ഐടിബി ബര്‍ലിനില്‍ കേരള ടൂറിസത്തിന് രണ്ട് അന്താരാഷ്ട്ര അംഗീകാരങ്ങള്‍

ഐടിബി ബര്‍ലിനില്‍ നടന്ന ഗോള്‍ഡന്‍ സിറ്റി ഗേറ്റ് അവാര്‍ഡ് 2025 ല്‍ കേരള ടൂറിസത്തിന് ആഗോള അംഗീകാരം. ‘കം ടുഗെദര്‍ ഇന്‍ കേരള’ എന്ന മാര്‍ക്കറ്റിംഗ് ക്യാമ്പെയ്ന്‍ അന്താരാഷ്ട്ര ക്യാമ്പെയ്ന്‍ വിഭാഗത്തില്‍ സില്‍വര്‍ സ്റ്റാര്‍ പുരസ്‌കാരം കരസ്ഥമാക്കി. ‘ശുഭമാംഗല്യം-വെഡ്ഡിംഗ്‌സ് ഇന്‍ കേരള’ എന്ന വീഡിയോ ഗാനം ഇന്റര്‍നാഷണല്‍ വിഭാഗത്തില്‍ എക്‌സലന്റ് അവാര്‍ഡ് നേടി.
ബര്‍ലിനില്‍ നടന്ന ചടങ്ങില്‍ ഗോള്‍ഡന്‍ സിറ്റി ഗേറ്റ് അവാര്‍ഡ് ജൂറി പ്രസിഡന്റ് വോള്‍ഫ്ഗാങ് ജോ ഹഷെര്‍ട്ടില്‍ നിന്നും ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിഷ്ണുരാജ് പി പുരസ്‌കാരം ഏറ്റുവാങ്ങി.
നഗരജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി കേരളത്തിന്റെ പ്രശാന്ത സുന്ദരമായ പ്രകൃതി ആസ്വദിക്കുന്നതിന് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതാണ് ‘കം ടുഗെദര്‍ ഇന്‍ കേരള’ എന്ന ക്യാമ്പെയ്ന്‍. പ്രിന്റ്, ഡിജിറ്റല്‍, റേഡിയോ, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സംയുക്തമായി ഉപയോഗിച്ച് നടത്തിയ പ്രചരണം കുടുംബസമേതം യാത്ര ചെയ്യുന്നതിനുള്ള ഇഷ്ടകേന്ദ്രമായി കേരളത്തെ ഉയര്‍ത്തിക്കാട്ടുന്നതിന് സാധിച്ചു.
‘യേ ദൂരിയന്‍’ , ‘സാത്ത് സാത്ത്’ തുടങ്ങിയ ഹൃദയസ്പര്‍ശിയായ വീഡിയോകളും കേരളത്തിന്റെ വൈവിധ്യവും തനിമയും പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളും വിനോദസഞ്ചാരികള്‍ ഏറ്റെടുത്തതോടെ 2023 ല്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കേരളത്തിന് സര്‍വകാല റെക്കോര്‍ഡ് സ്വന്തമാക്കാനായി.
അന്താരാഷ്ട്ര നിരവാരത്തിലുള്ള മാര്‍ക്കറ്റിംഗ് ക്യാമ്പെയ്‌നുകള്‍ തുടര്‍ച്ചയായി നടത്തുന്ന കേരള ടൂറിസത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച ബഹുമതിയാണ് പ്രശസ്തമായ ഈ പുരസ്‌കാരങ്ങളെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. ‘കം ടുഗെദര്‍ ഇന്‍ കേരള’ എന്ന ക്യാമ്പെയ്ന്‍ കേരളത്തിലേയ്ക്ക് വന്‍തോതില്‍ വിനോദസഞ്ചാരികളെ എത്തിക്കുന്നതിന് സഹായിച്ചു.
‘ശുഭമാംഗല്യം-വെഡ്ഡിംഗ്‌സ് ഇന്‍ കേരള’ എന്ന വീഡിയോ കേരളത്തിന്റെ മനോഹാരിത ലോകമെമ്പാടും പ്രദര്‍ശിപ്പിക്കുന്നതിനും കേരളത്തെ മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷനാക്കി അവതരിപ്പിക്കുന്നതിനും ഏറെ പ്രയോജനപ്രദമായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ലോകത്തെ ഏറ്റവും ആകര്‍ഷകമായ വെഡ്ഡിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നെന്ന നിലയില്‍ ശ്രദ്ധ നേടിയിട്ടുള്ള കേരളത്തിന്റെ മനോഹാരിത വെളിവാക്കുന്നതാണ് ‘ശുഭമാംഗല്യം-വെഡ്ഡിംഗ്‌സ് ഇന്‍ കേരള’ എന്ന വീഡിയോ ഗാനം. മലയാളികളല്ലാത്ത ദമ്പതികള്‍ കേരളത്തില്‍ വിവാഹം ആഘോഷിക്കുന്നതാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം ഇംഗ്ലീഷ്, ഹിന്ദി, മലയാളം വരികള്‍ ഇടകലര്‍ത്തിയാണ് ഒരുക്കിയിട്ടുള്ളത്.
ആലപ്പുഴയിലെ കായല്‍, വാഗമണ്‍, മാരാരി ബിച്ച് എന്നവിടങ്ങളില്‍ ചിത്രീകരിച്ച വീഡിയോ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വന്‍ ജനപ്രീതി നേടിയിരുന്നു. ട്രാവല്‍ പ്ലസ് ലിഷര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാഗസിന്‍ മികച്ച വിവാഹ ഡെസ്റ്റിനേഷന്‍ ആയി കേരളത്തെ തെരഞ്ഞെടുത്തിരുന്നു.
Story Highlights : Kerala Tourism gets two international recognitions at ITB Berlin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here