എം കെ സ്റ്റാലിന്റെ മനസിലിരിപ്പ് ഇന്ത്യാസഖ്യത്തിന്റെ നേതൃത്വമോ ?

രാജ്യത്തെ ബിജെപി വിരുദ്ധചേരിയുടെ നേതൃസ്ഥാനത്തേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എത്തുമോ ? ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത ബിജെപി വിരുദ്ധ മുഖ്യമന്ത്രിമാരുടെ യോഗത്തിന്റെ പ്രധാന രാഷ്ട്രീയ അജണ്ട എന്തായിരുന്നു? കോണ്‍ഗ്രസ് വിരുദ്ധമുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത യോഗത്തില്‍ പ്രതിപക്ഷ ഐക്യം ഉറപ്പിക്കുകയാണോ സ്റ്റാലിന്‍ ലക്ഷ്യമിടുന്നത്? നിലവില്‍ ഹിന്ദിവിരുദ്ധപോരാട്ടം ശക്തിപ്പെട്ടിരിക്കുന്ന തമിഴ്നാട്ടില്‍ ബി ജെ പി വിരുദ്ധ ചേരിയുടെയോഗം വിളിച്ചുചേര്‍ത്തതിലൂടെ പ്രതിപക്ഷ നേതൃസ്ഥാനത്തെത്തുകയെന്ന തന്ത്രമാണോ എം കെ സ്റ്റാലിന്‍ ലക്ഷ്യമിടുന്നത്? ബി ജെ പി വിരുദ്ധസഖ്യത്തിലെ ഏഴ് മുഖ്യമന്ത്രിമാരുടെ സംയുക്തയോഗം വിളിച്ച സ്റ്റാലിന്‍ സ്റ്റാലിന്‍ പ്രതിപക്ഷസഖ്യം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണിതിലൂടെ. നേരത്തെ ബി ജെ പി വിരുദ്ധചേരിയെ നിയന്ത്രിച്ചിരുന്നത് തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാബാനര്‍ജിയും അരവിന്ദ് കെജരിവാളും ആയിരുന്നു. കെജരിവാള്‍ അധികാര ഭ്രഷ്ടനായതോടെ മമതാബാനര്‍ജിക്ക് ശക്തനായൊരു രാഷ്ട്രീയ പങ്കാളിയില്ലാതായി. ഇതോടയാണ് എം കെ സ്റ്റാലിന്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗംവിളിക്കാന്‍ മുന്‍കൈയെടുത്തത്. (MK Stalin joint action committee meeting explained)
രാജ്യത്തെ ലോക്സഭാ മണ്ഡലങ്ങള്‍ ജനസഖ്യാനുപാതികമായി പുന:ക്രമീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയായിരുന്നു സംയുക്തയോഗം. സിപിഐഎം അടക്കമുള്ള പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും ബി ജെ പി വിരുദ്ധപാര്‍ട്ടികളിലെ നേതാക്കളേയും ഒറ്റക്കുടക്കീഴില്‍ അണിനിരത്തുകയെന്നതായിരുന്നു ഡി എം കെ നേതാവിന്റെ സുപ്രധാന നീക്കം. പ്രതിപക്ഷനിരയിലെ മുഖ്യമന്ത്രിമാരെ സംഘടിപ്പിക്കുകയെന്ന ദൗത്യത്തില്‍ സ്റ്റാലിന്‍ വിജയം കൈവരിച്ചിരിക്കുന്നു. ഇത് കേന്ദ്രസര്‍ക്കാരിനെതിരേയുള്ള നീക്കമെന്നതിനപ്പുറത്തേക്കുള്ള രാഷ്ട്രീയ നീക്കം കൂടിയായാണ് വിലയിരുത്തുന്നത്. ദേശീയതലത്തില്‍ സ്ഥാനമുറപ്പിക്കുകകൂടിയാണ് സ്റ്റാലിന്‍.
പ്രതിപക്ഷനിരയില്‍ ശക്തമായ സാന്നിദ്ധ്യമാവാനുള്ള ചരടുവലികള്‍ നേരത്തേയും സ്റ്റാലിന്‍ നടത്തിയിരുന്നു. ബി ആര്‍ എസിന്റെ രൂപീകരിച്ച് രാജ്യത്തെ ഭരണം പിടിക്കുകയെന്ന നീക്കമായിരുന്നു കെ ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിലും നടന്നത്. ടി ഡി എസിനെ ബി ആര്‍ എസാക്കിയതും ഇത്തരം നീക്കത്തിന്റെ ഭാഗമായിരുന്നു.ഇന്ത്യാ സഖ്യം രൂപംകൊണ്ടതോടെ സ്റ്റാലിന്‍ നേതൃരംഗത്തേക്കുള്ള നീക്കം ഉപേക്ഷിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ സഖ്യത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ഈ അവസരത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൂറുമുന്നണിയുണ്ടാക്കാനും ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജരിവാളിനെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാനും ശ്രമം നടന്നിരുന്നു.
