Advertisement

കാസർഗോഡ് 15 കാരിയുടെയും യുവാവിന്റെയും മരണം ആത്മഹത്യ; പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

March 10, 2025
2 minutes Read
kasargod

കാസർഗോഡ് പൈവളിഗെയിലെ 15 കാരിയുടെയും അയൽവാസിയായ യുവാവിന്റെയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. കൂടുതല്‍ പരിശോധനയ്ക്കായി ഇരുവരുടെയും സാമ്പിളുകൾ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. മൃതദേഹങ്ങൾക്ക് 26 ദിവസത്തെ പഴക്കമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ആത്മഹത്യ യിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് പൊലീസിന് വ്യക്തയില്ല. ഇരുവരുടെയും മൊബൈൽ ഫോണുകൾ സൈബർ വിഭാഗത്തിന് കൈമാറി.

അതേസമയം, മരിച്ച പത്താം ക്ലാസുകാരി ശ്രേയയുടെ അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് വന്നു. കേസ് പരിഗണിച്ച കോടതി പൊലീസിനെയും രൂക്ഷമായി വിമർശിച്ചു. ഒരു വിഐപിയുടെ മകൾ ആയിരുന്നെങ്കിൽ പൊലീസ് ഇങ്ങനെ കാണിക്കുമോയെന്ന് കോടതി ചോദിച്ചു. പെൺകുട്ടിയെ കാണാതായതുമുതൽ കണ്ടെത്താൻ എടുത്ത കാലതാമസമാണ് കോടതിയെ ചൊടിപ്പിച്ചത്. നിയമത്തിന് മുന്നിൽ വിവിഐപിയും തെരുവിൽ താമസിക്കുന്നവരും തുല്യരാണ്. അന്വേഷണ ഉദ്യോഗസ്ഥൻ നാളെ ഹൈക്കോടതിയിൽ കേസ് ഡയറിയുമായി ഹാജറാകണമെന്നും കോടതി പറഞ്ഞു.

ഫെബ്രുവരി 12 നാണ് പെൺകുട്ടിയെയും പ്രദീപിനെയും കാണാതായത്. ഇന്നലെ നടത്തിയ തിരച്ചിലിലാണ് ഇവരെ വീടിന് 200 മീറ്റർ ചുറ്റളവിലുള്ള സ്ഥലത്ത് നിന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. മരിച്ച പ്രദീപിനെതിരെ പെൺകുട്ടി പഠിച്ച സ്കൂളിലെ അധ്യാപകർ രണ്ട് വർഷം മുമ്പ് ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. അന്ന് തുടർ നടപടി ഉണ്ടായില്ലെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു.

Read Also: കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; തന്ത്രിമാരെ നിലയ്ക്ക് നിർത്തണമെന്ന് വെള്ളാപ്പള്ളി, കഴകക്കാരനെ മാറ്റിയത് ചട്ടലംഘനമെന്ന് കെ. രാധാക്യഷ്ണൻ

ഡ്രോൺ അടക്കമുള്ളവ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നുവെങ്കിലും ഏക്കറുകളോളം വ്യാപിപ്പിച്ചുകിടക്കുന്ന പ്രദേശമായതിനാൽ ഇരുവരെയും കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു. തോട്ടത്തിലെ ഉൾഭാഗങ്ങളിലാണ് കൂടുതലായും പൊലീസ് തിരച്ചിൽ നടത്തിയിരുന്നതെന്നും നേരത്തെ ഈ ഭാഗത്ത് തിരച്ചിൽ കാര്യമായി നടത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതിനാലാണ് കണ്ടെത്താൻ വൈകിയതെന്ന ആരോപണമാണ് ഉയരുന്നത്. പെൺകുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായത് ഒരേയിടത്തുനിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണിപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് നിന്നും മൊബൈൽ ഫോണും കണ്ടെടുത്തിരുന്നു.

Story Highlights : Kasargod: Death of 15-year-old girl and young man suicide; Initial postmortem report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top