ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ ആരെയും നിർബന്ധിക്കരുത്; SITക്ക് ഹൈക്കോടതി നിർദേശം

ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിൻ്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കാനാവില്ല. എസ് ഐ ടി ബുദ്ധിമുട്ടുണ്ടാക്കിയാൽ ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം.
സിനിമാ മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ മൊഴി നൽകാനും പരാതി നൽകാനും ചലച്ചിത്ര പ്രവർത്തകർ വിസമ്മതിക്കുന്നുവെന്നാണ് വിവരം. നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകാമെന്നും അല്ലെങ്കിൽ ഹാജരായി താൽപ്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ, ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെ ചലച്ചിത്രങ്ങളിലെ വയലന്‍സ് സമൂഹത്തെ ബാധിക്കുന്നുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ചലച്ചിത്രങ്ങളിലെ വയലന്‍സ് നിയന്ത്രിക്കാന്‍ ഇടപെടുന്നതില്‍ ഭരണകൂടത്തിന് പരിമിതിയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ചലച്ചിത്ര മേഖലയിൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച ഒന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് അടക്കം ലൈംഗിക ചൂഷണങ്ങളുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ അടങ്ങിയ റിപ്പോർട്ടായിരുന്നു ഇത്. സിനിമയിൽ അവസരം നൽകുന്നതിനു പകരം ശരീരം ചോദിക്കുന്നത് പതിവാണെന്നും ഇതിനായി ഇടനിലക്കാർ ഒട്ടേറെയുണ്ടെന്നും വിവിധ മൊഴികൾ ചൂണ്ടിക്കാട്ടി റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ മലയാള സിനിമാ രംഗവുമായി ബന്ധപ്പെട്ട്, നടുക്കുന്ന വിവരങ്ങൾ അടങ്ങുന്നതായിരുന്നു റിപ്പോർട്ട്. സിനിമയ്ക്കു പുറമേയുള്ള തിളക്കം മാത്രമാണ്. മലയാള സിനിമയെ മാഫിയയാണ് നിയന്ത്രിക്കുന്നതെന്നും പറയുന്നു.
നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മീഷൻ അംഗങ്ങൾ. 2019 ഡിസംബറിൽ ഹേമ കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയെങ്കിലും സർക്കാർ പുറത്തുവിട്ടിരുന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും മുൻപ് തള്ളിയിരുന്നു. വിവരാവകാശ കമ്മീഷന്റ നിർദേശം അനുസരിച്ചായിരുന്നു പിന്നീട് വർഷങ്ങൾക്കുശേഷം റിപ്പോർട്ട് പുറത്തുവിട്ടത്.
Story Highlights : High Court directs SIT not to force anyone to give statement based on Hema Committee report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here