Advertisement

സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം നൽകി നവകേരള വികസനം, പിണറായി ലൈൻ CPIMനെ അടിമുടി മാറ്റും

March 7, 2025
3 minutes Read
pinarayi

സംസ്ഥാനത്തെ കോർപ്പറേറ്റുവൽക്കരണത്തിന് പ്രാധാന്യം നൽകുന്ന മുഖ്യമന്ത്രിയുടെ പുതിയ നിർദേശങ്ങൾക്ക് സമ്മേളനപ്രതിനിധികളുടെ പ്രതികരണം എന്തായിരിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വാര്യമേഖലയ്ക്ക് വിട്ടുകൊടുക്കാനും സ്വാകാര്യ പങ്കാളിത്തത്തോടെ കേരളത്തിലെ ടൂറിസം വികസനം നടപ്പാക്കുന്നതടക്കമുളള നിർദേശങ്ങളടങ്ങിയ നവകേരള വികസന രേഖയിൽ എന്ത് നിലപാടാണ് സി പി ഐ എം സ്വീകരിക്കുക. സി പി ഐ എം ആകെ മാറുമെന്നതിന്റെ സൂചനയാണ് മുഖ്യമന്ത്രി പുതിയ പാർട്ടി നയരേഖയിലൂടെ വ്യക്തമാക്കുന്നത്.

വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വ്യത്യസ്ഥ ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തി നികുതി ഏർപ്പെടുത്തുന്നതടക്കമുള്ള നിർദേശങ്ങളാണ് സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പാർട്ടി നയരേഖയിൽ ഉള്ളത്. നവരകേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന റിപ്പോർട്ടിൽ വരും കാലത്ത് സംസ്ഥാന സർക്കാരിനെ സാമ്പത്തിക ഞെരുക്കത്തിൽ നിന്നും കരകയറ്റുകയെന്ന ലക്ഷ്യം മുന്നിൽ കണ്ടുള്ള നിരവധി നിർദേശങ്ങൾ ഉള്ളതായാണ് ലഭ്യമാവുന്ന വിവരം. ശനിയാഴ്ചയാണ് ഇതിന്മേൽ ചർച്ച നടക്കുക.

പാർട്ടി സെക്രട്ടറിക്ക് പകരം മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരള രേഖയെ പ്രതിനിധികൾ കൂട്ടത്തോടെ തള്ളാൻ തയ്യാറാവില്ലെന്നാണ് വിലയിരുത്തൽ. രേഖയിൽ ചിലമാറ്റങ്ങൾ നിർദേശിക്കുന്നതിന് അപ്പുറം വലിയ പ്രതിഷേധം ഉയരാൻ സാധ്യതയില്ല. എന്നാൽ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തികളെ വേർതിരിച്ച് നികുതി ഏർപ്പെടുത്താനുള്ള നിർദേശത്തോട് സമ്മേളന പ്രതിനിധികൾ ഏതുരീതിയിൽ പ്രതികരിക്കുമെന്നുമാത്രമാണ് നേതൃത്വം വീക്ഷിക്കുന്നത്. എന്തായാലും പാർട്ടി അടിമുടി മാറുമെന്ന വ്യക്തമായ സൂചനയാണ് പിണറായി വിജയൻ നവകേരള വികസന രേഖയിലൂടെ വ്യക്തമാക്കുന്നത്.

