Advertisement

ഗിത്താറില്‍ നിന്ന് ലഹരിയിലേക്ക് വഴുതിപോയ അനീഷ് ജീവിതം തിരിച്ചുപിടിച്ച കഥ

March 22, 2025
Google News 2 minutes Read

പ്രിയപെട്ട ജെറാൾഡ്,

ഇന്നലെ നമ്മുടെ അനീഷ് വീണ്ടും ജോലിക്കു കയറി. നമ്മളന്ന് അവന്റെ വീട്ടിൽ പോയപ്പോൾ ഗിറ്റാറുമെടുത്ത് അവൻ നമ്മോടൊപ്പം ക്രിസ്മസ്പാട്ടുകൾ പാടിയതു നീയോർക്കുന്നില്ലേ? അന്നവൻ വല്ലപ്പോഴും സ്വല്പം കഞ്ചാവെടുക്കാറുണ്ടെന്നു പറഞ്ഞപ്പോൾ നമ്മളിരുവരും വ്യത്യസ്തമായാണു പ്രതികരിച്ചത്. ലഹരിയോടു യാതൊരുവിധ ചങ്ങാത്തവും നല്ലതല്ലെന്നു ഞാൻ പറഞ്ഞപ്പോൾ, “ജീവിതത്തിൽ അല്പം ലഹരിയൊക്കെ വേണ്ടേ?” എന്ന നിലപാടാണു നീ സ്വീകരിച്ചത്. എന്തായാലും ദീർഘമായ ചികിത്സകൾക്കുശേഷം നമ്മുടെ അനീഷ് ജീവിതത്തിലേക്കു മടങ്ങിവന്നിരിക്കുകയാണ്.

ലഹരിയെക്കുറിച്ചുള്ള ചർച്ചകളിൽ സാധാരണയായി കേൾക്കാറുള്ള ഒരു വാദമുണ്ട്: “പലവിധം ലഹരികളുണ്ട്. ലഹരി അതിൽത്തന്നെ ഒരു പ്രശ്നമല്ല. ലഹരിക്കടിമപ്പെടുന്നതാണു യഥാർത്ഥ പ്രശ്നം. അതു സംഭവിക്കാതെ നോക്കിയാൽ മതി”. ഇങ്ങനെ ചിന്തിക്കുന്ന അനേകം പേർ നമ്മുടെയിടയിലുണ്ട്. ലോകാരോഗ്യസംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾപ്രകാരം ആറുലക്ഷം മനുഷ്യരാണ് ലഹരിവസ്തുക്കളുടെ ഉപയോഗംമൂലം പ്രതിവർഷം മരിക്കുന്നത്. അവരിൽ ചിലരെങ്കിലും തുടക്കത്തിൽ ഒരുപക്ഷേ ഇതുപോലെ വിചാരിച്ചിട്ടുണ്ടാവാം. ഹോസ്റ്റലിൽ താമസിക്കുന്ന കാലത്തു കൂട്ടുകാരോടൊപ്പം രാവേറെ പാട്ടുപാടിയിരിക്കുമ്പോഴാണ് അനീഷ് കഞ്ചാവുപയോഗിച്ചു തുടങ്ങിയത്. അന്നതു തടയാനാരും ഉണ്ടായിരുന്നില്ല. ക്രമേണ അവൻ മറ്റു മയക്കുമരുന്നുകളും ഉപയോഗിച്ചുതുടങ്ങി.

അധികം വൈകാതെ അവൻ ബാൻഡ് ട്രൂപ്പിൽത്തന്നെ പോകാതായി. എഞ്ചിനീയറിങ്ങ് പഠനം പാതിവഴിക്കുപേക്ഷിച്ചു. ഹോസ്റ്റലിൽനിന്നും വീട്ടിൽ മടങ്ങിയെത്തിയതിനുശേഷം അവൻ വല്ലാത്തൊരു അവസ്ഥയിലായതും, ‘കഞ്ചാവ് അനീഷ്’ എന്ന വട്ടപ്പേരു വീണതും സാമൂഹികമായി ഒറ്റപ്പെട്ടതും നിനക്കറിയാമല്ലോ? അവന്റെ സ്വഭാവത്തിനു യാതൊരു വ്യത്യാസവും വരുന്നില്ലെന്നു കണ്ടപ്പോൾ, കൂട്ടുകാരി റെബേക്ക അവരുടെ ദീർഘകാലത്തെ പ്രണയം അവസാനിപ്പിക്കുന്നതിനു നിർബ്ബന്ധിതയായി.


