Advertisement

അവഗണിക്കപ്പെടുന്നു, നിറയെ വെല്ലുവിളികൾ; കായികാധ്യാപകർ കൊഴിയുന്നു, കായിക കേരളം കിതയ്ക്കുന്നു

March 1, 2025
Google News 1 minute Read

“ഹൈസ്കൂളിലാണ് നിയമനം. 36 വർഷമായി കിട്ടുന്നത് യു.പി.സ്കൂൾ അധ്യാപകൻ്റെ ശമ്പളം. ഈ വർഷം വിരമിക്കുകയാണ്. 2013 -14 ൽ സംസ്ഥാന അവാർഡ്‌ കിട്ടി. പിന്നെ കുറേ കായിക താരങ്ങളെ വളർത്തിയെന്ന് ആശ്വസിക്കാം. ആ സന്തോഷത്തോടെ പടിയിറങ്ങുന്നു” പൂഞ്ഞാർ എസ്.എം.വി.ഹൈസ്കൂളിൽ കായികാധ്യാപകനായ ജോസിറ്റ് ജോണിൻ്റെ വാക്കുകൾ.

കോട്ടയത്ത് സ്വകാര്യ, സർക്കാർ സ്കൂളുകളിലെ കായികാധ്യാപക സംഘടനകളുടെ സംയുക്ത സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന കായിക വിദ്യാഭ്യാസ സെമിനാറിൻ്റെ ചർച്ചാ വിഷയം “കായിക വിദ്യാഭ്യാസം വെല്ലുവിളികളും അവസരങ്ങളും” എന്നതായിരുന്നു. ചടങ്ങിൽ മോഡറേറ്റർ ആയിരുന്ന ഈ ലേഖകനും കായികാധ്യാപകർക്ക് കേരളത്തിൽ അവസരങ്ങൾ അല്ല വെല്ലുവിളികളാണ് കൂടുതൽ എന്ന പൊതുവികാരം ഉൾക്കൊള്ളുന്നു.അതുകൊണ്ടു തന്നെ ത്രിദിന സംസ്ഥാന സമ്മേളനത്തിലെ “കൊഴിയുന്നു കായികാധ്യാപകർ, തളരുന്നു കായിക കേരളം” എന്ന മുദ്രാവാക്യം കൂടുതൽ പ്രസക്തമായി തോന്നി.

1959 ലെ കെ.ഇ. ആറും വച്ച് കേരളത്തിലെ സ്കൂൾ കായികരംഗം ഒരു ഇഞ്ച് മുന്നോട്ടു പോകില്ല. സംസ്ഥാന സ്കൂൾ കായികമേള ഒളിംപിക്‌സ് മോഡൽ ആക്കുമ്പോഴും കായികാധ്യാപകർ അവഗണിക്കപ്പെടുന്നു. ഒ.എം. നമ്പ്യാർ ആണ് പി.ടി.ഉഷയെ ലോകോത്തര അത്‌ലറ്റായി വളർത്തിയത്. പക്ഷേ, ഉഷയിൽ ഒരു ഓട്ടക്കാരിയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് തൃക്കോട്ടൂർ യു.പി. സ്‌ക്കൂൾ കായികാധ്യാപകൻ ബാലകൃഷ്ണൻ നായരാണ്. ഇത്തരം കായികാധ്യാപകർ ആണ് സ്‌കൂൾ തലത്തിൽ ഓരോ വിദ്യാർത്ഥിയിലുമുള്ള കായിക പ്രതിഭ തിരിച്ചറിയുന്നതെന്ന അടിസ്ഥാന തത്വം വിസ്മരിക്കപ്പെടുന്നു.

2013 ൽ സംസ്ഥാനത്തെ സ്‌കൂൾ കുട്ടികളിൽ 85 ശതമാനത്തിനും കായികക്ഷമത കുറവാണെന്നു കണ്ടെത്തി. ഇതിന്റെ തുടർച്ചയായി “ആരോഗ്യ കായിക വിദ്യാഭ്യാസം” 2015 മുതൽ പഠനവിഷയമാക്കി. പക്ഷേ, കായികാധ്യാപകർ ഇന്നും സ്‌പെഷൽ ടീർച്ചമാർ മാത്രം. യു.പി.യിൽ 500 കുട്ടികൾക്ക് ഒരു കായികാധ്യാപകൻ, ഹൈസ്‌ക്കൂളിൽ, എട്ട്, ഒൻപത് ക്ലാസുകളിൽ അഞ്ച് ഡിവിഷനുകൾക്ക് ഒരു കായികാധ്യാപകൻ. എൽപിയിലും ഹയർ സെക്കൻഡറിയിലും വൊക്കേഷനൽ ഹയർ സെക്കൻഡറിയിലും കായികാധ്യാപകർ ഇല്ല. ഹൈസ്‌കൂളിൽ പഠിപ്പിച്ചാലും ശമ്പളം യു.പി.അധ്യാപകന്റേത്. അനുപാതത്തിൽ ഒരു വിദ്യാർത്ഥിയോ ഒരു ഡിവിഷനോ കുറഞ്ഞാൽ കായികാധ്യാപകൻ പുറത്ത്. അതുതന്നെയാണ് സംസ്ഥാന സമ്മേളനത്തിനെത്തിയ 300 ൽ അധികം കായികാധ്യാപകരിൽ നല്ലൊരു വിഭാഗത്തിന്റെയും മുഖത്ത് നിഴലിച്ച ആശങ്ക.

