Advertisement

‘ജീവിക്കാന്‍ വേണ്ട ശമ്പളത്തിന് ആശാ വര്‍ക്കര്‍മാര്‍ക്ക് അര്‍ഹതയുണ്ട്; സ്ത്രീ എന്ന കാരണം കൊണ്ട് അത് നിഷേധിക്കരുത്’: രമേശ് ചെന്നിത്തല

March 8, 2025
Google News 1 minute Read

ആശാ വര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ അംഗീകരിക്കാത്തിടത്തോളം വനിതാദിനം പൂര്‍ണമാകില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ചെന്നിത്തല ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് വിമർശനം.

സ്ത്രീയാണെന്ന കാരണം കൊണ്ടു മാത്രം ഭരണവര്‍ഗം അടിസ്ഥാന വരുമാനം നിഷേധിക്കുന്ന ആശാവര്‍ക്കര്‍മാരുടെ കാര്യത്തെക്കുറിച്ചു പറയുന്നത്. ജീവിക്കാന്‍ വേണ്ടിയുള്ള ശമ്പളത്തിന് കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹതയുണ്ട്.

സ്ത്രീ എന്ന കാരണം കൊണ്ട് അത് നിഷേധിക്കരുത്. അത് നിഷേധിക്കാതിരിക്കുമ്പോള്‍ മാത്രമാണ് വനിതാദിനം സാധ്യമാകുന്നത്. നമുക്ക് അര്‍ഥപൂര്‍ണമായ വനിതാദിനത്തിനായി ഒരുമിച്ചു പൊരുതാമെന്നും അദ്ദേഹം കുറിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം.

പാട്രിയാര്‍ക്കലായ ഒരു ലോകത്ത് സ്ത്രീകള്‍ക്കും തുല്യാവകാശങ്ങള്‍ കൊണ്ടുവരാനുള്ള ആധുനിക മനുഷ്യന്റെ ശ്രമങ്ങള്‍ ഇന്ന് വളരെയേറെ മുന്‍പന്തിയിലെത്തിയിരിക്കുന്നു. വിവേചനങ്ങള്‍ അസാധാരണമായി കുറഞ്ഞുവരുന്ന ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത് എങ്കിലും പൂര്‍ണ വിമുക്തി ഇനിയും ഒരുപാടകലെയാണ്. പുരുഷ കേന്ദ്രീകൃത മൂല്യവ്യവസ്ഥയുടെ ഹാങ് ഓവര്‍ ഇനിയും മാറിയിട്ടില്ല. സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നത് കുറഞ്ഞിട്ടുണ്ട് എങ്കിലും ഗാര്‍ഹിക പീഢനമായും ജോലിസ്ഥലത്തെ പീഢനമായും സദാചാര പോലീസിങ് ആയും അത് ഇപ്പോഴും നിലനില്‍ക്കുന്നു.

ഇത്തവണത്തെ വനിതാ ദിനത്തില്‍ ഞാന്‍ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് അത്തരമൊരു വിവേചനത്തെക്കുറിച്ചാണ്. തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ കൂലി നല്‍കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഏറ്റവും അണ്‍സ്‌കില്‍ഡ് എന്നു വിശേഷിപ്പിക്കുന്ന ജോലികള്‍ക്കു പോലും 900-1000 രൂപ ദിവസക്കൂലി ഇവിടെയുണ്ട്. ആ കേരളത്തില്‍ വെറും 232 രൂപ മാത്രം ദിവസവേതനം വാങ്ങി നമ്മുടെ ആരോഗ്യരംഗത്തെ കോട്ട കെട്ടി കാവല്‍ നില്‍ക്കുന്ന ഒരു സംഘം മാലാഖമാരുണ്ട്. കേരളത്തിന്റെ ഏറെ ഘോഷിക്കപ്പെടുന്ന ആരോഗ്യരംഗത്തിന്റെ കാലാള്‍പ്പട. ആശാവര്‍ക്കര്‍മാര്‍.

കഴിഞ്ഞ ഒരു മാസത്തോളമായി വേതനവര്‍ധനവിനായി അവര്‍ സമരരംഗത്താണ്. കോവിഡ് കാലത്ത് സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് ഒരു ജനതയെ സംരക്ഷിച്ചവരാണ്. അവരാണ് ഇന്ന് ഒരിത്തിരി ശമ്പള വര്‍ധനവിന് വേണ്ടി സമരം ചെയ്യുന്നത്. അവരാണ് ഈ സര്‍ക്കാരിന്റെയും ഭരണമുന്നണിയുടേയും അധിക്ഷേപ വാക്കുകള്‍ കേള്‍ക്കുന്നത്. അവരാണ് നീതിക്കു വേണ്ടി കേഴുന്നത്. അവര്‍ക്ക് നീതി ലഭിക്കാത്തിടത്തോളം കാലം ഈ വനിതാദിനാചരണം പൂര്‍ണഅര്‍ഥം കൈവരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.

സ്ത്രീകളുടെ സമരത്തിന് നിലനില്‍ക്കാന്‍ കഴിയില്ലെന്നും അവരെ ഭയപ്പെടുത്തി ഓടിക്കാമെന്നും അവരുടെ തൊഴില്‍ നഷ്ടപ്പെടുത്തി പീഢിപ്പിക്കാമെന്നും ഭരണവര്‍ഗം സ്വപ്‌നം കാണുന്നുണ്ട്. പക്ഷേ അതു വെറുതെയാണ്. തങ്ങളുടെ നിസ്വാര്‍ഥമായ സേവനം കൊണ്ട് മലയാളി സമൂഹത്തില്‍ അവര്‍ സ്ഥാനം പിടിച്ചിരിക്കുന്നു. അവര്‍ അര്‍ഹിക്കുന്നതു കിട്ടുന്നതു വരെ കേരള ജനത അവര്‍ക്കൊപ്പമുണ്ടാകും.

ശമ്പളത്തില്‍ തുല്യത ഉണ്ടായേ കഴിയു. ജീവിക്കാന്‍ വേണ്ടിയുള്ള ശമ്പളത്തിന് കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹതയുണ്ട്. സ്ത്രീ എന്ന കാരണം കൊണ്ട് അത് നിഷേധിക്കരുത്. അത് നിഷേധിക്കാതിരിക്കുമ്പോള്‍ മാത്രമാണ് വനിതാദിനം സാധ്യമാകുന്നത്.

നമുക്ക് അര്‍ഥപൂര്‍ണമായ വനിതാദിനത്തിനായി ഒരുമിച്ചു പൊരുതാം!

Story Highlights : Ramesh Chennithala Support over asha workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here