ലഹരി പിടിക്കാൻ ഡ്രോൺ! വയനാട്ടിൽ ലഹരിക്കച്ചവടം തടയാൻ ഡ്രോൺ പരിശോധന തുടങ്ങി

വയനാട്ടിൽ ലഹരിക്കച്ചവടം തടയാൻ ഡ്രോൺ പരിശോധന തുടങ്ങി. ചെക്ക് പോസ്റ്റുകളിലും അതിർത്തി മേഖലയിലും പരിശോധന ആരംഭിച്ചു. ഡ്രോൺ പരിശോധനയിലൂടെ അഞ്ച് പേരെ പൊലീസ് പിടികൂടി. ഓപ്പറേഷന്‍ ഡി -ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,841 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 273 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
284 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (26.433 ഗ്രാം), കഞ്ചാവ് (35.2 കി.ഗ്രാം), കഞ്ചാവ് ബീഡി (193 എണ്ണം) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മാര്‍ച്ച് 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.
സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ നിര്‍ദ്ദേശാനുസരണം സംസ്ഥാന ആന്‍റി നര്‍ക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് തലവനും ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുമായ മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്.
Story Highlights : Drone Checking in Wayanad against Drugs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here