Advertisement

8 ദിവസത്തെ യാത്ര നീണ്ടത് 9 മാസത്തിലേറെ; ഒടുവിൽ മടക്കയാത്രക്ക് തീയതിയായി; ബഹിരാകാശത്ത് ചരിത്രം തിരുത്തി സുനിത വില്യംസ്

March 10, 2025
Google News 3 minutes Read
sunitha williams

“നമ്മൾ എപ്പോൾ തിരിച്ചെത്തുമെന്ന് അറിയാതെ ഭൂമിയിലുള്ള പ്രിയപ്പെട്ടവർ കഷ്ടപ്പെടുന്നതാണ് ഏറ്റവും കഠിനമായ കാര്യം” – അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ സുനിത വില്യംസ് പറഞ്ഞു. 9 മാസമായി സുനിത വില്യംസിനെക്കുറിച്ച് ലോകം ചോദിച്ചുകൊണ്ടിരുന്നത് ഒരേ ചോദ്യമാണ്, “എപ്പോൾ മടങ്ങും?” എന്ന്. ഒടുവിൽ അതിന് ഉത്തരമായി – മാർച്ച് 16 എന്ന് നാസ. സ്പേസ് എക്സിന്റെ ഡ്രാ​ഗൺ പേടകത്തിലായിരിക്കും സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കം. തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാൻഡ‍ർഷിപ്പ് റഷ്യൻ കോസ്മോനോട്ട് അലക്സിസ ഓവ്ചിനിന് സുനിത വില്യംസ് കൈമാറി. ബഹിരാകാശ രം​ഗത്ത് യുഎസ്-റഷ്യ സഹകരണത്തിന്റെ വിളംബരം കൂടിയായ ചടങ്ങിൽ സുനിത വില്യംസ് വൈകാരികമായി പറഞ്ഞത് നിങ്ങളെ എനിക്ക് മിസ്സ് ചെയ്യും എന്നാണ്.

2024 ജൂൺ 5നാണ് ഫ്ലോറിഡയിലെ കേപ് കനവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ചുകൊണ്ട് ബോയിങ്ങിന്റെ സ്റ്റാ‍ർലൈനർ പേടകം പറന്നുയർന്നത്. എട്ട് ദിവസത്തേക്ക് എന്ന് പറഞ്ഞ് തുടങ്ങിയ ആ യാത്ര ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് 10 മാസത്തോളം നീണ്ടത് അപ്രതീക്ഷിതമായിരുന്നു. പക്ഷേ മനുഷ്യന്റെ ബഹിരാകാശ ദൗത്യങ്ങളിൽ അവിസ്മരണീയമായ ഒരേടായി ഇത് ചരിത്രത്തിൽ രേഖപ്പെടുത്തും.

2011-ൽ സ്പേസ് ഷട്ടിൽ യുഗത്തിന് തിരശീലയിട്ട നാസ, ബഹിരാകാശ ദൗത്യങ്ങളിൽ സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിച്ച് തുടങ്ങി. മനുഷ്യരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കൊണ്ടുപോയി, തിരിച്ച് കൊണ്ടുവരാൻ കരാർ ലഭിച്ചത് രണ്ട് കമ്പനികൾക്ക്. സ്പേസ് എക്സിനും ബോയിങ്ങിനും. സ്പേസ് എക്സ് 2020-ൽ തുടങ്ങി ഇതുവരെ 13 തവണ മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ചു. ഇതിൽ 9 ദൗത്യവും നാസക്ക് വേണ്ടിയായിരുന്നു. നാലെണ്ണം വാണിജ്യാടിസ്ഥാനത്തിലും. സ്പേസ് സ്റ്റേഷനിലേക്ക് ടാക്സി സർവീസ് നടത്തുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാവുക എന്ന ലക്ഷ്യത്തോടെയാണ് ബോയിങ്, രണ്ട് ബഹിരാകാശ യാത്രികരുമായി സ്റ്റാർലൈനർ പേടകം വിക്ഷേപിച്ചത്.

