ടുകാര്‍ തടഞ്ഞു. മന്ത്രി വരാതെ ജനങ്ങള്‍ പിരിഞ്ഞുപോകില്ലെന്ന് കെ സുധാകരന്‍. പൊലീസ് പിരിഞ്ഞുപോകണമെന്നാണ് ജനങ്ങളുടെ ആവശ്യം മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിക്കുമെന്നും സുധാകരന്‍ പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു.
Story Highlights : Protest in Aralam farm ended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here