അവന്റെ ബന്ധുക്കൾ ഇടപെട്ടതിനെത്തുടർന്ന് നമ്മളെല്ലാവരും ചേർന്ന് അനീഷിനെ ചികിത്സയ്ക്കു കൊണ്ടുപോയതു നീ ഓർക്കുന്നുണ്ടാകുമല്ലോ? അനീഷിനെ സ്നേഹിച്ചിരുന്ന ചില അധ്യാപകർ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തപ്പോൾ അവനെ നമ്മൾ അവരുടെ അടുത്തു കൊണ്ടുപോകുകയും അങ്ങനെയവൻ പഠിത്തം പൂർത്തിയാക്കുകയും ചെയ്തു. റിസൾട്ടു വന്ന ദിവസം അവനെന്തു സന്തോഷവാനായിരുന്നെന്നു നീ കണ്ടതല്ലേ? ഇന്നവൻ ജോലിയിൽ പ്രവേശിച്ചിരിക്കുന്നു! ഒരിക്കൽ നഷ്ടപ്പെട്ട ജീവിതം അവൻ തിരിച്ചു പിടിച്ചിരിക്കുകയാണ് — ഒരു രണ്ടാംജന്മം പോലെ. വിദേശത്തിരുന്ന് ഈ വാർത്ത കേൾക്കുമ്പോൾ നീ എത്രമാത്രം സന്തോഷിക്കുന്നുണ്ടെന്ന് എനിക്കറിയാം.

ജീവിതമെന്ന ലഹരി ആസ്വദിക്കാൻ തുടങ്ങേണ്ടുന്ന പ്രായത്തിൽത്തന്നെ അതു ലഹരിയിൽ മുങ്ങുന്ന അനേകം ചെറുപ്പക്കാർ നമ്മുടെ ചുറ്റിലുമുണ്ട്. ലഹരി നമ്മുടെ വ്യക്തിജീവിതത്തെയും സാമൂഹികജീവിതത്തെയും കാർന്നുതിന്നുന്നതിനുമുൻപ് ലഹരിയുടെ വ്യാപനത്തിന്റെ പുറകിലുള്ള കാരണങ്ങളെ മനസ്സിലാക്കി പ്രതിരോധിക്കേണ്ടതുണ്ട്. അനീഷിനെപ്പോലെ കൗമാരപ്രായത്തിലാണ് മിക്കവരും ലഹരിയുപയോഗിച്ചു തുടങ്ങുക. സുഹൃത്തുക്കളുടെ പ്രേരണ, കൗതുകം, വിദ്യാലയത്തിലെയോ ഭവനത്തിലെയോ മാനസികസമ്മർദ്ദങ്ങൾ ഇവയൊക്കെയാകാം ലഹരിവസ്തുക്കളിലേക്കുള്ള വഴിയൊരുക്കുന്നത്. ചിലരിലെങ്കിലും, സമൂഹം വിലക്കുകല്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിന്റെ ത്രില്ലും ഒരു കാരണമാകാം. സാധാരണയായി ഏറ്റവുമടുത്ത സുഹൃത്തുക്കൾക്കുമാത്രമേ ഇതേപ്പറ്റി അറിവുണ്ടാവുകയുള്ളു. ബന്ധുക്കളും കോളേജധികൃതരും അറിയുന്നതോടെ ചിലരെങ്കിലും ലഹരിയുടെ ഉപയോഗം അവസാനിപ്പിക്കും. അതുകൊണ്ടുതന്നെ, ബന്ധുക്കളുടെയും അധികൃതരുടെയും പ്രതികരണവും സമീപനവും വളരെയധികം നിർണ്ണായകമാണ്. ലഹരിയുപയോഗിക്കുന്നവരെ കുറ്റവാളികളാക്കി പൊതുവിചാരണ നടത്താതെ ആവശ്യമായ ചികിത്സയും കൂട്ടായ്മയും നൽകുകയാണെങ്കിൽ ജീവിതത്തിലേക്കുള്ള മടക്കയാത്ര അവർക്കു സാധ്യമാകും.

