Advertisement

കാലു തല്ലിയൊടിക്കാന്‍ കൊട്ടേഷന്‍ കൊടുത്തു: കാല് കിട്ടിയില്ല, വണ്ടി കത്തിച്ചിട്ടുണ്ടെന്ന് പ്രതി; പക്ഷേ കത്തിച്ച വണ്ടി മാറിപ്പോയി

March 6, 2025
Google News 3 minutes Read
Quotation gang arrested for set fire scooter Chungam

കാലു തല്ലിയൊടിക്കാന്‍ നല്‍കിയ കൊട്ടേഷന്‍ ഏറ്റെടുത്ത് അക്രമികള്‍ ചുങ്കം സ്വദേശിയുടെ വാഹനം കത്തിച്ചത് ആളുമാറി. കാല് തല്ലിയൊടിക്കാനുള്ള കൊട്ടേഷന് പകരമായി അക്രമികള്‍ വാഹനം കത്തിച്ചുവെന്ന് കൊട്ടേഷന്‍ നല്‍കിയയാളെ അറിയിച്ചപ്പോഴാണ് വാഹനം മാറിപ്പോയ കാര്യം വ്യക്തമാകുന്നത്. സംഭവത്തില്‍ കൊട്ടേഷന്‍ നല്‍കിയയാളേയും ഏറ്റെടുത്തവരേയും പൊലീസ് അറസ്റ്റ് ചെയ്തു. ചുങ്കം സ്വദേശിയും ടൂവീലര്‍ വര്‍ക്ക് ഷോപ്പ് ഉടമയുമായ റിധുവിന്റെ കാലു തല്ലി ഒടിക്കാന്‍ കൊട്ടേഷന്‍ കൊടുത്ത ഫറോക്ക് കോളേജ് കരുമകന്‍ കാവിന് സമീപം നടുവിലക്കണ്ടിയില്‍ ലിന്‍സിത്ത് ശ്രീനിവാസനേയും കൊട്ടേഷന്‍ ഏറ്റെടുത്ത സംഘത്തില്‍ പെട്ട കുരിക്കത്തൂര്‍ സ്വദേശി ജിതിന്‍ റൊസാരിയോയേയും ഫറോക്ക് എസിപി എ.എം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്‌ക്വാഡും ഫറോക്ക് പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് ടി എസ് സബ് ഇന്‍സ്‌പെക്ടര്‍ ലതീഷ് , എന്നിവരും ചേര്‍ന്ന് പിടികൂടി. ( Quotation gang arrested for set fire scooter Chungam)

റിധുവിന്റെ കൂട്ടുകാരന്റെ അയല്‍വാസിയായ ലിന്‍സിതിന്റെ അച്ഛനുമായി റിധുവും, കൂട്ടുകാരനും വഴക്കിട്ടത്തിലുള്ള വിരോധം കാരണമാണ് കൊട്ടെഷന്‍ കൊടുത്തതെന്ന് ലിന്‍സിത് പോലീസിന് മൊഴി കൊടുത്തു.കൊട്ടെഷന്‍ ഏറ്റെടുത്ത ജിതിന് എതിരെ നിരവധി അടിപിടി ലഹരി കേസുകള്‍ നിലവിലുണ്ട്. കൊട്ടെഷന്‍ സംഘത്തിലെ മൂന്നാമന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. റിധുവിന്റെ കൂട്ടുകാരനും ലിന്‍സിതും അയല്‍വാസികളാണ്. അവിടെ നടന്ന ഒരു തര്‍ക്കവുമായി ബന്ധപ്പെട്ട് അടിപിടി നടന്നതിന് കഴിഞ്ഞ മാസം ലിന്‍സിതിന്റെ അച്ഛന്റെ പരാതിപ്രകാരം വാഴക്കാട് പോലീസ് സ്റ്റേഷനില്‍ റിധു വിനെതിരെയും ലിന്‍സിത് റിധുവിനെ ഭീഷണിപ്പെടുത്തുകയും കൂട്ടുകാരനെ തല്ലുകയും ചെയ്തതിന് പന്തീരാങ്കാവ് സ്റ്റേഷനില്‍ ലിന്‍സിതിനെതിരെയും കഴിഞ്ഞ വര്‍ഷം കേസ്സ് നിലവിലുണ്ട്.

