ബലാത്സംഗവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധിപ്രസ്താവം; സ്വമേധയ കേസ് എടുത്ത് സുപ്രീംകോടതി

ബലാത്സംഗവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധിപ്രസ്താവത്തിൽ ഇടപെട്ട് സുപ്രീംകോടതി. സ്വമേധയ കേസ് എടുത്ത് സുപ്രീം കോടതി. വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതി നടപടി. അലഹബാദ് ഹൈക്കോടതിയുടെ വിധി വിവാദമായിരുന്നു. ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ച കേസ് പരിഗണിക്കും.
സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമോ ബലാത്സംഗശ്രമമോ ആയി കണക്കാക്കാൻ സാധിക്കില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. 11 വയസുള്ള കുട്ടിയുടെ മാറിടത്തിൽ മോശമായി സ്പർശിച്ച രണ്ട് യുവാക്കളുടെ കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. കുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതും പൈജാമ അഴിക്കാൻ ശ്രമിച്ചതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ ബെഞ്ച് വിധിക്കുകയായിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ വിവിധ കോണുകളിൽ നിന്ന് വൻ വിമർശനം ഉയർന്നിരുന്നു. നിയമവിദഗ്ധർ ഈ നിരീക്ഷണത്തെ അപലപിച്ചു, ജഡ്ജിമാർ സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകൾ കാരണം ജുഡീഷ്യറിയിലുള്ള പൊതുജനവിശ്വാസം കുറയുന്നുവെന്ന് കുറ്റപ്പെടുത്തി.
മാർച്ച് 17-ലെ വിധിന്യായത്തിലെ ആ വിവാദ ഭാഗം നീക്കം ചെയ്യാൻ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹർജിയിൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കൂടാതെ, ഭാവിയിൽ ജഡ്ജിമാർ ഇത്തരം വിവാദ പരാമർശങ്ങൾ നടത്തുന്നത് തടയാൻ സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
Story Highlights : Supreme Court takes note of Allahabad High Court’s controversial order
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here