‘ഈ ചെമ്മീനും കൂന്തലും സുസ്ഥിരമായി പിടിച്ചത്’ , വരുന്നു സര്‍ട്ടിഫിക്കേഷന്‍

മത്സ്യമേഖലയില്‍ മറൈന്‍ സ്റ്റിവാര്‍ഡ്ഷിപ് കൗണ്‍സിലിന്റെ (എം എസ് സി) സര്‍ട്ടിഫിക്കേഷന്‍ കൊണ്ടുവരുന്നതിന് സംസ്ഥാന സംസ്ഥാന ഫിഷറീസ് വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് സെക്രട്ടറി ബി അബ്ദുല്‍ നാസര്‍. സീഫുഡ് കയറ്റുമതി മെച്ചപ്പെടുത്തുന്നതിനും മത്സ്യമേഖലയില്‍ സുസ്ഥിരത ഉറപ്പാക്കുന്നതിനും ആഗോള സര്‍ട്ടിഫിക്കേഷന്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള മത്സ്യയിനങ്ങള്‍ക്ക് എം എസ് സി സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്ന നടപടികള്‍ പരിചയപ്പെടുത്തുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ട്ടിഫിക്കേഷന് ആവശ്യമായ നടപടികളില്‍ ഫിഷറീസ് വകുപ്പിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. മത്സ്യമേഖലയില്‍ സുസ്ഥിരത ഉറപ്പാക്കുന്നതിന് ഗവേഷണ സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്ന ഉചിതമായ മാനേജ്‌മെന്റ് രീതികള്‍ നടപ്പാക്കും. എം എസ് സി സര്‍ട്ടിഫിക്കേഷന്‍ നേടിയെടുക്കാനായാല്‍ മത്സ്യത്തൊഴിലാളികള്‍ മുതല്‍ കയറ്റുമതി രംഗത്തുള്ളവര്‍ വരെയുള്ള മത്സ്യമേഖലയിലെ എല്ലാവര്‍ക്കും ഗുണകരമാകും.
മത്സ്യലഭ്യത കുറയുന്നതും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും ആശങ്കയുളവാക്കുന്നതാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗവും സമുദ്രജൈവവൈവിധ്യവും സംരക്ഷിക്കുന്നതിന് സുസ്ഥിര രീതികള്‍ നടപ്പാക്കേണ്ടത് അനിവാര്യമാണ്. മത്സ്യയിനങ്ങള്‍ക്ക് അന്തരാഷ്ട്ര വിപണിസാധ്യത കൂട്ടുന്നതിനൊപ്പം, കടല്‍ സമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്താനും എം എസ് സി സര്‍ട്ടിഫിക്കേഷന്‍ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനായി ആഴക്കടല്‍ ചെമ്മീന്‍, തീരച്ചെമ്മീന്‍, കണവ, കൂന്തല്‍, കിളിമീന്‍, ഞണ്ട് (ബ്ലൂ സ്വിമ്മിംഗ് ക്രാബ്) നീരാളി ഉള്‍പ്പെടെയുള്ള 12 ഇനങ്ങള്‍ക്കാണ് നിലവില്‍ എം എസ് സി സര്‍ട്ടിഫിക്കേഷന്‍ ലക്ഷ്യമിടുന്നത്. ഈ ഇനങ്ങളുടെ ഫിഷറി ഇംപ്രൂവ്‌മെന്റ് വിലയിരുത്തലുകള്‍ അവസാന ഘടത്തിലാണ്. ഇവ കഴിയുന്ന മുറയ്ക്ക് എം എസ് സി നിര്‍ദേശിക്കുന്ന നിലവാരത്തില്‍ പരിശോധന തുടങ്ങും.
ചെമ്മീന്‍, കൂന്തല്‍ എന്നിവയുടെ ലഭ്യതയില്‍ ഗണ്യമായ കുറവാണ് കണ്ടുവരുന്നതെന്ന് സിഎംഎഫ്ആര്‍ഐ മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ സുനില്‍ മുഹമ്മദ് പറഞ്ഞു. സുസ്ഥിര രീതികള്‍ ഉടനടി ആരംഭിക്കണ്ടതിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നത്. സര്‍ട്ടിഫിക്കേഷന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ഇക്കാര്യത്തില്‍ തുണയാകുമെന്നും അദ്ദേഹം പറഞ്ഞു.
എം എസ് സി. ഫിഷറീസ് സ്റ്റാന്‍ഡേര്‍ഡ് ആക്സസിബിലിറ്റി മേധാവി അമാന്‍ഡ ലെജ്ബോവിച്ച് സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ പരിചയപ്പെടുത്തി. സംസ്ഥാന ഫിഷറീസ് വകുപ്പുമായി സഹകരിച്ച് സസ്റ്റയിനബിള്‍ സീഫുഡ് നെറ്റ് വര്‍ക് ഇന്ത്യയും എം എസ് സിയും ചേര്‍ന്നാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
Story Highlights : State government supports MSC certification in the fisheries sector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here