‘ജനങ്ങൾക്ക് ആശ്വാസമേകിയവരാണ് ആശാവർക്കർമാർ, കേരളം ഒറ്റക്കെട്ടായി കെട്ടിപ്പിടിച്ച് മുത്തം കൊടുക്കണം’: കെ സുരേന്ദ്രൻ

- പിണറായി വിജയനും വീണാ ജോർജും എല്ലാം കേന്ദ്രത്തിൻ്റെ തലയിലിട്ട് രക്ഷപ്പെടാൻ നോക്കേണ്ട
കൊവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകിയവരാണ് ആശാവർക്കർമാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം ഒറ്റക്കെട്ടായി കെട്ടിപ്പിടിച്ച് അവർക്ക് മുത്തം കൊടുക്കണം. ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. (K Surendran Support over asha workers)
ജനങ്ങൾ ആശാവർക്കർമാർക്കൊപ്പമാണ്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. സഹിഷ്ണുതയില്ലാതെയാണ് സർക്കാർ ആശാവർക്കർമാരോട് പെരുമാറുന്നത്. അത് വകവെച്ചു തരാൻ ബിജെപി ഒരുക്കമല്ല.
ഒരു രൂപ കേരളത്തിന് കിട്ടേണ്ടത് കേന്ദ്രം തടഞ്ഞ് വെച്ചിട്ടില്ല. പിണറായി വിജയനും വീണാ ജോർജും എല്ലാം കേന്ദ്രത്തിൻ്റെ തലയിലിട്ട് രക്ഷപ്പെടാൻ നോക്കേണ്ട. വ്യാജപ്രചരണത്തിലൂടെ സമരം അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രം കൊടുക്കുന്ന പണമല്ലാതെ എന്ത് പണമാണ് സംസ്ഥാനം ആരോഗ്യമേഖലയ്ക്ക് നീക്കിവെച്ചത്? എൻഎച്ച്എം കൊടുക്കുന്ന ഫണ്ടല്ലാതെ എന്താണ് സംസ്ഥാനത്തിൻ്റെ നീക്കിയിരിപ്പ്? ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിൽ 16% തുകയാണ് കേരളത്തിന് അധികമായി അനുവദിച്ചത്.
തൊഴിലുറപ്പ് പദ്ധതിയുടെ കാര്യം പോലെ ആശാവർക്കർമാരുടെ കാര്യത്തിലും സിപിഐഎം കളളപ്രചരണമാണ് നടത്തുന്നത്. കേന്ദ്രത്തിന് കണക്ക് കൃത്യമായി കൊടുക്കാതെ കേന്ദ്ര അവഗണനയെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് സംസ്ഥാന സർക്കാരെന്നും സുരേന്ദ്രൻ വിമർശിച്ചു.
Story Highlights : K Surendran Support over asha workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here