കായംകുളത്ത് ഗതാഗതം തടസപ്പെടുത്തി കുപ്രസിദ്ധ ഗുണ്ടയുടെ പിറന്നാള്‍ ആഘോഷം; കാപ്പ കേസ് പ്രതി ഉള്‍പ്പടെ പിടിയില്‍

ആലപ്പുഴ കായംകുളത്ത് ഗതാഗതം തടസപ്പെടുത്തി കുപ്രസിദ്ധ ഗുണ്ടയുടെ പിറന്നാള്‍ ആഘോഷം. കാപ്പ കേസിലെ പ്രതി വിഠോബ ഫൈസലിന്റെ പിറന്നാള്‍ ആഘോഷമാണ് നടുറോഡില്‍ നടന്നത്. പുതുപ്പള്ളി കൂട്ടം വാതുക്കല്‍ പാലത്തിലായിരുന്നു ആഘോഷം.
ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. ഫൈസലിനെ കൂടാതെ, കായംകുളത്ത് യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അജ്മല്‍, കായംകുളം സ്വദേശി ആഷിക്ക്, സഹോദരന്‍ ആദില്‍, മുനീര്‍, മുനീറിന്റെ സഹോദരന്‍ മുജീബ്, ഗോപന്‍, ഉണ്ണിരാജ്, ആദില്‍ നസീര്‍, പ്രവീണ്‍, അനന്തകൃഷ്ണന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.
പുതുപ്പള്ളി കൂട്ടം വാതുക്കല്‍ പാലത്തില്‍ സംഘം ചേര്‍ന്ന് വാഹനങ്ങള്‍ കുറുകെ ഇട്ട് ഗതാഗതം തടസ്സപ്പെടുത്തി, പരസ്യ മദ്യപാനം നടത്തി പിറന്നാള്‍ ആഘോഷിക്കുമ്പോളാണ് കായംകുളം പൊലീസ് ഇവരെ പിടികൂടിയത്. ഇവരില്‍ സഹോദരന്‍മാരായ ആദിലും ആഷിക്കും കൊലപാതക ശ്രമം, പോക്‌സോ തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. മുനീറും, പ്രവീണും മയക്കുമരുന്ന് കേസുകളില്‍ പ്രതികളാണ്. കായംകുളം ഡി.വൈ.എസ്.പി. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Story Highlights : Criminals arrested for blocking road to celebrate birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here