രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ പ്രസിഡന്റാരാകും? മത്സരരംഗത്ത് 7 പേർ, ആകാംക്ഷയോടെ ഇന്ത്യയും

രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ പത്താമത്തെ പ്രസിഡന്റ് ആരെന്ന് വ്യാഴാഴ്ച അറിയാം. ഗ്രീസിലെ കോസ്റ്റ നവറിഹോയിൽ ഇന്നു മുതൽ 21 വരെ നടക്കുന്ന ഐ. ഒ .സി.യുടെ 144-ാമത് സെഷനിൽ ആണ് തിരഞ്ഞെടുപ്പ്. വ്യാഴാഴ്ച കിഴക്കൻ യൂറോപ്യൻ സമയം വൈകുന്നേരം നാലിന് വോട്ടെടുപ്പ്. ഏഴുമണിക്ക് നിയുക്ത പ്രസിഡന്റ് ഉൾപ്പെട്ട വാർത്താ സമ്മേളനം നടക്കും.
ചരിത്രത്തിൽ ആദ്യമായി, ഇത്തവണ ഏഴു സ്ഥാനാർത്ഥികൾ ആണു മത്സര രംഗത്തുള്ളത്. അമേരിക്കയിൽ നിന്ന് ആരും മത്സരിക്കുന്നില്ലെങ്കിലും ആകാംക്ഷയോടെയാണ് യു.എസ്. ഒളിംപിക് സംഘടന തിരഞ്ഞെടുപ്പിനെ കാണുന്നത്. കാരണം പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരിക്കും 2028 ലെ ലൊസാഞ്ചലസ് ഒളിംപിക്‌സ് സംഘടിപ്പിക്കുക. ഇന്ത്യക്കും ആകാംക്ഷയുണ്ട്. 2036 ലെ ഒളിംപിക്സിന് വേദിയാകാൻ അഹമ്മദാബാദും മത്സര രംഗത്തുണ്ട്. നിലവിലെ പ്രസിഡന്റ്, ജർമ്മനിയുടെ തോമസ് ബാക്ക് ജൂൺ 23ന് സ്ഥാനമൊഴിയും. പുതിയ പ്രസിഡന്റ് അന്നു തന്നെ സ്ഥാനമേൽക്കും.
തോമസ് ബാക്ക് 2013ലാണ് ഐ.ഒ.സി. പ്രസിഡന്റായത്. ഒളിംപിക് ചാർട്ടറിലെ ഭേദഗതി അനുസരിച്ച് എട്ടു വർഷമാണ് കാലാവധി. അതു കഴിഞ്ഞാൽ നാലു വർഷത്തേക്കു ദീർഘിപ്പിക്കാം. ബാക്ക് ജൂണിൽ 12 വർഷം പൂർത്തിയാക്കുകയാണ്. ജോർദാനിലെ ഫെയ്‌സൽ അൽ ഹുസൈൻ രാജകുമാരൻ(മോട്ടോർ സ്‌പോർട്, വോളിബോൾ), ഒളിംപ്യൻ സെബാസ്റ്റ്യൻ കോ( അത്ലറ്റിക്സ്, ബ്രിട്ടൻ), കിർ സ്റ്റി കവെൻട്രി (അക്വാറ്റിക്‌സ്, സിംബാബ്വെ ), ജോൺ ഇലിയാഷ്(സ്വീഡൻ, സ്‌കീ, സ്‌നോബോർഡ്), ഡേവിഡ് ലപ്പാർടിയന്റ്(ഫ്രാൻസ്, സൈക്ക്‌ളിങ്), യുവാൻ അന്റോണിയോ സമറാഞ്ച് ജുനിയർ (സ്‌പെയിൻ, സാമ്പത്തിക വിദഗ്ധൻ), മോരിനാരി വതാനബെ(ജപ്പാൻ, ജിംനാസ്റ്റിക്‌സ്) എന്നിവരാണ് മത്സരരംഗത്തുള്ളത്.
