‘കെ.സുരേന്ദ്രൻ കൊള്ളാത്തത് കൊണ്ടാണ് മാറ്റിയത്; ആര് വിചാരിച്ചാലും BJPയെ രക്ഷപ്പെടുത്താൻ ആകില്ല’: EP ജയരാജൻ

ബിജെപിയെ രക്ഷപ്പെടുത്താൻ ആര് വിചാരിച്ചാലും സാധിക്കില്ലെന്ന് സിപിഐഎം നേതാവ് ഇപി ജയരാജൻ. കെ.സുരേന്ദ്രൻ കൊള്ളാത്തത് കൊണ്ടാണ് മാറ്റിയത്. പുതിയ പ്രസിഡൻ്റ് വരട്ടെ, കാണാം. രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
സംഘടനാ രംഗത്ത് പ്രവർത്തിച്ചിട്ടുള്ള ആളല്ല രാജീവ് ചന്ദ്രശേഖർ. അദ്ദേഹം വന്ന് പ്രവർത്തിക്കട്ടെ, അപ്പോൾ നിലപാട് മനസിലാക്കാമെന്നും ഇപി ജയരാജൻ പറഞ്ഞു. പ്രത്യേക കാലഘട്ടങ്ങളിൽ ബിജെപി ഉയർന്ന് വന്നിട്ടുണ്ടാകാമെന്നും എന്നാൽ അതുപോലെ തന്നെ തകർച്ചയും നാശവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കെ സുരേന്ദ്രൻ പ്രസിഡൻറ് ആകും എന്നായിരുന്നു ഇന്നലെവരെ വാർത്തകൾ. അധ്യക്ഷ സ്ഥാനത്തിനായി പലരും കുപ്പായം ഇട്ടു നടന്നവരാണ്. ബിജെപിക്ക് അകത്ത് പ്രശ്നങ്ങൾ ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. ബിജെപിയുടെ തലപ്പത്തുള്ളവരെല്ലാം മുതലാളിമാർ അല്ലെയെന്നും അദ്ദേഹം ചോദിച്ചു.
ചാനലും വ്യവസായവും ഒക്കെ നടത്തി നടക്കുകയാണ് നേതാക്കൾ. രാഷ്ട്രീയം അതിനു വേണ്ടിയല്ല, ജനങ്ങൾക്കു വേണ്ടിയുള്ളതാണെന്നും ഇപി ജയരാജൻ പ്രതികരിച്ചു. കെ സുരേന്ദ്രൻ കൊള്ളരുതാത്തതു കൊണ്ട് ബിജെപി ഒഴിവാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : E P Jayarajan Against K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here