Advertisement

പാകിസ്താനില്‍ ട്രെയിൻ റാഞ്ചിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ബലൂച് ഭീകരർ

March 12, 2025
1 minute Read
baloch

പാകിസ്താനിൽ ബലൂച് ലിബറേഷന്‍ ആര്‍മി ട്രെയിൻ റാഞ്ചിയ ദൃശ്യങ്ങൾ പുറത്ത്. അഫ്ഗാനിസ്ഥാനും ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയിലാണ് സംഭവം നടന്നിരിക്കുന്നത്. പ്രദേശത്തെ ട്രെയിൻ പോകുന്ന ട്രാക്കിന് സമീപമായി സ്‌ഫോടനമുണ്ടാകുന്നതും യാത്രക്കാരെ ബന്ദികളാകുന്ന ദൃശ്യങ്ങളുമാണ് വീഡിയോയിൽ ഉള്ളത്. സ്ഫോടനത്തെ തുടർന്ന് നിർത്തിയ ട്രെയിനിലേക്ക് ഭീകരര്‍ ഇരച്ചുകയറി യാത്രക്കാരെ ബന്ദികളാക്കുകയായിരുന്നു. ക്വെറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുന്ന പാസഞ്ചർ ട്രെയിൻ ജാഫർ എക്സ്പ്രസാണ് ഭീകരർ റാഞ്ചിയത്.

ആക്രമണത്തിൽ ലോക്കോ പൈലറ്റും 27 ഭീകരരും കൊല്ലപ്പെട്ടു. 400-ലേറെ യാത്രക്കാരായിരുന്നു ഒമ്പതുബോഗികളുള്ള ജാഫര്‍ എക്‌സ്പ്രസില്‍ ഉണ്ടായിരുന്നത്. യാത്രക്കാരിൽ ബലൂചിസ്ഥാൻ സ്വദേശികളായവരെ ഭീകരർ അപ്പോൾ തന്നെ വിട്ടയച്ചിരുന്നു. ബന്ദികളായ 155 പേരെ മോചിപ്പിച്ചെന്നാണ് പാക് സേന പറയുന്നത്. എന്നാൽ 100 ലേറെ പേർ ഇപ്പോഴും ബന്ദികളായി ട്രെയിനിൽ തന്നെ തുടരുകയാണ്.

അതേസമയം, രക്ഷപ്പെടുത്തിയ 58 പുരുഷന്മാരും 31 സ്ത്രീകളും 15 കുട്ടികളും ഉൾപ്പെടെയുള്ളവരെ മറ്റൊരു ട്രെയിൻ വഴി മാച്ചിലേക്ക് (പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കാച്ചി ജില്ലയിലെ ഒരു പട്ടണം) അയച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഒന്നര മാസത്തിലേറെയായി നിർത്തിവച്ചിരുന്ന ക്വെറ്റയിൽ നിന്ന് പെഷവാറിലേക്കുള്ള ട്രെയിൻ സർവീസുകൾ ഈ അടുത്താണ് പാകിസ്താൻ റെയിൽവേ പുനരാരംഭിച്ചത്.

ആരാണ് ബലൂച് ലിബറേഷന്‍ ആര്‍മി

ബലൂചിസ്ഥാന്‍ പാകിസ്താനില്‍ ലയിച്ചതോടെയാണ് ബലൂചിസ്ഥാനിലെ തീവ്രവാദം ആരംഭിച്ചത്. ആ സമയത്ത്, കലാത് സംസ്ഥാനത്തെ രാജകുമാരന്‍ കരീം സായുധ പോരാട്ടം ആരംഭിച്ചിരുന്നു. പിന്നീട് 1960 കളില്‍, നൗറോസ് ഖാനും മക്കളും അറസ്റ്റിലായപ്പോള്‍, പ്രവിശ്യയില്‍ ഒരു ചെറിയ തീവ്രവാദ പ്രസ്ഥാനവും ഉയര്‍ന്നുവന്നു. ബലൂചിസ്ഥാനിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നിയമസഭയും സര്‍ക്കാരും താല്‍ക്കാലികമായി നിര്‍ത്തിവച്ച 1970 കളിലാണ് ബലൂചിസ്ഥാനിലെ സംഘടിത തീവ്രവാദ പ്രസ്ഥാനം ആരംഭിച്ചത്.

ഈ സംഘടനയില്‍ ഭൂരിഭാഗവും മുറി, ബുഗ്തി ഗോത്രങ്ങളില്‍ നിന്നുള്ളവരാണ്. കൂടാതെ പ്രാദേശിക സ്വയം ഭരണത്തിനായി പാകിസ്താന്‍ സര്‍ക്കാരിനെതിരെ പോരാടുകയും ചെയ്യുന്നു.

പാകിസ്താനിലെ ബലൂചിസ്ഥാനില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു സായുധ സംഘമാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. 2000 ത്തിന്റെ തുടക്കത്തില്‍ പാകിസ്താന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഒഴിവാക്കലിലൂടെയാണ് ബലൂചിസ്ഥാന്‍ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ബിഎല്‍എ ഉയര്‍ന്നുവന്നത്.

പാകിസ്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഘടനകള്‍, ഇന്‍സ്റ്റാളേഷനുകള്‍ എന്നിവയ്‌ക്കെതിരെ പ്രത്യേകിച്ച് ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) പ്രകാരം ചൈനീസ് ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റാളേഷനുകള്‍ക്കെതിരെ അവര്‍ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ നടത്തിയിട്ടുണ്ട്. പാകിസ്താനില്‍ ബലൂച് ലിബറേഷന്‍ ആര്‍മിയെ നിരോധിച്ചിട്ടുണ്ട്. ചില രാജ്യങ്ങളില്‍ ഇത് ഒരു തീവ്രവാദ സംഘടനയായി കണക്കാക്കപ്പെടുന്നു.

Story Highlights : Pakistan Train Hijack visuals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top