സെബാസ്റ്റ്യൻ കോയും കിർസ്റ്റി കവെൻട്രിയും ഒളിംപിക് സ്വർണ്ണ മെഡൽ ജേതാക്കളാണ്. മത്സര രംഗത്തുള്ള ഏക വനിതയുമാണ് കിർസ്റ്റി. സെബാസ്റ്റ്യൻ കോ മൂന്നാം തവണയും വേൾഡ് അത്‌ലറ്റിക്‌സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2027 വരെയാണ് പുതിയ കാലാവധി. 2012 ലെ ലണ്ടൻ ഒളിംപിക്‌സിന്റെ മുഖ്യ സംഘാടനകനായിരുന്നു. യുവാൻ അന്റോണിയോ സമറാഞ്ച് ജൂനിയർ മുൻ ഐ.ഒ.സി. പ്രസിഡന്റിന്റെ പുത്രനാണ്. സ്ഥാനാർത്ഥികൾ ഏഴുപേരും ഒളിംപിക്‌സ് സംബന്ധിച്ച തങ്ങളുടെ ലക്ഷ്യവും കാഴ്ചപ്പാടുമൊക്കെ കഴിഞ്ഞ ജനുവരി 30ന് സ്വിറ്റ്‌സർലൻഡിലെ ലൊസാനിലെ ഐ.ഒ.സി.ആസ്ഥാനത്ത് നടന്ന ഐ.ഒ.സിയുടെ സമ്പൂർണ യോഗത്തിൽ അവതരിപ്പിച്ചിരുന്നു.

രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ്. 109 പേരായിരിക്കും വോട്ട് രേഖപ്പെടുത്തുക.ഐ.ഒ.സി. അംഗങ്ങളുടെ പ്രായപരിധി 70 വയസാണ്.ഐ.ഒ.സിയിൽ 110 അംഗങ്ങൾ ഉണ്ടെങ്കിലും കുവൈറ്റിലെ ഷെയ്ക്ക് അഹമ്മദ് അൽ ഫഹദ് അൽ സബായെ സസ്പെപെൻഡ് ചെയ്തിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് നിത അംബാനി ഉണ്ട്. രാജാ രൺധീർ സിങ് 2014 നു ശേഷം ഓണററി അംഗമാണ്. ഓണററി അംഗത്തിന് വോട്ടില്ല. പതിവിലേറെ വീറും വാശിയും ഇക്കുറി തിരഞ്ഞെടുപ്പിനുണ്ട്. വിഡിയോ, പൊതുയോഗം തുടങ്ങിയവയിലൂടെയൊന്നും സ്ഥാനാർഥികൾക്ക് പ്രചാരണം നടത്താനാകില്ല.
ഗ്രീസിലെ ഡെമിട്രിയസ് വികെലാസ് ആണ് ഐ.ഒ.സി.യുടെ സ്ഥാപക പ്രസിഡന്റ്(1894-96). അദ്ദേഹത്തെത്തുടർന്ന് സാരഥ്യമേറ്റ ഫ്രാൻസിന്റെ പിയെർ ഡെ കുബെർടിൻ ആണ് ആധുനിക ഒളിംപിക്‌സിന്റെ പിതാവ്. ഒളിംപിക്‌സ് പുനർജീവിപ്പിച്ചത് അദ്ദേഹമാണ്. 1925 വരെ, 29 വർഷവും 48 ദിവസവും അദ്ദേഹം പ്രസിഡന്റ് ആയിരുന്നു. കുബെർടിൻ കഴിഞ്ഞാൽ കൂടുതൽ കാലം സാരഥിയായിരുന്നത് അമേരിക്കയുടെ ഏവരി ബ്രുണ്ടേജും(1952-72) സമറാഞ്ച് സീനിയറും(1980-2001) ആണ്.
ഇപ്പോഴത്തെ സ്ഥാനാർത്ഥികളിൽ ഏറ്റവും സീനിയർ ആയ ഐ.ഒ.സി. അംഗം സമറാഞ്ച് ജൂനിയർ ആണ്(2001 മുതൽ). രണ്ടാമത് ജോർദാൻ രാജകുമാരനാണ്(2010 മുതൽ). ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവിന്റെ സഹോദരനാണ് ഫെയ്‌സൽ രാജകുമാരൻ. ഒളിംപ്യൻ സെബാസ്റ്റ്യൻ കോയ്ക്ക് വിജയ സാധ്യത കാണുന്നെങ്കിലും യൂറോപ്പിൽ നിന്നു നാലു സ്ഥാനാർഥികൾ ഉള്ളത് വെല്ലുവിളിയാണ്. ഏഷ്യയിൽ നിന്നോ ആഫ്രിക്കയിൽ നിന്നോ ആരും ഇതുവരെ ഐ.ഒ.സി.പ്രസിഡൻ്റ് ആയിട്ടില്ല.
Story Highlights : Race for International Olympic Committee president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here