‘കരുണാകരന്‍റെ ഓർമകള്‍ കരുത്തുപകരും’; സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സണ്ണി ജോസഫ്

കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് കെ കരുണാകന്റെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി സണ്ണി ജോസഫ്. കെ കരുണാകരന്റെ ഓർമ്മ കരുത്തുപകരുമെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. സഹഭാരവാഹികളായ എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ് എന്നിവർക്കൊപ്പമാണ് എത്തിയത്.ഉമ്മൻചാണ്ടിയുടെ കല്ലറയും ഇന്ന് സന്ദർശിക്കും. ചുമതലയേൽക്കും മുമ്പ് കോൺഗ്രസിന്‍റെ പഴയ നേതാക്കളെ അനുസ്മരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
കണ്ണൂരിൽ കെ സുധാകരൻ വളർത്തിക്കൊണ്ടുവന്ന നേതാവ് തന്നെയാണ് സുധാകരന് പിൻഗാമിയായി കെപിസിസി അധ്യക്ഷ പദവിയിലേക്ക് എത്തുന്നത് . കണ്ണൂരിലെ കോൺഗ്രസിന്റെ പ്രധാന നേതാക്കളിൽ ഒരാളായി സണ്ണി ജോസഫിനെ മാറ്റാനും പേരാവൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിപ്പിക്കാനും മുൻകൈയെടുത്തത് സുധാകരനായിരുന്നു.
സണ്ണി ജോസഫ് കണ്ണൂരിലെ കോൺഗ്രസിന്റെ അമരക്കാരനായിരുന്നു. ജില്ലയിലെ യുഡിഎഫിനെയും സണ്ണി ജോസഫ് നയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ ഇരിക്കൂർ മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുള്ള സണ്ണി ജോസഫ് പിൽക്കാലത്ത് യൂത്ത് കോൺഗ്രസിന്റെ ജില്ലാ അധ്യക്ഷനുമായി. 2011ൽ മുൻമന്ത്രി കെ കെ ശൈലജയെ സിറ്റിംഗ് സീറ്റായ പേരാവൂർ മണ്ഡലത്തിൽ തോൽപ്പിച്ചാണ് സണ്ണി ജോസഫിന്റെ നിയമസഭയിലേക്കുള്ള കന്നി വിജയം.. പേരാവൂരിൽ നിന്ന് മത്സരിപ്പിക്കാൻ സണ്ണി ജോസഫിനെ നിർദ്ദേശിച്ചതും കെ സുധാകരൻ ആയിരുന്നു. സുധാകരന് ഏറെ താല്പര്യമുള്ള നേതാവ് കൂടിയാണ് ഐ ഗ്രൂപ്പുകാരനായ സണ്ണി. കഴിഞ്ഞ മൂന്നുതവണ തുടർച്ചയായി പേരാവൂരിന്റെ എംഎൽഎയാണ്. നിലവിൽ നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനുമാണ്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായും പ്രവർത്തിച്ചു വരുന്നതിനിടെയാണ് ഹൈക്കമാൻഡ് സണ്ണി ജോസഫിന് പുതിയ കരീടം വെച്ച് നീട്ടുന്നത്.
Story Highlights : Sunny Joseph Pays Floral Tributes at K karunakaran memorial
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here