Advertisement

ചരിത്രമെഴുതി കിർസ്റ്റി കവൻട്രി; അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ്

March 21, 2025
Google News 1 minute Read

കിർസ്റ്റി കവൻട്രി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ്. പദവിയിലെത്തുന്ന ആദ്യ വനിതയാണ് കിർസ്റ്റി കവൻട്രി. പദവിയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടത്തോടെയാണ് 41കാരിയായ കിർസ്റ്റി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ തലപ്പത്തേക്ക് എത്തുന്നത്. ആഫ്രിക്കൻ വൻകരയിൽ നിന്ന് ഐഒസി തലപ്പത്ത് ഒരാൾ എത്തുന്നതും ഇതാദ്യമായിട്ടാണ്.

രണ്ട് സ്വർണ്ണമുൾപ്പടെ 7 ഒളിമ്പിക് മെഡലുകൾക്ക് ഉടമയായ കിർസ്റ്റി സിംബാബ്‌വെയുടെ കായിക മന്ത്രി കൂടിയാണ്. “വർഷങ്ങൾക്കുമുമ്പ് സിംബാബ്‌വെയിൽ നീന്താൻ തുടങ്ങിയ ആ പെൺകുട്ടിക്ക് ഈ നിമിഷം സ്വപ്നം കാണാൻ പോലും കഴിഞ്ഞില്ല,” ഐ‌ഒ‌സി തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം കിർസ്റ്റി പറഞ്ഞു. “എല്ലാവരെയും ഒന്നിപ്പിക്കാനും, പ്രചോദിപ്പിക്കാനും, അവസരങ്ങൾ സൃഷ്ടിക്കാനും സ്പോർട്സിന് സമാനതകളില്ലാത്ത ശക്തിയുണ്ട്, ആ ശക്തി അതിന്റെ പരമാവധി പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്,” കിർസ്റ്റി കൂട്ടിച്ചേർത്തു.

2018 മുതൽ 2021 വരെ തോമസ് ബാക്ക് അധ്യക്ഷനായ എക്സിക്യൂട്ടീവ് ബോർഡിൽ അത്‌ലറ്റ് പ്രതിനിധിയായി സേവനമനുഷ്ഠിച്ച കോവെൻട്രി ഐ‌ഒ‌സിയിലെ ഒരു പ്രധാന വ്യക്തിയായിരുന്നു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലാണ് പുതിയ പ്രസി‍ഡന്റിനെ തിരഞ്ഞെടുത്തത്. ഏഴു പേരായിരുന്നു മത്സരരം​ഗത്തുണ്ടായിരുന്നത്.

പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരിക്കും 2028 ലെ ലൊസാഞ്ചലസ് ഒളിംപിക്‌സ് സംഘടിപ്പിക്കുക. നിലവിലെ പ്രസിഡന്റ്, ജർമ്മനിയുടെ തോമസ് ബാക്ക് ജൂൺ 23ന് സ്ഥാനമൊഴിയും. പുതിയ പ്രസിഡന്റ് അന്നു തന്നെ സ്ഥാനമേൽക്കും. തോമസ് ബാക്ക് 2013ലാണ് ഐ.ഒ.സി. പ്രസിഡന്റായത്. ഒളിംപിക് ചാർട്ടറിലെ ഭേദഗതി അനുസരിച്ച് എട്ടു വർഷമാണ് കാലാവധി. അതു കഴിഞ്ഞാൽ നാലു വർഷത്തേക്കു ദീർഘിപ്പിക്കാം. ബാക്ക് ജൂണിൽ 12 വർഷം പൂർത്തിയാക്കുകയാണ്.

കിർസ്റ്റിയെ കൂടാതെ ജോർദാനിലെ ഫെയ്‌സൽ അൽ ഹുസൈൻ രാജകുമാരൻ(മോട്ടോർ സ്‌പോർട്, വോളിബോൾ), ഒളിംപ്യൻ സെബാസ്റ്റ്യൻ കോ( അത്ലറ്റിക്സ്, ബ്രിട്ടൻ), ജോൺ ഇലിയാഷ്(സ്വീഡൻ, സ്‌കീ, സ്‌നോബോർഡ്), ഡേവിഡ് ലപ്പാർടിയന്റ്(ഫ്രാൻസ്, സൈക്ക്‌ളിങ്), യുവാൻ അന്റോണിയോ സമറാഞ്ച് ജുനിയർ (സ്‌പെയിൻ, സാമ്പത്തിക വിദഗ്ധൻ), മോരിനാരി വതാനബെ(ജപ്പാൻ, ജിംനാസ്റ്റിക്‌സ്) എന്നിവരായിരുന്നു മത്സരരം​ഗത്തുണ്ടായിരുന്നത്.

Story Highlights : Kirsty Coventry elected IOC president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here