Advertisement

ടൂറിസം മേഖലയിൽ സ്ത്രീ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ വനിതാ വികസന കോർപ്പറേഷനുമായി യോജിച്ച് പ്രവർത്തിക്കും- മന്ത്രി റിയാസ്

February 28, 2025
4 minutes Read

സംസ്ഥാനത്ത് ടൂറിസം മേഖലയിൽ സ്ത്രീ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ വനിതാ വികസന കോർപ്പറേഷനുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി.എ.മുഹമ്മദ് റിയാസ്. വനിതാ വികസന കോർപറേഷൻ സ്ത്രീ സംരംഭകർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രദർശന വിപണന മേള എസ്‌‌കലേറ 2025 ൽ മൂന്നാം ദിന പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസം സെക്ടറിൽ തൊഴിൽ ശക്തിയിൽ സ്ത്രീകളാണ് മുന്നിൽ. സഞ്ചാരികളായ സ്ത്രീകളെ കേരളത്തിലേക്ക് ആകർഷിക്കണം. ഗ്രൂപ്പായി സ്ത്രീകൾ യാത്ര പോകുന്നുണ്ട്. ഒറ്റയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവരുമുണ്ട്. അവരെ കേരളത്തിലേക്ക് ആകർഷിക്കണം. അതിന് ടൂറിസം കേന്ദ്രങ്ങൾ സ്ത്രീ സൗഹൃദമാക്കണം. ഇവിടങ്ങളിൽ വനിതാ സംരംഭങ്ങളുടെ ശൃംഖലയുണ്ടാക്കണം. കേരളത്തിൽ ടൂറിസം രംഗത്ത് നിരവധി സ്ത്രീ സംരംഭങ്ങളുണ്ട്. കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയാണ് ഈ മേഖലയിൽ വനിതാ സംരംഭങ്ങളെ യോജിപ്പിക്കുന്ന പ്രധാന ഏജൻസി. കേരളത്തിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി കൂടുതൽ വനിതാ സംരംഭങ്ങൾ ഇനിയും ഉണ്ടാകണം എന്ന് തന്നെയാണ് ടൂറിസം വകുപ്പിന്റെ കാഴ്ചപ്പാട്. ആരോഗ്യ രംഗത്ത് ടൂറിസത്തിന്റെ അനന്ത സാധ്യതയുണ്ട്. മെഡിക്കൽ ടൂറിസം രംഗത്ത് ആയുർവേദ ചികിത്സയ്ക്കും അലോപ്പതി ചികിത്സയ്ക്കുമായി പലരും വിദേശത്തുനിന്ന് വരുന്നുണ്ട്. നല്ല ഇടങ്ങളിൽ അവരെ കൊണ്ടു പോകാനുള്ള ഇടപെടലാണ് ഇപ്പോൾ നടക്കുന്നത്.

Read Also: ‘ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്; പ്രതിയുടെ ഭാഗവും അന്വേഷിക്കണം’; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

സ്ത്രീ സംരംഭകർക്ക് ഏറ്റവും സാധ്യതയുള്ള ഒന്നാണ് മെഡിക്കൽ ടൂറിസം. കേരളത്തിലെ നേഴ്സിംഗ് കെയർ, മോഡേൺ മെഡിസിൻ രംഗത്തെ നേട്ടങ്ങൾ, ആയുർവേദ ചികിത്സ തുടങ്ങിയവയുടെ ടൂറിസം സാധ്യതകൾ നമ്മൾ ഉപയോഗിക്കേണ്ടതുണ്ട്. ലോകത്ത് നിങ്ങൾ എവിടെ പോയാലും ഏറ്റവും നല്ല നേഴ്സുമാർ മലയാളികളാണ്. വിദേശ രാജ്യങ്ങളിലെ ആശുപത്രികളിൽ മലയാളി നേഴ്സുമാരുടെ പരിചരണത്തിന്റെ ഭാഗമായി അവർ കേരളത്തെ പറ്റി ചോദിച്ച് മനസ്സിലാക്കിയിട്ടുണ്ട്. ഇതൊരു ടൂറിസം സാധ്യതയാണ്. ആധുനിക വൈദ്യശാസ്ത്രവും ആയുർവേദത്തിലെ വൈദഗ്ദ്ധ്യവും ചേർന്നുള്ള ചികിത്സയ്ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആഗോള സെലിബ്രിറ്റികളടക്കം കേരളത്തിൽ എത്തുന്നുണ്ട്. മെഡിക്കൽ ടൂറിസത്തിന്റെ സാധ്യതകൾ കേരളത്തിൽ പൂർണ്ണ ഫലപ്രാപ്തിയിൽ എത്തുമ്പോൾ സ്ത്രീ സംരംഭക സമൂഹത്തിന് എങ്ങനെ ഇടപെടാൻ കഴിയും എന്ന നിലയിലേക്ക് നമ്മുടെ ചർച്ചകൾ വികസിക്കണം. അത്തരം ചർച്ചകൾ നിങ്ങൾ തുടർന്നും നടത്തേണ്ടതുണ്ട്. എല്ലാ പിന്തുണയും ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന ഉറപ്പും ടൂറിസം മന്ത്രി നൽകി.