ഡല്‍ഹിയില്‍ അധികാരം നഷ്ടപ്പെട്ടതോടെ ആംആദ്മിയും അരവിന്ദ് കെജരിവാളും തികഞ്ഞ മൗനത്തിലാണ്. ഇതോടെ 39 എം പിമാരുടെ പിന്‍ബലമുള്ള ഡി എം കെ നേതാവ് സ്റ്റാലിന്‍ തന്നെ പ്രതിപക്ഷ ഐക്യത്തിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു.കേന്ദ്രസര്‍ക്കാരിനിന്റെ പുതിയ മണ്ഡലപുനര്‍ നിര്‍ണയ നീക്കത്തില്‍ ഏറ്റവും വലിയ നഷ്ടം നേരിടാന്‍പോവുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്നാട്. കുടുംബാസൂത്രണപദ്ധതി കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ ജനസഖ്യാനുപാതികമായി പുനര്‍നിര്‍ണയം നടത്തിയാല്‍ സീറ്റുകളുടെ എണ്ണം ഗണ്യമായി കുറയുകയും ഹിന്ദി ഹൃദയഭൂമിയില്‍ സീറ്റുകളുടെ എണ്ണം വര്‍ധിക്കും, ഇത് ബി ജെ പിക്ക് പാര്‍ലമെന്റില്‍ മൃഗീയാധിപത്യത്തിന് വഴിവെക്കുമെന്നും ബി ജെ പി വിരുദ്ധചേരി ആരോപണമുയര്‍ത്തിയിരുന്നു.
ചെന്നൈയില്‍ എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മുഖ്യമന്ത്രിമാര്‍ പങ്കെടുത്തിരുന്നു. ഇന്ത്യാ മുന്നണി ദുര്‍ബലമായ സാഹചര്യത്തില്‍ ഡി എം കെയുടെ നേതൃത്വത്തില്‍ നടത്തുന്ന ബി ജെ പി വിരുദ്ധ നീക്കത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെങ്കിലും കോണ്‍ഗ്രസ് ഡി എം കെയുടെ നീക്കത്തെ എങ്ങനെ കാണുമെന്നതും രാഷ്ട്രീയമായി ഏറെ ഗൗരവതരമാണ്. മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ സംസ്ഥാനങ്ങളുടെ ആശങ്ക രാഷ്ട്രപതിയെ അറിയിക്കാനാണ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
തമിഴ്നാടിന് പുറമെ കേരളം, കര്‍ണാടക, തെലങ്കാന, പഞ്ചാബ്, പശ്ചിമബംഗാള്‍, ഹിമാചല്‍ പ്രദേശ് എന്നീ സ്ംസ്ഥാനങ്ങളിലാണ് എന്‍ ഡി എ വിരുദ്ധ പാര്‍ട്ടികളുടെ ഭരണമുള്ളത്. ഡല്‍ഹി നഷ്ടമായതോടെ ആംആദ്മിപാര്‍ട്ടിയുടെ ബി ജെ പി വിരുദ്ധ നീക്കത്തിന് പ്രസക്തിയില്ലാതായി. അരവിന്ദ് കെജരിവാള്‍ എന്ന നേതാവുപോലും അപ്രസക്തനായി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പ്രതിപക്ഷ നിരയിലെ ഏറ്റവും ശക്തയായ നേതാാണെങ്കിലും കോണ്‍ഗ്രസിനും സി പി എമ്മിനും മമതാബാനര്‍ജിയുടെ നേതൃത്വത്തിനോട് താത്പര്യവുമില്ല, ഈ സാഹചര്യത്തില്‍ ഡി എം കെയുടെ നേതൃത്വത്തിലുള്ള നീക്കത്തിന് പ്രസക്തിയുണ്ട്. മണ്ഡലങ്ങളുടെ പുനക്രമീകരണ നീക്കത്തില്‍ പശ്ചിമബംഗാളിന് നഷ്ടങ്ങളുണ്ടാവില്ലെന്നതും തൃണമൂലിന് ഈ വിഷയത്തില്‍ രാഷ്ട്രീയ ആശങ്കയ്ക്ക് വകയില്ല.
പ്രധാനമായും നഷ്ടങ്ങളുണ്ടാവാന്‍ സാധ്യതയുള്ളത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായിരിക്കുമെന്നതിനാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബി ജെ പി വിരുദ്ധരെ ഒരുമിപ്പിക്കുകയാണ് ഡി എം കെ ലക്ഷ്യമിടുന്നത്. ഫെഡറല്‍ സംവിധാനത്തിനെതിരെയുള്ള നീക്കത്തെ ചെറുക്കുകയെന്നതാണ് ഡി എം കെ യുടെ പ്രധാനമുദ്രാവാക്യം.
Story Highlights : MK Stalin joint action committee meeting explained
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here