Advertisement

തരൂരിന്റെ വാക്കുകളിൽ വെട്ടിലാകാൻ കോൺഗ്രസിൻ്റെ ജീവിതം ഇനിയും ബാക്കി

March 19, 2025
Google News 2 minutes Read
Sashi Tharoor says congress should unite for next election

ഡോ. ശശി തരൂര്‍ കോണ്‍ഗ്രസിന് വീണ്ടും തലവേദന സൃഷ്ടിക്കുകയാണോ? കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായ നരേന്ദ്രമോദിയെ പുകഴ്ത്തിക്കൊണ്ടാണ് ശശി തരൂർ വീണ്ടും വാർത്തകളിൽ നിറയുന്നത്. ലോകസമാധാനം പുസ്ഥാപിക്കുന്നതില്‍ പങ്കുവഹിക്കാന്‍ കഴിയുന്ന ലോകനേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാറിയെന്നും യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടെ നിലപാട് ശരിയായ നയതന്ത്രമായിരുന്നു എന്നുമാണ് ഡല്‍ഹിയില്‍ ‘റായ്‌സിന ഡയലോഗില്‍’ ശശിതരൂര്‍ എംപി അഭിപ്രായപ്പെട്ടത്.

രാഷ്ട്രീയമായി കോൺ​ഗ്രസിന് ഒരിക്കലും അം​ഗീകരിക്കാൻ കഴിയാത്ത പ്രസ്താവനയാണ് പാർട്ടി പ്രവര്‍ത്തക സമിതി അംഗം കൂടിയായ ശശി തരൂരിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് കേരളത്തിലെ ശശി തരൂര്‍ ആരാധകരും പാര്‍ട്ടി പ്രവര്‍ത്തകരും.

നേരത്തെയും ശശി തരൂര്‍ മോദിയെ പ്രകീര്‍ത്തിച്ച് അഭിപ്രായപ്രകടനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും പുതിയ പ്രസ്താവന കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ്. കാരണം, യുക്രെയ്ന്‍ – റഷ്യ യുദ്ധത്തില്‍ മോദി കൈക്കൊണ്ട നിലപാടിനെ എതിര്‍ത്തത് തെറ്റായിപ്പോയെന്നാണ് തരൂര്‍ പറയുന്നത്. റഷ്യയുമായും യുക്രെയ്നുമായും നല്ല ബന്ധം സ്ഥാപിക്കാന്‍ മോദിക്ക് കഴിഞ്ഞു. പാര്‍ലമെന്റില്‍ മുമ്പ് നടത്തിയ പ്രസംഗമാണ് ശശി തരൂര്‍ തിരുത്തിയത്. ഇത് കോണ്‍ഗ്രസിന്റെ തന്നെ നിലപാടിനെ ചോദ്യം ചെയ്യും വിധമാണെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ.

ശശി തരൂരിന്റെ പ്രസ്താവന ബിജെപി നേതാക്കളും അണികളും വന്‍ ആഘോഷമാക്കുകയാണ്. ബിജെപി സംസ്ഥാന നേതൃത്വവും ദേശീയ നേതാക്കളും ശശി തരൂരിന്റെ പ്രസംഗത്തെ പുകഴ്ത്തി രംഗത്തെത്തിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്തമല്ല.

മോദിയുടെ യുഎസ് സന്ദര്‍ശനത്തേയും പ്രസിഡന്റ് ട്രംപുമായുള്ള വൈറ്റ്ഹൗസ് കൂടിക്കാഴ്ചയേയും ശശി തരൂർ പുകഴ്ത്തിയിട്ട് ഏറെ നാളൊന്നും ആയില്ല. അന്ന് തരൂരിനെ കോണ്‍ഗ്രസിന് പരസ്യമായി തള്ളിപ്പറേയണ്ടിവന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ വ്യവസായ വളര്‍ച്ചയെ പ്രകീര്‍ത്തിച്ച് തരൂര്‍ വീണ്ടും കോൺ​ഗ്രസിന് തലവേദനയുണ്ടാക്കിയത്. കേരളത്തില്‍ വികസന മുരടിപ്പെന്ന ആരോപണമുന്നയിച്ച് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിക്കാനുള്ള കെപിസിസിയുടെ തീരുമാനത്തിന് തൊട്ടുപിന്നാലെയായിരുന്നു തരൂരിന്റെ സെൽഫ് ഗോൾ. ശശി തരൂര്‍ ഇടതുപക്ഷത്തേക്ക് ചേക്കേറുന്നുവോ എന്നുപോലും സംശയം ജനിപ്പിക്കുന്നതായിരുന്നു വിവാദം. ഒരാഴ്ചക്കാലം തരൂര്‍ യുഡിഎഫിനെ വെള്ളം കുടിപ്പിച്ചെങ്കിലും ഡല്‍ഹിയിലെ നീക്കത്തോടെ വിഷയം കെട്ടടങ്ങുകയായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ ലേഖനത്തെ ഹൈക്കമാൻഡ് തള്ളിപ്പറഞ്ഞു. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഒഴിവാക്കണമെന്ന് നിർദേശവും നൽകി.

കേരളത്തില്‍ പരിഗണിക്കപ്പെടുന്നില്ലെന്നും ദേശീയതലത്തില്‍ ചുമതലകള്‍ ഒന്നും ഏല്‍പ്പിക്കുന്നില്ലെന്നും ശശി തരൂരിന് പരാതിയുള്ളതായി കരുതുന്നവരുണ്ട്. എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം ശശി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകാന്‍ ലക്ഷ്യമിട്ടിരുന്നു. ആദ്യഘട്ടത്തില്‍ എ ഗ്രൂപ്പ് നേതാക്കളില്‍ ചിലരുടെ പിന്തുണ ലഭിച്ചെങ്കിലും പിന്നീട് അവർ കയ്യൊഴിഞ്ഞു.

ശശി തരൂർ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ നീക്കം നടത്തുകയാണോ എന്ന ചർച്ചയും സജീവമാണ്. കെ മുരളീധരനെപ്പോലുള്ള നേതാക്കള്‍ പരസ്യമായും മറ്റുചില നേതാക്കള്‍ പരോക്ഷമായും ശശി തരൂരിനെ വിമര്‍ശിക്കുകയാണ്. അഭിപ്രായഭിന്നത രൂക്ഷമായതിനെത്തുടര്‍ന്ന് തരൂരുമായി രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന ഹൈക്കമാൻഡിന്റെ നിര്‍ദേശത്തോടെ തരൂര്‍ നിലപാട് മയപ്പെടുത്തി. ഇതോടെ തരൂര്‍ നേതൃത്വത്തിന് വഴങ്ങി മുന്നോട്ടെന്ന പ്രതീതിയുണ്ടായി. തരൂരിനെ കേരളത്തില്‍ ഉപയോഗപ്പെടുത്താനുള്ള നിര്‍ദേശവും ഹൈക്കമാൻഡ് നല്‍കിയിരുന്നു. വിവാദങ്ങൾ കെട്ടടങ്ങിയെന്ന് കരുതിയപ്പോഴാണ് മോദി സ്തുതിയുമായി തരൂർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

Story Highlights : sashi tharoor sparks contraversy again praising narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here