Advertisement

കേരളത്തിന് 938.80 കോടി രൂപ നല്‍കി, ആശമാരുടെ വേതനം മുടങ്ങുന്നതിന് കാരണം സംസ്ഥാനസര്‍ക്കാര്‍:കേന്ദ്രം

March 4, 2025
Google News 2 minutes Read
asha workers protest

ആശ വര്‍ക്കര്‍മാരുടെ വേതനം മുടങ്ങുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമെന്ന വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. 938.80 കോടി രൂപ കേന്ദ്ര ആരോഗ്യമന്ത്രാലയം അനുവദിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. അനുവദിച്ച തുകയേക്കാള്‍ കൂടുതലാണിതെന്നും ബജറ്റ് വിഹിതത്തിന് പുറമേ കഴിഞ്ഞ ഫെബ്രുവരിയില്‍ 120 കോടി രൂപ കേരളത്തിന് അധികമായി നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ആശാ വര്‍ക്കര്‍മാര്‍ സമരം ശക്തമാക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ തരാനുള്ള തുകയെച്ചൊല്ലി സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശനം കടുപ്പിച്ചതിന് പിന്നാലെയാണ് തിരിച്ചടിച്ച് കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയിരിക്കുന്നത്. (central government against state in asha worker’s salary)

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. കേരളത്തിനോട് ഒരു തരത്തിലും അവഗണന കാണിച്ചിട്ടില്ലെന്നും അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ തുക നല്‍കുകയാണ് ചെയ്തതെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വാദം. സംസ്ഥാനത്തെ ആശമാരുടെ വേതനപ്രശ്‌നത്തിന് കാരണം കേന്ദ്രസര്‍ക്കാരാണെന്നും അവര്‍ക്കൊപ്പം ഡല്‍ഹിയില്‍ സമരത്തിന് താനും എത്താമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവര്‍ത്തിച്ച് പറഞ്ഞതിന് പിന്നാലെയാണ് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

Read Also: ‘സിനിമയുടെ പ്രൊമോഷനിൽ നിന്നും വിട്ടുനിന്നെന്ന പ്രസ്താവന അടിസ്ഥാന രഹിതം’; ദീപു കരുണാകരനെതിരെ നടി അനശ്വര രാജൻ

കേരളത്തിന് കിട്ടേണ്ട ഒരു രൂപപോലും കേന്ദ്രം തടഞ്ഞുവച്ചിട്ടില്ലെന്ന് ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വിശദീകരിച്ചിരുന്നു. പിണറായി വിജയനും വീണാ ജോര്‍ജും എല്ലാം കേന്ദ്രത്തിന്റെ തലയിലിട്ട് രക്ഷപ്പെടാന്‍ നോക്കേണ്ട. വ്യാജപ്രചരണത്തിലൂടെ സമരം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.കേന്ദ്രം കൊടുക്കുന്ന പണമല്ലാതെ എന്ത് പണമാണ് സംസ്ഥാനം ആരോഗ്യമേഖലയ്ക്ക് നീക്കിവെച്ചത്? എന്‍എച്ച്എം കൊടുക്കുന്ന ഫണ്ടല്ലാതെ എന്താണ് സംസ്ഥാനത്തിന്റെ നീക്കിയിരിപ്പ്? ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റില്‍ 16% തുകയാണ് കേരളത്തിന് അധികമായി അനുവദിച്ചത്. തൊഴിലുറപ്പ് പദ്ധതിയുടെ കാര്യം പോലെ ആശാവര്‍ക്കര്‍മാരുടെ കാര്യത്തിലും സിപിഐഎം കളളപ്രചരണമാണ് നടത്തുന്നത്. കേന്ദ്രത്തിന് കണക്ക് കൃത്യമായി കൊടുക്കാതെ കേന്ദ്ര അവഗണനയെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

Story Highlights : central government against state in asha worker’s salary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here