സ്ത്രീകൾക്ക് ഇനി സംരംഭങ്ങൾ ധൈര്യമായി തുടങ്ങാം; പ്രൊജക്‌ട് കൺസൾട്ടൻസി പിന്തുണ ഉറപ്പാക്കാൻ കെ.എസ്.ഡബ്ല്യു.ഡി.സി

വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും അവരെ വിജയത്തിലേക്ക് എത്തിക്കുന്നതിനുമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (കെഎസ്ഡബ്ല്യുഡിസി) പ്രോജക്ട് കൺസൾട്ടൻസി രൂപീകരിക്കുന്നു. സ്ത്രീ സംരംഭകർക്ക് സർക്കാർ ശക്തമായ പിന്തുണ നൽകുന്നുണ്ട്. കുറഞ്ഞ തോതിലാണെങ്കിലും സ്ത്രീകൾ സംരംഭകത്വത്തിലേക്ക് കടന്നുവരുന്നു. എന്നാൽ സംരംഭങ്ങളുമായി മുന്നോട്ട് പോകുന്നതിൽ സ്ത്രീകൾ നിരവധി പ്രയാസം അനുഭവിക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് പരിഹരിക്കുന്നതിനും തുടർച്ചയായ പിന്തുണ നൽകുന്നതിനുമാണ് കെ.എസ്.ഡബ്ല്യു.ഡി.സി ലക്ഷ്യമിടുന്നത്.

Read Also: ആശാ വർക്കേഴ്സ് സമരത്തെ നേരിടാൻ സർക്കാർ; ഹെൽത്ത് വോളണ്ടിയേഴ്സിനെ നിയമിക്കാൻ നീക്കം

സംസ്ഥാനത്തെ വിദ്യാസമ്പന്നരും അതേസമയം തൊഴിലില്ലാത്തവരുമാ സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്. ജോലിയുള്ള സ്ത്രീകളാകട്ടെ തങ്ങളുടെ വരുമാനത്തിൻ്റെ 90 ശതമാനവും കുടുംബത്തിനും സമൂഹത്തിനുമായി വീണ്ടും ചെലവഴിക്കുന്നു. വിപണിയിൽ പുരുഷ മേധാവിത്തം ശക്തമായതിനാൽ സംരംഭകത്വത്തിലേക്ക് കടന്നുവരാൻ സ്ത്രീകൾ സ്വതവേ മടി കാണിക്കുന്നു. കുടുംബ താത്പര്യങ്ങളും അസം‌സ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മൂലധനമില്ലാത്തതും പരിശീലനത്തിൻ്റെ അഭാവവും പുരുഷന്മാരുടെ സ്ഥാപനങ്ങളിൽ നിന്നുള്ള കടുത്ത മത്സരവും സ്ത്രീകളെ സംരംഭകത്വത്തിൽ നിന്ന് അകറ്റി നിർത്തുന്ന ഘടകങ്ങളാണ്. ഇവയെല്ലാം മറികടന്ന് സ്ത്രീകളെ സംരംഭകത്വത്തിലേക്ക് കൈപിടിച്ച് ഉയർത്തി സാമ്പത്തിക മേഖലയുടെ ശാക്തീകരണത്തിൽ പങ്കാളികളാക്കുകയാണ് കെ.എസ്.ഡബ്ല്യു.ഡി.സി. ഉന്നമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ബിന്ദു വി.സി പറഞ്ഞു.