Read Also: പി രാജുവിന്റെ മരണത്തില്‍ സി പി ഐയെ വെട്ടിലാക്കി പരസ്യവിമര്‍ശനം, കെ ഇ ഇസ്മയിലിനെതിരെ കടുത്ത നീക്കവുമായി പാര്‍ട്ടി

2025 ഫെബ്രവരി മാസം 21 ന് ഫറൂഖ് ചുങ്കത്തെ റിധുവിന്റെ വീടിന് മുന്‍വശം വര്‍ക്ക്‌ഷോപ്പില്‍ റിപ്പയറിങ്ങിന് കൊണ്ടു വന്ന ഇരുചക്ര വാഹനം ആരോ കത്തിച്ചുവെന്ന റിധുവിന്റെ പരാതി പ്രകാരം ഫറൂഖ് പോലീസ് കേസ് എടുത്തിരുന്നു. പ്രദേശത്തെ സിസിടിവികളും മുന്‍ കേസുകളിലെ പ്രതികളുടെ നീക്കങ്ങളും പരിശോധിച്ച അന്വേഷനസംഘം ഇവരിലേക്ക് എത്തിച്ചേരുകയായിരുന്നു. ഏകദേശം 100 ലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പെരുവയല്‍ ഭാഗത്ത് എത്തിയപ്പോഴാണ് പ്രതികളെ പറ്റി വ്യക്തമായ രൂപം കിട്ടിയത്.

തുടര്‍ന്ന് പ്രദേശത്തെ സ്ഥിരം കുറ്റവാളികളെ പറ്റി അന്വേഷിച്ചതിലാ ണ് ജിതിന്‍ റൊസാരിയോയും കൂട്ടാളിയുമാണ് കൃത്യം നടത്തിയതെന്ന് മനസ്സിലായത്. ഇന്ന് ജിതിന്‍ റൊസാരിയോയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതിലാണ് സംഭവത്തിന് പിന്നിലുള്ള ക്വട്ടേഷന്‍ ബന്ധം മനസ്സിലായത്.

ലിന്‍സിത്ത് 30,000 രൂപക്ക് ക്വട്ടേഷന്‍ ഉറപ്പിക്കുകയും അഡ്വാന്‍സ് ആയി 10,000 രൂപ ജിതിന് കൈമാറുക യും ചെയ്തു. എന്നാല്‍ സംഘാഗങ്ങള്‍ പല പ്രാവശ്യം പരാതിക്കാരനെ നോക്കി ചുങ്കത്തും പരിസര പ്രദേശങ്ങളിലും വന്നെങ്കിലും ആളെ കാണാതെ സംഘം മടങ്ങുകയുമായിരുന്നു.പിന്നീട് ആളെ കണ്ടപ്പോള്‍ കാല് ഒടിക്കാന്‍ അവസരം ഒത്തതുമില്ല. അവസാനം ഫെബ്രവരി 21 ന് കൃത്യം നടത്താന്‍ എത്തിയപ്പോള്‍ റിധു സ്ഥലത്തില്ലായിരുന്നു.

അപ്പോഴാണ് വീടുമുറ്റത്ത് റിപ്പയറിങ്ങിനായി നിര്‍ത്തിയിട്ട ഇരുചക്ര വാഹനം കണ്ടത്. കാല് കിട്ടിയില്ല പകരം വണ്ടി കത്തിച്ചാലോ എന്ന് പ്രതികള്‍. പ്രതിഫലം കുറയുമെന്ന് ലിന്‍സിതും. ഒടുവില്‍ വണ്ടി കത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പറഞ്ഞ പ്രതിഫലം ലിന്‍സിത് പാതി വില ഓഫറില്‍ ഒതുക്കി. 30,000 എന്നത് 15000 രൂപയാക്കി.

തീ കത്തുന്നത് ആളുകളുടെ ശ്രദ്ധയില്‍ പെട്ടതിനാല്‍ വീട്ടിലേക്ക് തീ പടരാതെ അണക്കാന്‍ സാധിച്ചു.കത്തിച്ച വണ്ടി മറ്റൊരാള്‍ റിപ്പയറിങ്ങിനു ഏല്‍പ്പിച്ചതായിരുന്നു. എല്ലാം കഴിഞ്ഞ് കത്തിച്ച വണ്ടി മാറിപ്പോയെന്നറിഞ്ഞ കൊട്ടേഷന്‍ കൊടുത്ത ലിന്‍സിത്ത് വീണ്ടും ഓഫര്‍ കുറച്ച് 10,000 ആക്കിയെന്ന് ഒടുവില്‍ പ്രതി ജിതിന്റെ ദീര്‍ഘശ്വാസം.ഫറോക്ക് ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ASI അരുണ്‍കുമാര്‍ മാത്തറ, SCPO മാരായ വിനോട് ഐ ടി , മധുസുദനന്‍ മണക്കടവ്, അനൂജ് വളയനാട് , സനീഷ് പന്തീരാങ്കാവ്,സുബീഷ് വേങ്ങേരി , അഖില്‍ ബാബു എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

Story Highlights : Quotation gang arrested for set fire scooter Chungam


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here