ചുവപ്പണിഞ്ഞ് കൊല്ലം; സിപിഐഎം സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു

ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഐഎം സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാലാണ് പതാക ഉയർത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളന വേദിയിലെത്തി. ഇന്ന് രാത്രി ഏഴ് മണിക്ക് സിപിഐഎം സംസ്ഥാന കമ്മിറ്റി കൊല്ലം ജില്ല കമ്മിറ്റി ഓഫീസിൽ ചേരും. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനത്തെ നിയന്ത്രിക്കുന്ന കമ്മിറ്റികളുടെ രൂപീകരണം ചർച്ചചെയ്യും. സംസ്ഥാന സെക്രട്ടറിയേറ്റ് തയാറാക്കിയ നിർദേശം യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടും.
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് സി പി ഐ എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. സംസ്ഥാനത്ത് കണ്ണൂർ കഴിഞ്ഞാൽ സി പി ഐ എമ്മിന് കൂടുതൽ സംഘടന സംവിധാനമുള്ള ജില്ലയാണ് കൊല്ലം. ബ്രാഞ്ച് തലം മുതൽ ജില്ലാതലം വരെയുള്ള സമ്മേളനങ്ങൾ പൂർത്തിയാക്കി, വിഭാഗീയ നീക്കങ്ങൾ മുളയിലെ നുള്ളിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് സി പി ഐ എം കടക്കുന്നത്.
നാളെ പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സി പി ഐ എം കോ ഓർഡിനേറ്റർ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളും വിവിധ ജില്ലകളിൽ നിന്നുമായി 486 പ്രതിനിധികളും 44 നിരീക്ഷകരും അതിഥികളും അടക്കം 530 പേർ സമ്മേളനത്തിന്റെ ഭാഗമാകും.
Story Highlights : CPIM state conference begins in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here