സ്വകാര്യമേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി നവകേരളം സൃഷ്ടിക്കുകയാണ് സി പിഐഎമ്മിന്റെ പുതിയ നയം. മുഖ്യമന്ത്രി നവകേരളവികസനത്തിനുള്ള മാർഗമായി കണ്ടെത്തിയിരിക്കുന്നതും സ്വകാര്യവത്കരണവും കോർപ്പറേറ്റ് വത്കരണവുമാണ് എന്ന് വ്യക്തമാക്കുകയാണ് സി പി ഐ എം സംസ്ഥാന സമ്മേളനം. സ്വകാര്യമേഖലയുടെ വളർച്ചയിലൂടെ പുതിയ നികുതിയും സർച്ചാർജും മറ്റും ഏർപ്പെടുത്തി സർക്കാരിന്റെ വരുമാനം വർധിപ്പിക്കാൻ കഴിയുമെന്നാണ് രേഖയിലൂടെ വ്യക്തമാക്കുന്നത്. പി പി പി അടിസ്ഥാനത്തിൽ കൂടുതൽ പദ്ധതികൾ കൊണ്ടുവരണമെന്നും പിണറായി അവതരിപ്പിച്ച രേഖയിൽ പറയുന്നു. തുടർഭരണം ലക്ഷ്യമിട്ടുള്ള സിപിഐഎമ്മിന്റെ നീക്കമെന്ന നിലയിൽ പാർട്ടിയിൽ ഇതിന് വലിയ സ്വീകാര്യത ലഭിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.

സംസ്ഥാന സമ്മേളനത്തിൽ പാർട്ടിനയരേഖ അവതരിപ്പിക്കുന്നത് സാധാരണ ഗതിയിൽ പാർട്ടി സെക്രട്ടറിയായിരുന്നു. എന്നാൽ കഴിഞ്ഞ തവണ എറണാകുളം സമ്മേളനത്തിൽ ആ റോളിൽ പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയനായിരുന്നു പാർട്ടിനയരേഖ അവതരിപ്പിച്ചത്. മൂന്നു വർഷം കഴിഞ്ഞ് വീണ്ടുമൊരു സംസ്ഥാനം നടക്കുമ്പോൾ വീണ്ടും ആ റോളിൽ മുഖ്യമന്ത്രി വീണ്ടും എത്തിയത് മുഖ്യമന്ത്രി പദത്തിൽ ഞാൻ അടുത്ത തവണയും കാണും എന്ന സന്ദേശം നൽകാൻ കൂടിയാണ്. സമ്മേളനത്തിൽ പാർട്ടി സെക്രട്ടറിക്ക് പകരം നവകേരളത്തിന് പുതിയ കാഴ്ചപ്പാട് നിർദേശിക്കുന്ന പാർട്ടി രേഖയുടെ അവതരണം മുഖ്യമന്ത്രി അവതരിപ്പിക്കാൻ കാരണം ചികയുന്നവർക്ക് ഒരു കാര്യം വ്യക്തമാവും. പാർട്ടിയിൽ പിണറായുടെ മേൽകൈ ഒന്നുമാത്രമണ് എന്ന്. പാർട്ടി സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് മാത്രം അവതരിപ്പിച്ച് മാറി നിൽക്കുന്നു.

Read Also: പാർട്ടിയിൽ പ്രാദേശിക പക്ഷപാതിത്വം,സ്ഥാനങ്ങൾ വീതിക്കുന്നത് കണ്ണൂർക്കാർക്ക് മാത്രം; CPIM സംസ്ഥാന സമ്മേളനത്തിൽ എം വി ഗോവിന്ദന് വിമർശനം

‘ നവകേരളത്തിന് പുതുവഴികൾ’ എന്ന പാർ്ട്ടി രേഖ കേരളത്തിൽ ഹാട്രിക് ഭരണം ലക്ഷ്യമിട്ടുള്ളതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ ഡി എഫ് അടുത്ത തിരഞ്ഞെടുപ്പിനെയും നേരിടുമെന്നുള്ള ചർച്ചകൾ ഉയരുന്നതിനിടയിലാണ് പിറണായി സ്തുതിയും പുകഴ്ത്തലും അരങ്ങേറുന്നത്. പാർട്ടി സമ്മേളനം പൂർണമായും പിണറായി വിജയൻ നിയന്ത്രിക്കുന്നു, മറ്റാർക്കും നിയന്ത്രിക്കാനാവാത്ത ശക്തിയായി പാർട്ടിയിൽ പിണറായി മാറിയെന്നത് ഒന്നുകൂടി വ്യക്തമാക്കുകയാണ് കൊല്ലം സമ്മേളനം.

