Advertisement

ലഹരി വ്യാപനം; എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും

March 24, 2025
Google News 2 minutes Read

സംസ്ഥാനത്തെ ലഹരി വ്യാപനം തടയാൻ സർക്കാർ രൂപരേഖ തയാറാക്കും. ഇതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സെക്രട്ടറിതല സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. എല്‍.പി ക്ലാസുകള്‍ മുതല്‍ തന്നെ ലഹരിവിരുദ്ധ ബോധവത്ക്കരണം തുടങ്ങണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പോലീസിന്റെയും എക്സൈസിന്റെയും സംയുക്ത പരിശോധന ശക്തമാക്കാനും അതിർത്തികളിൽ നിരീക്ഷണം കർശനമാക്കാനും തീരുമാനമുണ്ട്.

സംസ്ഥാനത്തെ ലഹരി വ്യാപനം തടയുന്നതിനായി ജനകീയ ക്യാമ്പയിനിന് തുടക്കമിടാനാണ് സർക്കാരിൻ്റെ തീരുമാനം. ഇപ്പോൾ ലഹരിക്കെതിരെ നടക്കുന്ന എല്ലാ പ്രചാരണ പരിപാടികളും സംയോജിപ്പിച്ച് ഏപ്രിൽ മാസം മുതൽ അതി വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുട്ടികളെ കായിക രംഗത്ത് ആകര്‍ഷിക്കാന്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കും. ഹോസ്റ്റലുകളും പൊതുഇടങ്ങളും ലഹരിമുക്തമാണെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. പോലീസിന്റെയും എക്‌സൈസിന്റെയും സംയുക്ത എന്‍ഫോഴ്‌സ്‌മെന്റ് കൂടുതല്‍ ഫലപ്രദമാക്കും. മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള ആധുനിക ഉപകരണങ്ങള്‍ വാങ്ങാനും സ്നിഫർ ഡോഗുകളുടെ സാന്നിധ്യം വർദ്ധിപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഓൺലൈൻ ലഹരി വ്യാപാരം തടയാനുള്ള നടപടികൾ ശക്തമാക്കും. എയർപോർട്ട്, റെയിൽവേ, തുറമുഖം എന്നിവ കേന്ദ്രീകരിച്ച് പരിശോധന ഊർജിതമാക്കും.

കൊറിയറുകള്‍, പാഴ്‌സലുകള്‍, ടൂറിസ്റ്റ് വാഹനങ്ങള്‍ തുടങ്ങി കേരളത്തിന്റെ അതിര്‍ത്തിയിലേക്ക് കടന്നുവരുന്ന വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ലഹരി വ്യാപനം ചെറുക്കുന്നതിനായി സമഗ്ര രൂപരേഖ തയാറാക്കുന്നതിനായി സെക്രട്ടറി തല സമിതി രൂപീകരിക്കും.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാകും സമിതി. രൂപരേഖ മന്ത്രിതല സമിതി ചർച്ച ചെയ്ത് തീരുമാനത്തിലേക്ക് പോകും. ഈ മാസം 30 ന് വിദഗ്ധരുടെയും വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടെയും യോഗവും നടക്കും.

Story Highlights : Strengthen fight against drug mafia, Kerala CM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here