ആശങ്കയുടെ 37 ദിവസം; ഫ്രാൻസിസ് മാർപ്പാപ്പ ഇന്ന് ആശുപത്രി വിടും, വിശ്വാസികളെ അഭിവാദ്യം ചെയ്തേക്കും

ആഗോള കത്തോലിക്കാ സമൂഹത്തിന് ഇന്ന് ആശ്വാസ ഞായർ. നീണ്ട ആശുപത്രി ജീവിതത്തിന് ശേഷം ഫ്രാൻസിസ് മാർപ്പാപ്പ തിരികെയെത്തുന്നു. ഇന്ന് മാർപ്പാപ്പ ആശുപത്രി വിടുമെന്ന് ജെമെല്ലി ആശുപത്രി ഡോക്ടേഴ്സ് അറിയിച്ചു. അഞ്ച് ഞായറാഴ്ചകൾക്ക് ശേഷം മാർപ്പാപ്പ ഇന്ന് വിശ്വാസികളെ അഭിവാദ്യം ചെയ്തേക്കും. ആശുപത്രിയിലെ ജനാലയിലൂടെ ഫ്രാൻസിസ് മാർപ്പാപ്പ വിശ്വാസികളെ കാണുമെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു. മാർപ്പാപ്പയുടെ ആവശ്യത്തെ തുടർന്നായിരുന്നു ഇത്. ആശുപത്രി ചാപ്പലിൽ മാർപ്പാപ്പ പ്രാർഥിക്കുന്ന ചിത്രം വത്തിക്കാൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ആശുപത്രിയിൽ നിന്ന് മടങ്ങിയാലും എൺപത്തിയെട്ട് വയസുള്ള മാർപ്പാപ്പയ്ക്ക് ചുരുങ്ങിയത് രണ്ട് മാസത്തെ സമ്പൂർണ വിശ്രമം ആവശ്യമാണ്. മീറ്റിംഗുകളിലോ, കൂടിക്കാഴ്ചകളിലോ പങ്കെടുക്കാൻ കഴിയില്ല. ദുഃഖവെള്ളിയും ഈസ്റ്ററുമടക്കം ക്രൈസ്തവ വിശ്വാസികളുടെ വിശുദ്ധവാരത്തിന് ഒരു മാസത്തിൽ താഴെ മാത്രമാണ് ബാക്കി.
വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് ഫ്രാൻസിസ് മാർപ്പാപ്പ നേതൃത്വം നൽകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസി സമൂഹം. രണ്ടു ശ്വാസകോശങ്ങളിലും ന്യൂമോണിയാ ബാധിച്ചതിനെ തുടർന്നാണ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Story Highlights : Pope Francis to be discharged from hospital today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here