Advertisement

‘സംഘടനാ രംഗത്തുള്ളവര്‍ മദ്യപിക്കരുത്; പാര്‍ട്ടി ബന്ധുക്കളും അനുഭാവികളും മദ്യപിക്കുന്നതില്‍ തടസമില്ല’ ; എം വി ഗോവിന്ദന്‍

March 5, 2025
Google News 2 minutes Read
m v govindan

മദ്യപിക്കുന്നവര്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ തടസമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്നാല്‍ സംഘടനാ രംഗത്തുള്ളവര്‍ മദ്യപിക്കരുതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പാര്‍ട്ടി ബന്ധുക്കള്‍ക്കും അനുഭാവികള്‍ക്കും മദ്യപിക്കുന്നതിന് തടസമില്ല. മദ്യപന്‍മാര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പാര്‍ട്ടി സംഘടനാരംഗത്ത് നില്‍ക്കുന്ന പ്രവര്‍ത്തകരായ സഖാക്കള്‍, പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കരുതെന്നാണ് ഞാന്‍ പറഞ്ഞത്. കൃത്യമായ രാഷ്ട്രീയ ധാരണ അനുസരിച്ച് വിശദീകരിച്ചതാണ് – അദ്ദേഹം പറഞ്ഞു. ലഹരി ഉള്‍പ്പടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് നല്ല രീതിയിലുള്ള ധാരണയോട് കൂടി പാര്‍ട്ടി സഖാക്കള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്ന് അവബോധം രൂപപ്പെടുത്തുക തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സമ്മേളനത്തില്‍ പ്രായപരിധി നിബന്ധന കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 75 വയസ് കഴിഞ്ഞവരെയാണ് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നത്. അതിനിടയില്‍ പെട്ടവരെ സ്വാഭാവികമായും ഇപ്പോള്‍ തീരുമാനിക്കേണ്ട കാര്യമില്ല. അത് സംഘടനാപരമായ തീരുമാനമാണ് – അദ്ദേഹം പറഞ്ഞു.

എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ഈ പ്രതികരണം പാര്‍ട്ടി നേതാക്കള്‍ക്ക് വലിയ ആശ്വാസമാണ് പകരുന്നത്. 75 വയസ്സ് പിന്നിടാന്‍ ഒന്നോ രണ്ടോ മാസങ്ങള്‍ മാത്രം ബാക്കിയുള്ള ഇ പി ജയരാജന്‍, ടിപി രാമകൃഷ്ണന്‍, എന്നിവര്‍ക്ക് ഇളവ് ലഭിക്കുമെന്ന സൂചനയാണ് ഇതിലൂടെ പുറത്തു വരുന്നത്. പ്രായപരിധിയെത്താന്‍ ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ട എ കെ ബാലനും ഇളവ് ലഭിക്കാം.

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് പതാക ഉയരാനിരിക്കേ പ്രായപരിധിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര നേതൃത്വവും രംഗത്തെത്തിയിരുന്നു. സംസ്ഥാന ഘടകങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. സവിശേഷ മികവ് പുലര്‍ത്തുന്നവര്‍ക്ക് പ്രായ പരിധിയില്‍ ഇളവ് നല്‍കാന്‍ പാര്‍ട്ടിയുടെ ഭരണഘടനാപരമായ സംരക്ഷണം വേണമെന്ന് കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്‍ അഭിപ്രായപ്പെട്ടു.

Story Highlights : M V Govindan about alcohol ban for members

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here