കോൺഗ്രസ് നേത്യത്വത്തിന്റെ താക്കീത്; രോഹിത് ശർമ്മയ്‌ക്കെതിരായ വിവാദ പോസ്റ്റ് പിൻവലിച്ച് ഷമ മുഹമ്മദ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ രൂക്ഷമായി വിമര്‍ശിക്കുന്ന എക്സ് പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്. കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടതിന് പിന്നാലെയാണ് കുറിപ്പ് പിൻവലിച്ചത്. ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് ഷമയ്ക്ക് പാർട്ടി താക്കീത് നൽകി. പരാമർശം പാർട്ടിയുടെ നിലപാട് അല്ലെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം പവൻ ഖേര വ്യക്തമാക്കി.
ഇന്നലെ നടന്ന ഇന്ത്യ– ന്യൂസിലന്‍ഡ് ചാമ്പ്യൻസ് ട്രോഫി മത്സരത്തിന് പിന്നാലെയാണ് രോഹിത് ശർമ്മ തടിയനെന്നും കായികതാരത്തിന് ചേർന്ന ശരീരപ്രകൃതിയല്ല, ഭാരം കുറയ്ക്കേണ്ടതുണ്ട് എന്നുമാണ് ഷമ എക്സില്‍ കുറിച്ചത്.
Read Also: ‘രോഹിത് ശർമ തടിയൻ: ഇന്ത്യ കണ്ട മോശം ക്യാപ്റ്റൻ’; വിവാദ പരാമർശവുമായി ഷമ മുഹമ്മദ്
ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റനാണ് രോഹിത് എന്നുമായിരുന്നു ഷമയുടെ പോസ്റ്റ്. ഗാംഗുലി, തെണ്ടുൽക്കർ, ദ്രാവിഡ്, ധോണി, വിരാട് കോഹ്ലി, കപിൽ ദേവ്, ശാസ്ത്രി തുടങ്ങിയ മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ രോഹിത്തിന് എന്ത് ലോകോത്തര നിലവാരമാണ് ഉള്ളതെന്നും അദ്ദേഹം ഒരു ശരാശരി ക്യാപ്റ്റനാണ്, ഇന്ത്യയുടെ ക്യാപ്റ്റനാകാൻ ഭാഗ്യം ലഭിച്ച ഒരു ശരാശരി കളിക്കാരന്‍ മാത്രമാണ് രോഹിത്തെന്നും ഷമ കുറിച്ചു.
അതേസമയം, പരാമര്‍ശത്തില്‍ വിമര്‍ശനവുമായി രാഷ്ട്രീയ പാര്‍ട്ടികളുമെത്തി. രാഹുല്‍ ഗാന്ധിക്ക് കീഴില്‍ 90 തെരഞ്ഞെടുപ്പുകളില്‍ തോറ്റ കോണ്‍ഗ്രസാണ് രോഹിത്തിനെ മോശം ക്യാപ്റ്റനെന്ന് വിമര്‍ശിക്കുന്നതെന്ന് ബിജെപി നേതാവ് പ്രതികരിച്ചു. ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യൻമാരാക്കിയ രോഹിത്തിനെ വിമര്‍ശിക്കാന്‍ എന്തവകാശമാണ് കോണ്‍ഗ്രസിനുള്ളതെന്നും ബിജെപി വക്താവ് ചോദിച്ചു. സോഷ്യൽ മീഡിയയിലും ഷമയ്‌ക്കെതിരെ വിമർശനങ്ങൾ ഉയർന്നു.
Story Highlights : Shama Mohammed retracts controversial post against Rohit Sharma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here