Advertisement

‘എല്ലാ ആശങ്കകളും പരിഹരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്’; ഉരുൾപൊട്ടൽ ദുരന്തബാധിതർ പ്രതിഷേധം അവസാനിപ്പിച്ചു

March 13, 2025
Google News 2 minutes Read
k rajan

പുനരധിവാസ പട്ടികയിലെ അപാകതയടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മുണ്ടക്കൈ-ചൂരല്‍മല ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ ഉപരോധം അവസാനിപ്പിച്ചു. റവന്യൂ മന്ത്രി കെ രാജനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പുനരധിവാസ പട്ടികയില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ചൂരല്‍മല ടൗൺ പുനര്‍നിര്‍മിക്കുമെന്നും മന്ത്രി കെ രാജന്‍ ദുരിതബാധിതർക്ക് ഉറപ്പ് നൽകി.

കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് പ്രകടനമായാണ് ദുരന്തബാധിതര്‍ എത്തിയത്. തുടര്‍ന്ന് കലക്ട്രേറ്റിന് മുന്നില്‍ ഉപരോധം. റേഷന്‍കാര്‍ഡും ആധാറുമടക്കമുള്ള രേഖകള്‍ സര്‍ക്കാരിന് തിരിച്ചേല്‍പ്പിക്കുന്നതായി പ്രഖ്യാപിച്ചായിരുന്നു സമരം.കലക്ട്രേറ്റിലെത്തിയ മന്ത്രി കെ രാജനുമായി ജനശബ്ദം ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ നടത്തിയ ചര്‍ച്ച വിജയം കണ്ടതോടെ രണ്ട് മണി വരെ നീണ്ട പ്രതിഷേധം അവസാനിപ്പിക്കാന്‍ ദുരന്തബാധിതര്‍ തയ്യാറായി.

Read Also: മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; ഹാരിസണ്‍സിന്റെ നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍

അതേസമയം, മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടി ഹാരിസണിന്റെ പക്കലുള്ള നെടുമ്പാല എസ്റ്റേറ്റ് തൽക്കാലം ഏറ്റെടുക്കില്ലെന്ന തീരുമാനം സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നേരത്തെ മന്ത്രിസഭ അംഗീകരിച്ച തീരുമാനമാണ് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചത്. സർക്കാർ ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനാണ് ധാരണ. ഇവിടെ സ്ഥലം തികയാതെ വന്നാലാകും നെടുമ്പാല എസ്റ്റേറ്റ് ഏറ്റെടുക്കുക. 215 കുടുംബങ്ങളെയാണ് ആദ്യഘട്ടത്തിൽ പുനരാധിവസിപ്പിക്കുക. പുനരധിവാസ പദ്ധതിയുടെ ഭാഗമാകാതെ പതിനഞ്ച് ലക്ഷം രൂപയുടെ നഷ്ടപരിഹാരം കൈപ്പറ്റുന്നവരും ഉണ്ടാകാമെന്നാണ് സർക്കാർ കണക്കുകൂട്ടന്നത്. അങ്ങനെയെങ്കിൽ വീടുകൾ വേണ്ടിവരുന്നവരുടെ അന്തിമ കണക്കെടുത്തശേഷമാകും നെടുമ്പാല എസ്റ്റേറ്റ് ഏറ്റെടുക്കണോയെന്ന് തീരുമാനിക്കുക.

എൽസ്റ്റൺ എസ്റ്റേറ്റ് ആണ് ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നതെന്നും ഇത് സംബന്ധിച്ച ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. ആദ്യഘട്ട പുനരധിവാസം പൂർത്തിയാക്കിയ ശേഷം ബാക്കി എത്ര പേരുണ്ടെന്ന് വിലയിരുത്തി തുടർനടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.ഭൂമി ഏറ്റെടുക്കൽ നടപടിക്കെതിരെ ഹാരിസൺ നൽകിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

Story Highlights : Landslide victims end protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here