ചുങ്കത്തറയിൽ കൂറുമാറിയ വനിത അംഗത്തിന്റെ ഭർത്താവിന്റെ കട CPIM പ്രവർത്തകർ അടിച്ചു തകർത്തതായി പരാതി

മലപ്പുറം ചുങ്കത്തറ പഞ്ചായത്തിലെ ഭരണം നഷ്ടപ്പെട്ടതിൽ കൂറുമാറിയ വനിത അംഗത്തിൻ്റെ ഭർത്താവിന്റെ കട സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു. തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് സുധീർ പുന്നപ്പാലയുടെ ഓൺലൈൻ സേവനങ്ങൾ നൽകിയിരുന്ന കടയാണ് തകർത്തത്. സംഭവത്തിൽ സുധീർ മലപ്പുറം എസ് പിക്ക് പരാതി നൽകി.
ഇന്ന് ഉച്ചയ്ക്ക് ശേഷം കടയിൽ എത്തിയ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചംഗ സംഘം കട അടിച്ചു തകർത്ത് ഷട്ടർ ഇട്ട് പൂട്ടി എന്ന് സുധീർ എസ് പിക്ക് നൽകിയ പരാതിയിൽ പറയുന്നു. അവിശ്വാസ പ്രമേയത്തിൽ സിപിഐഎം അംഗമായിരുന്ന സുധീറിന്റെ ഭാര്യ നുസൈബയാണ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത്. സുധീറിനെ സിപിഐഎം നേതാക്കൾ ഭീഷണിപ്പെടുത്തുന്ന ഫോൺ കോളുകൾ ഇന്ന് പുറത്തുവന്നിരുന്നു. ജീവിക്കാൻ അനുവദിക്കില്ലെന്ന നേതാക്കളുടെ ഭീഷണി ശരിയെന്ന് തെളിഞ്ഞതായി സുധീർ പുന്നപ്പാല ട്വന്റി ഫോറിനോട് പറഞ്ഞു.
Read Also: നിലമ്പൂർ ചോളമുണ്ടയിൽ ചരിഞ്ഞ ‘കസേര കൊമ്പന്റെ’ ദേഹത്ത് വെടിയുണ്ട
സിപിഎമ്മിനെ ചതിച്ചിട്ട് തുടർന്നുള്ള പൊതുജീവിതം പ്രയാസം ആകുമെന്നായിരുന്നു സിഐടിയു ഏരിയ സെക്രട്ടറി എം ആർ ജയചന്ദ്രന്റെ ഫോണിലെ ഭീഷണി. ചുങ്കത്തറ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയാണ് എം.ആർ ജയചന്ദ്രൻ. തന്നെയോ യുഡിഎഫ് പ്രവർത്തകരെയോ അക്രമിച്ചാൽ വീട്ടിൽ കയറി തലയടിച്ചു പൊട്ടിക്കുമെന്ന് കഴിഞ്ഞ ദിവസം പിവി അൻവറും പ്രസംഗിച്ചിരുന്നു. ചുങ്കത്തറ കൂറുമാറ്റം നിലമ്പൂർ രാഷ്ട്രീയത്തെ ഇളക്കിമറിക്കുകയാണ്.
Story Highlights : Chungathara cpim attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here