സംസ്ഥാന സ്മ്മേളനത്തിൽ ഏറ്റവും ശ്രദ്ധേയമായത് മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ടായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയിൽ ഏറെ തിരക്കുള്ളപ്പോഴും പിണറായി വിജയൻ പാർട്ടി പ്രവർത്തനങ്ങളെ സഹായിക്കുന്നുവെന്നാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ട് പിണറായിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്ന രേഖയായി മാറുകയായിരുന്നു. പാർട്ടി സെന്ററിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാവുന്നത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്ന് പറയുന്നതിലൂടെ പാർട്ടി ഇപ്പോഴും പിണറായി വിജയന്റെ പൂർണനിയന്ത്രണത്തിലാണെന്ന് വ്യക്തമാക്കുകയാണ് പാർട്ടി സെക്രട്ടറി. പിണറായി വിജയന് പ്രായപരിധിയിൽ ഇളവുകൾ നൽകുമെന്ന് എം വി വിഗോവിന്ദൻ എന്തുകൊണ്ട് പറയുന്നു എന്നതിന്റെ വിശദീകരണം കൂടിയാണ് പാ‍‍ർട്ടി റിപ്പോർട്ട്.

ഒരുവർഷം കഴിഞ്ഞ് കേരളം വീണ്ടും പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ ആരായിരിക്കും മുന്നണിയെ നിയന്ത്രിക്കുകയെന്ന ചോദ്യങ്ങൾക്കുള്ള മറുപടിയും നേരത്തെ എം വി ഗോവിന്ദൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പിണറായി വിജയന്റെ നേതൃത്വത്തിൽ അടുത്ത തിരഞ്ഞെടുപ്പിനേയും നേരിടുമെന്നും പാർട്ടിയിൽ കരുത്തനായ നേതാവ് ഇപ്പോഴും പിണറായി വിജയനാണെന്ന് വ്യക്തമാക്കുകയാണ് സംസ്ഥാന സെക്രട്ടറിയുടെ റിപ്പോർട്ടിലൂടെ. പിണറായി വിജയനെ പുകഴ്ത്തുന്നതിലൂടെ പാർട്ടി സെക്രട്ടറി ചിലകാര്യങ്ങൾ ലക്ഷ്യമിടുന്നുണ്ട്. അത് തനിക്കെതിരെ വരാൻ സാധ്യതയുള്ള വിമർശനങ്ങളുടെ മുനയൊടിക്കലാണ്.

താനും മുഖ്യമന്ത്രിയും ഐക്യത്തോടെ നീങ്ങുകയാണെന്നുള്ള സൂചനകളും പാർട്ടി സെക്രട്ടറി നൽകിക്കഴിഞ്ഞു. എം വി ഗോവിന്ദന് ഭരണത്തിൽ ഒരുതരത്തിലും ഇടപെടാൻ കഴിയുന്നില്ല, എന്നാൽ മുഖ്യമന്ത്രി സംസ്ഥാന ഭരണവും പാർട്ടിയുടെ നിയന്ത്രണവും ഒരുമിച്ചുകൊണ്ടുപോകുന്നുവെന്ന വിമർശനവും ആർക്കും മനസിലാവാതെ പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിക്കാനും ഇതിലൂടെ കഴിഞ്ഞിരിക്കുന്നു. സാധാരണ പാർട്ടിയും പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയെയും ഭരണത്തേയും നിയന്ത്രിക്കുന്നതാണ് രീതി. വി എസ് മുഖ്യമന്ത്രിയായിരുന്നകാലത്ത് മുഖ്യമന്ത്രി പാർട്ടിക്ക് കീഴ്പ്പെടണമെന്നായിരുന്നു. പുതിയ കാലത്ത് പാർട്ടി മുഖ്യമന്ത്രിക്ക് കീഴ്പ്പെടുകയാണ് എന്ന് പാർട്ടി സെക്രട്ടറി വ്യക്തമാക്കിക്കഴിഞ്ഞു.
മുഹമ്മദ് റിയാസിനെ പുകഴ്ത്തിക്കൊണ്ടുള്ള റിപ്പോർട്ടും മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന റിപ്പോർട്ടും കൂട്ടിവായിക്കുമ്പോഴാണ് പാർ്ട്ടിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ വ്യാപ്തി വ്യക്തമാവൂ.