സ്റ്റാർലൈനർ സിഎസ്ടി – 100. സിഎസ്ടി എന്നാൽ ക്രൂ സ്പേസ് ട്രാൻസ്പൊട്ടേഷൻ. ഹണ്ട്രഡ് – ഭൂമിയിൽ നിന്ന് 100 കിലോമീറ്റർ അകലെ ബഹിരാകാശ അതിർത്തിയായ കാർമാൻ രേഖയെ സൂചിപ്പിക്കുന്നു. ഐതിഹാസികമായ അപ്പോളോ പേടകത്തിന്റെ ആകൃതിയിലാണ് സ്റ്റാർലൈനറിന്റെ നി‍ർമാണം. രണ്ട് മൊഡ്യൂളുകളാണ് സ്റ്റാർലൈനറിന്. ക്രൂ മൊഡ്യൂളും സർവീസ് മൊഡ്യൂളും.
ക്രൂ മൊഡ്യൂളിൽ ഏഴ് പേ‍ർക്ക് വരെ യാത്ര ചെയ്യാമെങ്കിലും നാല് യാത്രികരും ബാക്കി സാധനസാമഗ്രികളും എന്ന രീതിയിൽ ആയിരിക്കും പ്രവ‍ർത്തനം. ആറ് മാസം ഇടവിട്ട് 10 തവണ വരെ ഉപയോഗിക്കാം എന്നതാണ് സ്റ്റാർ ലൈനർ ക്രൂ മൊഡ്യൂളിന്റെ സവിശേഷത. സർവീസ് മൊഡ്യൂൾ പേടകത്തിന്റെ ഊർജസ്രോതസ്സായാണ് പ്രവ‍ർത്തിക്കുക.

ബോയിങ് സ്റ്റാർ ലൈനറിന്റെ നിർണായകമായ പരീക്ഷണ പറക്കലിന് ബോയിങ് തെരഞ്ഞെടുത്തത് നാസയുടെ ‌സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും. ഇന്ത്യൻ വംശജയായ സുനിത വില്യംസ് 1998ലാണ് നാസയുടെ ഭാഗമായത്. 2006 ഡിസംബറിൽ ആയിരുന്നു ‌ആദ്യ ബഹിരാകാശ യാത്ര. കന്നി യാത്രയിൽ 195 ദിവസമാണ് സുനിത ‌ബഹിരാകാശ നിലയത്തിൽ കഴിഞ്ഞത്. 2012-ൽ ആയിരുന്നു രണ്ടാമത്തെ ബഹിരാകാശ യാത്ര. രണ്ടുതവണകളിലായി 322 ദിവസം ബഹിരാകാശത്ത് കഴിഞ്ഞു. 50 മണിക്കൂറും 40 മിനിറ്റും സ്പേസ് വോക് നടത്തി. വിൽമോർ ആകട്ടെ, രണ്ട് ദൗത്യങ്ങളിലായി 178 ദിവസം ബഹിരാകാശത്ത് കഴിഞ്ഞതിന്റെ അനുഭവ സമ്പത്തുമായാണ് സ്റ്റാർ ലൈനർ ദൗത്യത്തിന്റെ ഭാ​ഗമായത്.