നാളെ ജോലി കാണുമോയെന്ന ആശങ്ക പല യുവ അധ്യാപകരുടെയും മുഖത്ത് പ്രകടമായിരുന്നു. ബി.പി.എഡും എം.പി.എഡും പാസായവർ, ഡോക്ടറേറ്റ് ഉള്ളവർ അവരൊക്കെ ജോലി കിട്ടുമോ, കിട്ടിയാൽ സ്ഥിരപ്പെടുമോ എന്ന ആശങ്ക പങ്കുവയ്ക്കുമ്പോൾ കേഴുക കായിക കേരളമേ എന്ന് അറിയാതെ പറഞ്ഞു പോകുന്നു. സ്‌കൂളുകളിൽ കായികാധ്യാപകന് മുന്നോട്ടു വളർച്ചയില്ല. ഹെഡ്മാസ്റ്റർ തസ്തിക അവർക്ക് അപ്രാപ്യമാണ്. മറിച്ച് കോളേജുകളിലെ കായികാധ്യാപകർക്ക് പ്രിൻസിപ്പൽ ആകാമെന്ന് 2023 ഡിസംബറിൽ സർക്കാർ ഉത്തരവ് ഇറങ്ങി. ഇത് യു.ജി.സി. മാനദണ്ഡങ്ങൾ പിന്തുടർന്നായിരുന്നു.

മറ്റു വിഷയങ്ങളുടെ തസ്തിക നിർണ്ണയത്തിൽ കാലോചിതമായ മാറ്റങ്ങൾ കെ.ഇ.ആറിൽ വരുത്തിയെങ്കിലും കായികാധ്യാപകരുടെ തസ്തിക നിർണ്ണയത്തിൽ ഭേദഗതി ഉണ്ടായിട്ടില്ല. ഒരുപതിറ്റാണ്ടു മുമ്പ് കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിൽ പതിനായിരത്തോളം കായികാധ്യാപകർ ഉണ്ടായിരുന്നു. 2017 ൽ ഇത് ഏതാണ്ട് 2000 ആയി. ഇപ്പോൾ 1400 ൽ താഴെയായി. ആരോഗ്യ കായിക വിദ്യാഭ്യാസം സ്‌കൂളുകളിൽ ശാസ്ത്രീയമായി നടപ്പിലാക്കുന്നതിന് ആവശ്യമായ കായികാധ്യാപക നിയമനങ്ങൾക്ക് പ്രതിവർഷം 100 കോടി രൂപയിൽ താഴെ വകയിരുത്തിയാൽ മതിയെന്ന് കായികാധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

സ്കൂൾ കുട്ടികൾ സ്പോർട്സിൽ സജീവമായാൽ മയക്കുമരുന്നിൽ നിന്നും കുറ്റവാസനകളിൽ നിന്നും രക്ഷപ്പെടും എന്നാണ് പൊതുവേ ഉയർന്ന അഭിപ്രായം. അതു കേട്ടപ്പോൾ ഓർമകൾ പിന്നോട്ടു പോയി. കോട്ടയത്ത് പണ്ട് സി.പി.എം. നേതാവ് മാണി ഏബ്രഹാം മുനിസിപ്പൽ ചെയർമാനായിരുന്നപ്പോൾ ഓണക്കാലത്ത് തിരുനക്കര മൈതാനത്ത് ഒരാഴ്ച നീണ്ട നാടൻ കളികൾ സംഘടിപ്പിച്ചു. എട്ടുകളി, പകിടകളി തുടങ്ങി പലതും. ആ ഒരാഴ്ച കോട്ടയത്ത് അടിപിടിയോ കത്തിക്കുത്തോ ഉണ്ടായില്ല. കാരണം അടിപിടി സംഘങ്ങളൊക്കെ മൈതാനത്ത് വിവിധ കളികളിൽ വാശിയോടെ പങ്കെടുത്തു.

കോട്ടയം മെഡിക്കൽ കോളേജ് കായിക വകുപ്പ് മേധാവി ഡോ.അഗസ്റ്റിൻ ജോർജ് പ്രബന്ധം അവതരിപ്പിച്ചു. ജോസിറ്റ് ജോൺ അധ്യക്ഷത വഹിച്ചു. ഈ ലേഖകൻ മോഡറേറ്റർ ആയിരുന്നു. പ്രഫ.തങ്കച്ചൻ മാത്യു പ്രസംഗിച്ചു. അവാർഡ് ജേതാക്കളായ കായികാധ്യാപകരെയും വിരമിക്കുന്നവരെയും ആദരിച്ചു. പൊതു സമ്മേളനം ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്തു. പി.എ. അബ്ദുൾ ഗഫൂർ അധ്യക്ഷ വഹിച്ചു. കോട്ടയം മുൻസിപ്പൽ വൈസ് ചെയർമാൻ ബി.ഗോപകുമാർ പ്രസംഗിച്ചു.

Story Highlights : Kerala School physical teachers in crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here