തുടങ്ങുന്ന സംരംഭത്തിൻ്റെ വിപണി സാധ്യത, കുറഞ്ഞ പലിശ നിരക്കിൽ വായ്പാ സഹായം, തദ്ദേശ സ്ഥാപനങ്ങളിൽ നിന്നടക്കം ലഭിക്കേണ്ട അനുമതി പത്രങ്ങൾ, നിയമപരമായ മറ്റ് മാനദണ്ഡങ്ങളുടെ പാലിക്കൽ, ഫണ്ടിങ് ഏജൻസിയെ സമീപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയിൽ സമഗ്രമായ നിർദ്ദേശങ്ങൾ നൽകി സ്ത്രീ സംരംഭകർക്ക് ദിശാബോധം നൽകാൻ ഈ പ്രോജക്ട് കൺസൾട്ടൻസി വഴി സാധിക്കും. ഉൽപ്പന്നത്തിൻ്റെ മാർക്കറ്റിങ് സാധ്യത, നികുതിയെ കുറിച്ചും, അക്കൗണ്ട്സ് കൃത്യമായി സൂക്ഷിക്കുന്നതിനെ കുറിച്ചുള്ള അറിവ് നൽകുന്നതിലും പ്രൊജക്ട് കൺസൾട്ടൻസിക്ക് നിർണായക പങ്ക് വഹിക്കാനാവും. ഇതിലൂടെ സ്ത്രീ സംരംഭകർക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും വിജയം കൈവരിക്കാനും കരുത്തേകും.

കുടുംബശ്രീ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെ വിവിധ ഏജൻസികളെയും വിദഗ്ദ്ധരെയും ഇതിനായി കെ.എസ്.ഡബ്ല്യു.ഡി.സി സംസ്ഥാന തലത്തിൽ എംപാനൽ ചെയ്യും. ഉൽപ്പന്നത്തിൻ്റെ വിപണി സാധ്യത മുതൽ ബ്രാൻ്റിങിലും മാർക്കറ്റിങിലും വരെ സംരംഭകർക്ക് സഹായം ലഭ്യമാക്കും. ഇതിനായി ബിസിനസ് ഇൻകുബേഷൻ ഹബ്, പ്രൊജക്ട് ഡെവലപ്മെൻ്റ്, ഓൺലൈൻ മാർക്കറ്റിങ്, ഇന്നവേഷൻ ക്ലാസ്‌റൂം, കരിയർ കൺസൾട്ടൻസി സർവീസ്, റിസർച്ച് വിങ് എന്നിവ പ്രൊജക്ട് കൺസൾട്ടൻസിയുടെ ഭാഗമായുണ്ടാകും. സംരംഭകത്വ വികസന സമിതി (EDC), നൈപുണ്യ വികസന ഇടപെടൽ പരിപാടി (SEIP), മെൻ്ററിങിനുള്ള സമഗ്ര സമീപനം (AHAM) എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചാണ് പ്രൊജക്ട് കൺസൾട്ടൻസി സംരംഭകർക്ക് സഹായം നൽകുന്നത്.

Read Also: നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്ന അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി തിങ്കളാഴ്ച

ആദ്യ വർഷം 100 സ്ത്രീ സംരംഭകർക്ക് ആവശ്യമായ സഹായം ലഭ്യമാക്കാനാണ് കെ.എസ്.ഡബ്ല്യു.ഡി.സി. തീരുമാനിച്ചിരിക്കുന്നതെന്നും ബിന്ദു സി.വി പറഞ്ഞു. ഇവർക്ക് പ്രൊജക്ട് ഫീസിബിലിറ്റി പഠനത്തിലൂടെ സഹായം നൽകും. രാജ്യമാകെയുള്ള സ്ത്രീ സംരംഭകരെ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന തലത്തിൽ ഉപദേശക സമിതി രൂപീകരിക്കും. സമൂഹ മാധ്യമങ്ങളും പ്രത്യേക ഇവൻ്റുകളിലൂടെയും സ്ത്രീ സംരംഭകരെ തമ്മിൽ ബന്ധിപ്പിക്കും. ദേശീയ തലത്തിൽ തന്നെ സ്ത്രീ സംരംഭകരുടെ വിജയകഥകൾ നവസംരംഭകരിലേക്ക് എത്തിക്കുന്നതിനൊപ്പം പ്രദർശന മേളകൾ സംഘടിപ്പിച്ച് ഉൽപ്പന്നങ്ങൾ വിദേശ വിപണികളിൽ അവതരിപ്പിക്കാൻ അവസരം ഒരുക്കുമെന്നും ബിന്ദു വി.സി പറഞ്ഞു.

Story Highlights : Tourism Department will collaborate with KSWDC to encourage women entrepreneurship in the tourism sector, says minister Riyas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top