പിതൃമാതാവിനെ കൊലപ്പെടുത്തിയത് ചുമരിൽ തല ഇടിപ്പിച്ച്; ഫർസാനയുടെ നെറ്റിയിൽ വലിയ ചതവ്; കൊല നടത്തിയത് ഇരുമ്പ് ചുറ്റിക ഉപയോഗിച്ച്

തിരുവനന്തപുരം വെഞ്ഞാറമൂടിൽ അഞ്ച് പേരെയാണ് ഇരുപത്തിമൂന്നുകാരനായ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. അഞ്ച് കൊലപാതകവും ഒരു കൊലപാതക ശ്രമവുമാണ് ഇന്നലെ നാടിനെ നടുക്കി 23കാരൻ നടത്തിയത്. തലയ്ക്കടിച്ചാണ് എല്ലാവരെയും അഫാൻ കൊലപ്പെടുത്തിയത്. പിതൃമാതാവായ സൽമ ബീവിയെ കൊലപ്പെടുത്തിയത് ചുമരിൽ തലയിടിപ്പിച്ചാണ്. മാതാവ് ഷെമിയെ കൊലപ്പെടുത്താൻ ശ്രമിച്ചതും ചുമരിൽ തലയിടിപ്പിച്ചാണ്.
മറ്റ് നാല് പേരെ കൊലപ്പെടുത്തിയത് ഇരുമ്പ് ചുറ്റിക പോലത്തെ ആയുധം ഉപയോഗിച്ചാണെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ടവരുടെ തലയിൽ മാരകമായ മുറിവുണ്ട്. അഫാൻ കൊലപ്പെടുത്തിയ പെൺ സുഹൃത്തായ ഫർസാനയുടെ നെറ്റിയിൽ വലിയ ചതവുണ്ടായിരുന്നു. ലത്തീഫിനെയും ഭാര്യ ഷാഹിദയെയും തലയ്ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. ആയുധം കണ്ടെത്താൻ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പിതൃമാതാവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി ഇവരുടെ കമ്മൽ വെഞ്ഞാറമൂട്ടിലെ ഒരു പണയ സ്ഥാപനത്തിലെത്തി പണയപ്പെടുത്തിയിരുന്നു. എന്നാൽ ഈ പണം പ്രതി എന്ത് ചെയ്തു എന്ന കാര്യത്തിൽ വ്യക്തതയില്ല.
പണത്തിന്റെ ആവശ്യത്തിനായാണോ പ്രതി കൊലനടത്തിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പിതൃമാതാവിന്റെ കൈയിൽ ഉണ്ടായിരുന്ന നാല് പവനുള്ള മാല പ്രതി അഫാൻ ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാൻ വിസമ്മതിച്ചതോടെയാണ് പിതൃമാതാവ് സൽമാ ബീവി, പിതൃ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ എന്നിവരെ കൊലപ്പെടുത്തിയത് എന്നാണ് ലഭ്യമാകുന്ന സൂചന. പ്രതിയുടെ സഞ്ചാര പാത കണ്ടെത്താൻ വിശദമായി സിസിടിവി പരിശോധന നടത്തും.
പ്രതിയുടെ പെൺസുഹൃത്ത് ഫർസാന, സഹോദരൻ അഫ്സാൻ, പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, പിതൃമാതാവ് സൽമ ബീവി എന്നിവരാണ് കൊല്ലപ്പെട്ടത്. 3 വീടുകളിലായി 6 പേരെ കൊലപ്പെടുത്തിയതായാണ് യുവാവ് മൊഴി നൽകിയത്. മാതാവിനെ ആക്രമിച്ചായിരുന്നു ക്രൂരകൃത്യത്തിന്റെ തുടക്കം. മാതാവിന്റെ കഴുത്തിൽ ഷാൾ കുരുക്കിയ ശേഷം നിലത്തേക്ക് എറിഞ്ഞു. തലയിടിച്ച് ബോധരഹിതയായ മാതാവിനെ മുറിക്കുള്ളിലാക്കിയ ശേഷം പ്രതി പോയത് പാങ്ങോടുള്ള പിതൃമാതാവിന്റെ വീട്ടിലേക്ക്. പിന്നീടാണ് കൊലപാതക പരമ്പര നടന്നത്.
Story Highlights : Venjaramoodu Murder was done using an iron hammer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here