Advertisement

പ്രണവ് മോഹൻലാൽ നായകനാകുന്ന #NSS2 ചിത്രീകരണം ആരംഭിച്ചു

March 24, 2025
Google News 1 minute Read

ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി രൂപം കൊണ്ട നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് തങ്ങളുടെ രണ്ടാം നിർമ്മാണ സംരഭമായ NSS2 ന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടി നായകനായ, പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ബ്ലാക്ക് ആൻഡ് വൈറ്റ് ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഭ്രമയുഗം സംവിധായകൻ രാഹുൽ സദാശിവൻ ഒരുക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലാണ് നായകൻ.

നിർമ്മാതാവ് ചക്രവർത്തി രാമചന്ദ്ര 2021 ൽ രൂപം നൽകിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറർ ചിത്രങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധേയരാണ്.

രാഹുൽ സദാശിവനുമായി വീണ്ടും ഒന്നിക്കുന്നതിൽ തങ്ങൾ ഏറെ ആവേശഭരിതരാണെന്നും ഭ്രമയുഗത്തിന്റെ മികച്ച ടീമിനൊപ്പം ചേർന്ന് മറ്റൊരു അമ്പരപ്പിക്കുന്ന കഥക്ക് ജീവൻ പകരാനുള്ള ശ്രമത്തിലാണെന്നും നിർമ്മാതാക്കളായ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ പറഞ്ഞു. ഹൊറർ ത്രില്ലർ എന്ന വിഭാഗത്തിന്റെ സാദ്ധ്യതകൾ കൂടുതൽ ഉപയോഗിക്കുന്നതും പ്രണവ് മോഹൻലാൽ എന്ന നടന്റെ കഴിവിനെ ഇതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കുന്നതുമായിരിക്കും ഈ ചിത്രമെന്നും അവർ അഭിപ്രായപ്പെട്ടു.

തന്റെ ആശയങ്ങളെ പൂർണ്ണമായും പിന്തുണക്കുന്ന ഈ നിർമ്മാതാക്കൾക്കൊപ്പം വീണ്ടും ജോലി ചെയ്യുന്നത് ആവേശകരമാണെന്നും, ഭ്രമയുഗം ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയാണ് സമ്മാനിച്ചതെന്നും രാഹുൽ സദാശിവൻ പറഞ്ഞു. പ്രണവ് മോഹൻലാലിനൊപ്പം ജോലി ചെയ്യുന്നത് അതിഗംഭീരമായ ഒരനുഭവമാണെന്നും, NSS2 എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിലേക്ക് മറ്റൊരു അപൂർവ സിനിമാനുഭവം എത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025 ന്റെ അവസാന പാദത്തിൽ ചിത്രം തീയേറ്ററുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.

Story Highlights :Pranav Mohanlal’s #NSS2 shooting begins

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here