വിക്ഷേപണത്തിന് മുമ്പ് തന്നെ സ്റ്റാർലൈനർ പേടകത്തിൽ നേരിയ ഹീലിയം ചോർച്ച കണ്ടെത്തിയിരുന്നു. പേടകത്തിന്റെ ചലനം നിയന്ത്രിക്കുന്ന ത്രസ്റ്ററുകളുടെ ഇന്ധന മർദം നിയന്ത്രിക്കാനാണ് ഹീലിയം ഉപയോഗിക്കുന്നത്. ചോർച്ച സാരമാക്കാനില്ലെന്ന അഞ്ചിനീയർമാരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു വിക്ഷേപണം. പക്ഷേ, ദൗത്യം പുരോ​ഗമിക്കുന്നതിനിടെ പ്രശ്നം സങ്കീർണമായി. നാല് പുതിയ
ഹീലിയം ചോർച്ച കൂടി കണ്ടെത്തി. മാത്രമല്ല, 28 ത്രസ്റ്ററുകളിൽ അഞ്ചെണ്ണം പ്രവർത്തന രഹിതമാവുകയും ചെയ്തു. ഇതോടെ എട്ട് ദിവസത്തേക്ക് നിശ്ചയിച്ച ദൗത്യം നീളാൻ തുടങ്ങി. കേടായ അഞ്ച് ത്രസ്റ്ററുകളിൽ നാലെണ്ണം പ്രവർത്തിപ്പിക്കാൻ കഴിഞ്ഞത് ദൗത്യസംഘത്തിന് ആശ്വാസമായി. ജൂൺ 26ന് പേടകം ബഹിരാകാശ യാത്രികരെയും കൊണ്ട് തിരിച്ചെത്തുമെന്ന് നാസ അറിയിച്ചു. പക്ഷേ, കൽപ്പന ചൗള ഉൾപ്പെടെയുള്ളവരുടെ ജീവനെടുത്ത കൊളംബിയ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ മായാതെ നിൽക്കുമ്പോൾ എങ്ങനെ റിസ്ക് എടുക്കും. ഒടുവിൽ അത് വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് സുനിത വില്യംസിനെയും വിൽമോറിനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരാൻ വിട്ട് സ്റ്റാർലൈനർ പേടകം ആളില്ലാതെ ഭൂമിയേക്ക് മടങ്ങിയത്. സെപ്റ്റംബർ ആറിന് പേടകം സുരക്ഷിതമായി ലാൻഡ് ചെയ്തു.

സ്റ്റാർലൈനർ പരീക്ഷണം പരജയപ്പെട്ടോ? അങ്ങനെ തീർത്ത് പറയാൻ കഴിയില്ല. ഇതൊരു പരീക്ഷണ പറക്കലായിരുന്നു. പേടകം തിരിച്ചെത്തിക്കാനും കഴിഞ്ഞു. ബഹിരാകാശ യാത്രികരുടെ സുരക്ഷ മുൻനി‍ർത്തി മാത്രമാണ് അവരെ തത്കാലം തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് തീരുമാനിച്ചത്. സ്റ്റാർലൈനറിന്റെ ഭാവി എന്താകുമെന്ന് കൂടുതൽ പഠനങ്ങൾക്ക് ശേഷമേ പറയാൻ കഴിയൂ. എന്തായാലും സുനിത വില്യംസും ബുച്ച് വിൽമോറും സ്പേസ് സ്റ്റേഷനിൽ സുരക്ഷിതരാണ്. അവർ മറ്റ് ദൗത്യസംഘങ്ങൾക്കൊപ്പം ​ഗവേഷണങ്ങളിലും മറ്റും സജീവമായി.

സെപ്റ്റംബർ 23ന് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന്റെ കമാൻഡറായി സുനിത വില്യംസ് ചുമതലയേറ്റു. 2025 ഫെബ്രുവരി 21ന്, ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിതയെന്ന നേട്ടം സ്വന്തമാക്കിക്കൊണ്ട് സുനിത വില്യംസ് മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഒമ്പതു തവണയായി 62 മണിക്കൂറും ആറ് മിനിറ്റുമാണ് സുനിത വില്യംസ് ബഹിരാകാശത്ത് നടന്നത്. മൂന്ന് ദാത്യങ്ങളിലൂടെ ബഹിരാകാശത്ത് അറുന്നൂറിലേറെ ദിവസങ്ങളും പിന്നിട്ടിരിക്കുകയാണ് സുനിത വില്യംസ് 59ാം വയസിൽ.

ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടാണ് സുനിത വില്യംസ് ഭൂമിയിൽ വീണ്ടും കാലുകുത്തുക. ഈ അതിജീവനം ബഹിരാകാശ രം​ഗത്ത് മാത്രമല്ല, ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പ്രചോദനമാകുമെന്ന് ഉറപ്പ്.

Story Highlights : nasa astronauts sunita williams and butch wilmore to return to earth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here