ലഹരിയുടെ ആസക്തിയിൽനിന്നും രക്ഷപെടുന്നതിനുള്ള ഈ ആദ്യാവസരം നഷ്ടമായാൽ പിന്നെയൊരു മടങ്ങിവരവ് ദുഷ്കരമാണ്. തുടർച്ചയായ ലഹരിയുടെ ഉപയോഗം തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ കീഴടക്കിത്തുടങ്ങും. നിസ്സാരകാര്യങ്ങളോടു തീവ്രമായി പ്രതികരിക്കുന്നതും അക്രമവാസന കാണിക്കുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. ചിലരിൽ ഈ ഘട്ടത്തിൽ നിർവ്വികാരതയാവും പ്രധാന ഭാവം. മിക്കവർക്കും പഠനത്തിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു കഴിയാതെവരും. കൂടുതൽ സമയം ഒറ്റയ്ക്കു മുറിയിൽ അടച്ചിരിക്കുന്നതിനോ, മയക്കുമരുന്നുപയോഗിക്കുന്നതിനായി പുതിയ കൂട്ടുകെട്ടുകൾ കണ്ടെത്തുന്നതിനോ അവർ താത്പര്യപ്പെടും. കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങളും സാമൂഹികജീവിതത്തിൽ ഒറ്റപ്പെടലും അവർക്കു നേരിടേണ്ടിവരും.

ഇവിടെയാണ് നല്ല രക്ഷിതാക്കൾക്കും കൂട്ടുകാർക്കും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിനു സാധിക്കുന്നത്. കൗൺസിലിങ്ങിനോടൊപ്പം ചികിത്സയും അവർക്കാവശ്യമായ ഘട്ടമാണിത്. എന്നാൽ, ഒരു പനി ചികിത്സിച്ചു മാറ്റുന്നതുപോലെ എളുപ്പമല്ല ലഹരിയുടെ ചികിത്സ. ആ വ്യക്തി ആഗ്രഹിച്ചാൽത്തന്നെ സ്വയം നിയന്ത്രിക്കുന്നതിനു കഴിഞ്ഞെന്നുവരില്ല. ചിലപ്പോൾ ആസക്തി വീണ്ടുമുണ്ടാവാം. ഇവയൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഒറ്റപ്പെടുത്തിയും കുറ്റപ്പെടുത്തിയും മാറ്റിനിർത്താതെ അവരോടൊപ്പം ചികിത്സാവേളയിൽ സഹയാത്രികരാകുന്നതിലൂടെ മാത്രമേ ലഹരിയുടെ അടിമത്തത്തിൽനിന്നും അവരെ വിമോചിപ്പിക്കുന്നതിനു സാധിക്കൂ. ബന്ധുക്കളും സ്നേഹിതരും ഒറ്റപ്പെടുത്തുകയും തക്കസമയത്ത് ചികിത്സ ലഭിക്കാതിരിക്കുകയും ചെയ്താൽ അവർ പൂർണ്ണമായും ലഹരിക്ക് അടിമകളാകും. ലഹരിവസ്തുക്കൾ ലഭിക്കുന്നതിനായി എന്തു ജോലിയും ചെയ്യാൻ അവർ തയ്യാറാവും. ലഹരിമരുന്നുകളുടെ വാഹകരായും ക്രിമിനൽസംഘങ്ങളുടെ പാവകളായും ഈ ഘട്ടത്തിൽ അവർ മാറാം.

ലഹരിയെ ഒരു പൊതുജനാരോഗ്യവിഷയമായി തിരിച്ചറിഞ്ഞ്, ചികിത്സയിലൂടെ ലഹരിയോടുള്ള ആസക്തിയെ സൗഖ്യമാക്കുന്നതിനായുള്ള സാമൂഹികബോധവും ഇടപെടലുകളുമാണ് ഇന്ന് അവശ്യമായിരിക്കുന്നത്. ലഹരിയ്ക്കടിമകളായ വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും പൈശാചികവത്കരിക്കാതെ അതിനു കാരണമാകുന്ന സാമൂഹിക, ശാരീരിക, മാനസിക അനാരോഗ്യത്തെ സൗഖ്യമാക്കുന്ന സൗഹൃദങ്ങളും കൂട്ടായ്മകളുമാണ് നമുക്കിന്നു വേണ്ടത്. അനീഷിന്റെ മടങ്ങിവരവിൽ അവനു കൂട്ടായ്മ നൽകുന്നതിനു നമുക്കു സാധിച്ചത് എത്ര സന്തോഷകരമാണ്!
അനീഷ് ഒരു പുതിയ പ്രസ്ഥാനം ആരംഭിക്കുകയാണ്. ‘കൂടെയുണ്ട്!’ എന്നാണ് അതിനവൻ പേരിട്ടിരിക്കുന്നത്. ലഹരിയുടെ ആസക്തിയിൽ അകപ്പെട്ടവർക്കു കൂട്ടായ്‌മയൊരുക്കുന്ന ഒരു സുഹൃദ്‌സംഘമാണത്. നമുക്കും ഈ കൂട്ടായ്മയിൽ കണ്ണിചേരാം.

