തൊടുപുഴയിൽ നിന്ന് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി തൊടുപുഴ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കലയന്താനി ചെത്തിമറ്റത്തെ കേറ്ററിങ് ഗോഡൗണിലെ മാൻഹോളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാൻഹോളിൽ മൃതദേഹം ഒളിപ്പിച്ചുവെന്നാണ് കസ്റ്റഡിയിലുള്ള പ്രതികൾ പൊലീസിൽ നൽകിയ മൊഴി.ഇതേത്തുടർന്നായിരുന്നു ഇവിടെ പൊലീസം ഫോറെൻസിക്കും പരിശോധന ആരംഭിച്ചത്.
വലിയ രീതിയിലുള്ള ദുർഗന്ധം ഗോഡൗണിൽ ഉണ്ടായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമാണുള്ളത്. മൃതദേഹം മാൻഹോളിലിട്ട് കോൺക്രീറ്റ് ചെയ്തുവെന്നായിരുന്നു പ്രതികൾ പറഞ്ഞിരുന്നത്. ഫോറെൻസിക്ക് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മാത്രമേ മൃതദേഹം ബിജുവിന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയുകയുളൂ.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് ബിജു ജോസഫിനെ കാണാതാവുന്നത്. പിന്നീട് ഭാര്യ തൊടുപുഴ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതികളെ കണ്ടെത്തുന്നത്. ക്വട്ടേഷൻ നൽകിയാണ് ഈ കൊലപാതകം നടന്നതെന്നാണ് നിലവിലെ നിഗമനം. സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ ചില സംഘർഷങ്ങളും കൊലയ്ക്ക് കാരണമായി. കസ്റ്റഡിയിലായ മൂന്ന് പ്രതികളും ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരാണ്.
എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിച്ചത്.
Story Highlights : Body of missing Biju Joseph found in Thodupuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here