പാർട്ടിയിലെ തെറ്റായ പ്രവണതകൾ തിരുത്തുമെന്ന് കൂടി എം വി ഗോവിന്ദൻ വ്യക്തമാക്കുന്നത്. റിയൽ എസ്റ്റേറ്റ് മാഫിയയുടേയും മറ്റും ധനാഗമന മാർഗങ്ങളിലേക്ക് വഴിമാറിയ പാർട്ടി പ്രവർത്തകരെ തിരുത്തുമെന്നാണ് സെക്രട്ടറിയുടെ വാദം. പാർട്ടിയേയും പാർട്ടിയുടെ പതിവ് പ്രവർത്തന രീതികളേയും പൂർണമായും മാറ്റിയ തെറ്റായ പ്രവണത ഇനിയെങ്ങിനെ സെക്രട്ടറി ഒരു രേഖയിലൂടെ തിരുത്തുമെന്നുമാത്രമാണ് അറിയേണ്ടത്. പാർട്ടിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന നയവ്യതിയാനത്തിന്റെ പുതിയ വ്യാഖ്യാനങ്ങളാണ് ഇതെല്ലാം.
തുടർഭരണം പാർട്ടിയിൽ പലർക്കും പണത്തോടുള്ള ആർത്തിവർധിപ്പിച്ചിട്ടുണ്ടെന്നും മുന്നോട്ടുപോക്ക് അത്ര ശുഭകരമല്ലെന്നും സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. തിരുത്തലുകൾ വരുത്തും എന്ന് ആവർത്തിക്കുമ്പോഴും ഈ തെറ്റിൽ അകപ്പെട്ടത് ആരാണെന്ന് വ്യക്തയുണ്ടാക്കുന്നുമില്ല.

പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളും കരുതലോടെ മുന്നോട്ടുകൊണ്ടുപോകണമെന്നും സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ നിർദ്ദേശം സമ്മേളനത്തിന് മുന്നിൽ വച്ചിട്ടുണ്ടെന്നുമാണ് എം വി ഗോവിന്ദൻ പറയുന്നത്. ചേലക്കരയിൽ പാർട്ടിക്കുണ്ടായ വിജയം ജനകീയാടിത്തറയ്ക്ക് ഒരു പോറലും ഉണ്ടാക്കിയിട്ടില്ലെന്നതിന്റെ തെളിവാണെന്നും പാർട്ടി സെക്രട്ടറി വ്യക്തമാക്കുകയാണ്. ഇതേ സെക്രട്ടറിതന്നെയാണ് പാർട്ടി വോട്ടുകൾ വ്യാപകമായി ബി ജെ പിയിലേക്ക് ഒഴുകിയെന്നും പാർട്ടി കേന്ദ്രങ്ങളിൽപോലും ബി ജെ പി വോട്ട് വർധിക്കുന്നത് ഗൗരവത്തോടെ കാണണം എന്നും പറയുന്നത്.

ഇ പി ജയരാജനെ എൽ ഡി എഫ് കൺവീനർ സ്ഥാനത്തുനിന്നും നീക്കിയതാണെന്നുമാത്രം സൂചിപ്പിച്ച് ഈ വിഷയത്തിൽ കൂടുതൽ ചർച്ചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കുകയാണ് പാർട്ടി. മൂന്നാമതും പാർട്ടി ഭരണത്തിലേറുമെന്ന പ്രതീക്ഷയാണ് സമ്മേളനത്തിൽ മൊത്തം ഉണ്ടാക്കിയെടുക്കാൻ നേതൃത്വം ശ്രമിക്കുന്നത്. ഇത് എതിർശബ്ദം കുറയ്ക്കാൻ കാരണമാവുമെന്നും നേതൃത്ത്വത്തിനെതിരെ ആരും കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തില്ലെന്നും കരുതുന്നു.

Story Highlights : Nava kerala with emphasis on the private sector, Pinarayi Line will radically change CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top