സ്നേഹപൂർവ്വം,
മനു.

(ഡോ. മനു വർഗ്ഗീസ് എം.: കേരളസർക്കാരിന്റെ ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസറായും സത്ഗമയ പ്രോജക്ടിന്റെ കൺവീനറായും പ്രവർത്തിക്കുന്നു).

ഉള്ളെഴുത്തുകൾ എന്ന കത്ത് പുസ്തകത്തിൽ നിന്ന്

യുവജനങ്ങൾക്കിടയിൽ പ്രവർത്തിച്ചുവരുന്ന പ്രഗത്ഭരായ എൺപത് എഴുത്തുകാർ ന്യൂജെൻ കൂട്ടുകാർക്കെഴുതുന്ന സാങ്കൽപിക കത്തുകളാണ് ഉള്ളെഴുത്തുകൾ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. യുവജനങ്ങൾ ഇന്നനുഭവിക്കുന്ന സാമൂഹികവും വ്യക്തിപരവുമായ പ്രതിസന്ധികളുടെ മൂലകാരണങ്ങൾ ആഴത്തിൽ വിശകലനം ചെയ്യുകവഴി, അവയെ നേരിടാൻ ഈ കത്തുകൾ അവരെ സജ്ജമാക്കുന്നു. കത്തെഴുത്തിനെ ഒരു ഡിജിറ്റൽക്കാല സാഹിത്യരൂപമായി വികസിപ്പിക്കുന്നു എന്നതിനാൽ സാഹിത്യത്തിലും സാംസ്ക്കാരികപഠനങ്ങളിലും തത്പരരായവർക്കും ഈ കത്തുപുസ്തകം പുതിയൊരു വായനാനുഭവമൊരുക്കുന്നു.

ജീവിതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും ലളിതമായി സംവദിക്കുന്നവയാണീ കത്തുകൾ. പുതിയകാലം തുറക്കുന്ന സാധ്യതകളെ സർഗ്ഗാത്മകമായി ഉപയോഗിക്കാനും പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാനുമുള്ള ഉൾക്കാഴ്ചകൾ ഓരോ കത്തും പകരുന്നു. ശരിയുത്തരങ്ങൾ നൽകുന്നവയല്ല, അവയന്വേഷിക്കാൻ ന്യൂജെൻ യുവതയെ പ്രചോദിപ്പിക്കുന്നവയാണ് ഈ കത്തുകൾ.

യുവജനങ്ങളുടെ ജീവിതപരിസരങ്ങളെ രൂപപ്പെടുത്തുന്നതും സ്വാധീനിക്കുന്നതുമായ എൺപതു പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ഹൃദയഭാഷണമാണ് ഉള്ളെഴുത്തുകൾ. കത്തുകളുടെ രൂപത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം ഗൗരവമായ വായനയും തുടർചർച്ചകളും അർഹിക്കുന്നു എന്നാണ് സാറ ജോസഫ് പുസ്തകത്തെ കുറിച്ച് എഴുതിയത്.

‘മഷിക്കൂട്ടാ’ണ് (കോട്ടയം) പ്രസാധകർ. എഡിറ്റേർസ് – ജോർജ്ജ് സഖറിയ, ഷിജു സാം വറുഗീസ്, മോത്തി വർക്കി.

ഉള്ളെഴുത്തുകൾ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://sites.google.com/view/soulful-writings/book-shops-distributors

Story Highlights : Ullezhuthukal book

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here