Advertisement

മാർക്കോ OTTയിൽ നിന്നും പിൻവലിക്കാൻ സെൻസർ ബോർഡ് നിർദ്ദേശം, ടിവി ചാനലുകളിലും വിലക്ക്

March 5, 2025
2 minutes Read
marco

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ഒ ടി ടി പ്ലാറ്റ്ഫോമുകളി‍ൽ നിന്ന് പിൻവലിക്കാൻ സെൻട്രൻ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ നിർദ്ദേശം. ടി വിചാനലുകളിൽ പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്.

മാർക്കോ സിനിമയിലെ വയലൻസ് ദൃശ്യങ്ങൾ കുട്ടികളിൽ അക്രമവാസന വർധിപ്പിക്കുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് നീക്കമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ കേരള റീജിയണൽ മേധാവി നദീം തുഹൈൽ ട്വന്റിഫോർ ന്യൂസ്.കോമിനോട് പറഞ്ഞു.

ഒ ടി ടിയിൽ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തുനൽകിയതായും സെൻസർബോർഡ് അധികൃതർ വ്യക്തമാക്കി.

എ സർട്ടിഫിക്കറ്റ് നൽകിയതിനാലാണ് സെൻസർ ബോർഡിന്റെ നടപടി. സിനിമയിലെ രംഗങ്ങൾ പൂർണമായും മുറിച്ചുമാറ്റിയുള്ള സെൻസറിങ് നിലവിലില്ലാത്തതിന്റെ അടിസ്ഥാനത്തിൽ ഇല്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ വിവിധ കാറ്റഗറിയായി തരംതിരിച്ച സർട്ടിഫിക്കറ്റ് നൽകുകയാണ് രീതി.

മാർക്കോപോലുള്ള സിനിമകൾ ഇനി നിർമിക്കില്ലെന്ന പ്രതികരണവുമായി നിർമാതാവും രംഗത്തെത്തിയിരിക്കയാണ്. സിനിമയെ സിനിമയായി കാണും എന്നാണ് കരുതിയിരുന്നതെന്നാണ് നിർമാതാവ് ഷരീഫ് മുഹമ്മദ് പറയുന്നത്. മാർക്കോയ്‌ക്കെതിരെ സെൻസർബോർഡ് നിയമം കർശനമാക്കിയ സാഹചര്യത്തിൽ മാർക്കോയുടെ ഹിന്ദി റീ മെയ്ക്കും പ്രതിസന്ധിയിലാവും.

Read Also: ‘മാര്‍ക്കോ, RDX സിനിമകള്‍ക്കൊക്കെ എങ്ങനെ അനുമതി കൊടുത്തു? സെന്‍സര്‍ ബോര്‍ഡ് ഉറക്കത്തിലാണോ?’ തുറന്നടിച്ച് രഞ്ജിനി

മലയാളത്തിൽ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന നിലയിൽ ഏറെ ആഘോഷിക്കപ്പെട്ട ചിത്രമാണ് മാർക്കോ. ചില കോണുകളിൽ നിന്നും നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും ആരും പരാതിയുമായി രംഗത്തെത്തിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുണ്ടായ വിവിധ അനിഷ്ടസംഭവങ്ങളെതുടർന്ന് നിയമസഭയിൽ വിഷയം ചർച്ചയ്ക്കുവന്നിരുന്നു. ആവേശം സിനിമയിലെ പ്രശസ്ത ഡയലോ​ഗ് ഉദ്ധരിച്ച് മുഖ്യമന്ത്രി മാർക്കോ പോലുള്ള സിനിമകൾക്കെതിരെ നിശിതമായ വിമർശനം ഉന്നയിച്ചിരുന്നു. സെൻസർബോർഡിനെതിരെയും ആരോപണം കടുപ്പിച്ചതോടെയാണ് മാർക്കോ ഒടിടി പ്ലാറ്റ് ഫോമിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്.

വയലൻസ് കൂടുതലുള്ള സിനിമകൾ 18 ന് താഴെപ്രായമുള്ളകുട്ടികൾ കാണാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നാണ് നിയമം. ഇത് നിയന്ത്രിക്കേണ്ടത് മാതാപിതാക്കളാണ്. എ സർട്ടിഫിക്കറ്റ് ചിത്രങ്ങൾ തിയേറ്ററിൽ 18 വയസിന് താഴേയുള്ളവർ കാണ്ടതായി പരാതിയ ഉയർന്നാൽ തീയേറ്ററിൽ നിന്നും പതിനായിരം രൂപ പിഴ ഈടാക്കും എന്നാണ് നിയമം. എന്നാൽ ബുക്ക് മൈഷോ പോലുള്ള ഏജൻസികൾ മുഖേന ടിക്കറ്റ് ബുക്കുചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാൻ തീയേറ്റർകാർക്കും പ്രായോഗികമല്ല.

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു എ സർട്ടിഫിക്കറ്റ് ചിത്രത്തിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നത്. മാർക്കോയുടെ എ സർട്ടിഫിക്കറ്റ് യു / എ സർട്ടിഫിക്കറ്റാക്കാനുള്ള റീ സെൻസർ അപേക്ഷയും ബോർഡ് തള്ളിയിരുന്നു.

ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാളം ആക്ഷൻ ത്രില്ലർ മാർക്കോ ഇപ്പോൾ ഹിന്ദിയിലും OTT പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിൽ തീയറ്ററുകളിൽ എത്തിയ ഈ ചിത്രത്തിന് അതിന്റെ ആഖ്യാനത്തിനും ഉയർന്ന ആക്ഷൻ സീക്വൻസുകൾക്കും വ്യാപകമായ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. തിയേറ്ററിൽ വൻഹിറ്റായിമാറിയ മാർക്കോ ഈ മാസം ആദ്യം മലയാളത്തിൽ ഒടിടിയിൽ റിലീസ് ചെയ്തു. ഹിന്ദി-ഡബ്ബ് ചെയ്ത പതിപ്പ് ഔദ്യോഗികമായി സ്ട്രീമിംഗ് ആരംഭിച്ചതിനു തൊട്ടുപിന്നാലേയാണ് സെൻസർ ബോർഡിന്റെ നടപടി.

ആമസോൺ പ്രൈം വീഡിയോയിലാണ് മാർക്കോയുടെ ഹിന്ദിപതിപ്പ് റിലീസ് ചെയ്തത്. മലയാളം പതിപ്പ് നേരത്തെ സോണിലൈവിലുമായിരുന്നു പ്രദർശനത്തിന് എത്തിയത്. വ്യത്യസ്ത ഭാഷാ പതിപ്പുകൾക്കായി വ്യത്യസ്ത പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്ന ചുരുക്കം ചില പ്രാദേശിക ചിത്രങ്ങളിൽ ഒന്നായി മാർക്കോ ആഘോഷിക്കുന്നതിനിടയിലാണ് നിരോധനം വരുന്നത്.

Story Highlights : Censor Board orders withdrawal of Marco from OTT, ban on TV channels too

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top