‘വികടൻ’ വെബ്സൈറ്റിന്റെ വിലക്ക് നീക്കണം: മദ്രാസ് ഹൈക്കോടതി

തമിഴ് വാരിക വികടന്റെ വെബ്സൈറ്റ് വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വികടന്റെ അപ്പീലിലായിരുന്നു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുള്ള കാർട്ടൂണിന്റെ പേരിലായിരുന്നു വെബ്‌സൈറ്റിനെ വിലക്കിയിരുന്നത്. മോദിയെ പരിഹസിച്ചുള്ള കാർട്ടൂൺ തത്കാലം വാരിക നീക്കണം. കാർട്ടൂൺ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമോ എന്നത് കോടതി വിശദമായി പരിശോധിക്കും അതിൽ തീരുമാനമാകും വരെ ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്നും കാർട്ടൂൺ രാജ്യത്തിന്റെ പരമാധികാരത്തെ ഹനിക്കുന്നതായി തോന്നുന്നില്ലെന്നും കോടതി പരാമർശം. മാർച്ച് 21ന് വീണ്ടും കേസ് പരിഗണിക്കും.
കാർട്ടൂൺ നീക്കിയതിന് ശേഷം വാരിക കേന്ദ്രത്തെ അറിയിക്കണം അതിന് ശേഷം മാത്രമായിരിക്കും വെബ്സൈറ്റ് പുനഃസ്ഥാപിക്കുകയെന്ന് കോടതി വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു വെബ്സൈറ്റിലെ മുഖചിത്രം. ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍, അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ നാടുകടത്തല്‍ ചര്‍ച്ചയാക്കാത്തതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു വിമര്‍ശനം.
പിന്നാലെ കാര്‍ട്ടൂണിനെതിരെ കേന്ദ്രമന്ത്രി എല്‍. മുരുഗന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്‍ കഴിയാതെ വരികയും വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
Story Highlights : Ban on ‘Vikatan’ website should be lifted: Madras High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here