Advertisement

കൊടകര കുഴൽപ്പണക്കേസ്; ബിജെപിക്ക് നേരിട്ട് ബന്ധം ഇല്ലെങ്കിൽ പണം മോഷണം പോയപ്പോൾ നേതാക്കൾ സ്ഥലത്തെത്തിയത് എന്തിന്, തിരൂർ സതീഷ്

March 26, 2025
Google News 2 minutes Read
thiroor satheesh

കൊടകര കുഴൽപ്പണക്കേസിൽ ഇ ഡി കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ചോദ്യങ്ങളുമായി ബിജെപി മുൻ ഓഫീസ് സെക്രട്ടറിയായ തിരൂർ സതീഷ്. പാർട്ടിക്ക് കേസുമായി ബന്ധമില്ലെങ്കിൽ എന്തിന് പണം മോഷണം പോയതിന് പിന്നാലെ നേതാക്കൾ സ്ഥലത്തെത്തി. ജില്ലാ നേതാക്കന്മാരും മേഖലയുടെ സംഘടന സെക്രട്ടറിമാരും അടക്കം സംഭവം നടന്ന സ്ഥലത്തെത്തിയിരുന്നു. ധർമരാജൻ ബിജെപി നേതാക്കളെ ബന്ധപ്പെട്ടത് എന്തിനായിരുന്നുവെന്നും തിരൂർ സതീഷ് ചോദിച്ചു. ധർമരാജിന് പണം കൊണ്ടുവെക്കാൻ പാർട്ടി ഓഫീസ് ക്ലോക്ക് റൂം അല്ലെന്നും സതീഷ് വിമർശിച്ചു.

വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടിയാണ് പണം കൊണ്ടുവന്നത്. എന്നാൽ പണം വന്ന വഴി ഇ ഡി അന്വേഷിച്ചില്ല. ധർമരാജൻ മൊഴിയായി തന്നെ അത് നൽകിയതായിരുന്നുവെന്നും ഇ ഡി യുടെ ഓഫീസ് പാർട്ടി കാര്യാലയത്തിലേക്ക് മാറ്റുന്നതാണ് നല്ലതെന്നും തിരൂർ സതീഷ് വ്യക്തമാക്കി.

ചാക്കുകെട്ടുകളിൽ പണം എത്തി. അത് അന്വേഷിക്കാൻ പോലും ഇഡിക്ക് ഒഴിവില്ല.പാർട്ടിയുടെ നേതാക്കന്മാരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇന്ന് കുറ്റപത്രം കൊടുത്തിട്ടുള്ളത്. അത് ഇപ്പോൾ വ്യക്തമായി. തന്റെ മൊഴി പോലും രേഖപ്പെടുത്താതെയാണ് കുറ്റപത്രം സമർപ്പിച്ചത്. വെറുതെ പോയി കുറ്റപത്രം സമർപ്പിച്ചു എന്നു പറഞ്ഞിട്ട് കാര്യമില്ലായെന്നുമായിരുന്നു സതീഷന്റെ പ്രതികരണം.

തിരൂർ സതീഷ് ഉന്നയിച്ച പ്രധാന ചോദ്യങ്ങൾ ഇങ്ങനെ

എന്തിനുവേണ്ടിയാണ് ധർമരാജിനെ പാർട്ടി ഓഫീസിൽ എത്തിച്ചത്

ധർമരാജിന്റെ സഹായികളെ പാർട്ടി ഓഫീസിൽ വച്ച് നേതാക്കൾ ചോദ്യം ചെയ്തത് എന്തിന്

പാർട്ടി നേതാക്കൾ എന്തിനാണ് കൊടകരയിൽ കവചം ഒരുക്കിയത്

പാർട്ടിക്ക് കേസുമായി നേരിട്ട് ബന്ധം ഇല്ലെങ്കിൽ ഇവർ എന്തിന് അവിടെയെത്തി

അതേസമയം, ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി എത്തിച്ച പണമല്ല കൊടകര കേസിലേതെന്നാണ് ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. ബിജെപിക്ക് വേണ്ടി കള്ളപ്പണ ഇടപാട് നടന്നുവെന്ന കേസിൽ പൊലീസിന്റെ കണ്ടെത്തൽ ഇ ഡി തള്ളി. കലൂർ PMLA കോടതിയിൽ ഇ ഡി സമർപ്പിച്ച കുറ്റപത്രത്തിലാണ് ബിജെപിക്ക് ക്ലീൻചിറ്റ് നൽകുന്നത്.

Read Also: ‘ശാരദയുടെ പ്രവര്‍ത്തനം കറുത്തതെന്ന് കമന്റ് കേട്ടു,കറുപ്പില്‍ എന്തിന് വില്ലത്തരം ആരോപിക്കണം?’; ശാരദ മുരളീധരന്‍

കവര്‍ച്ച നടന്നതിന് ശേഷം ആരൊക്കെ പണം കൈപ്പറ്റി, എന്തിന് വേണ്ടി ഉപയോഗിച്ചു, കള്ളപ്പണമായി മാറ്റിയോ, സ്വത്തുക്കള്‍ വാങ്ങാന്‍ ഉപയോഗിച്ചോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നത്. ഈ അന്വേഷണത്തിലാണ് പ്രതികളുടെ പേരിലുള്ള 12.88 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടിയതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

41.40 കോടിയാണ് കവർന്നത്. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ചിലവഴിക്കാന്‍ വേണ്ടിയാണ് ഇത്രയും വലിയ തുക കേരളത്തിലേക്ക് എത്തിച്ചതെന്ന മൊഴിയുണ്ടായിരുന്നു. അന്നത്തെ ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന്റെ നിര്‍ദേശമനുസരിച്ചാണ് പണം കൈമാറിയതെന്ന് പണം എത്തിക്കാന്‍ ചുമതലയുണ്ടായിരുന്ന കോഴിക്കോട് സ്വദേശി ധര്‍മരാജിന്റെ മൊഴിയിലുണ്ട്. എന്നാൽ കൊടകര കുഴല്‍പ്പണ കേസിന്റെ ഉറവിടം കണ്ടെത്താതെയും ബിജെപി നേതാക്കളെ ചോദ്യം ചെയ്യാതെയും ഇ ഡി കേസ് അവസാനിപ്പിക്കുകയായിരുന്നു.

Story Highlights : BJP Kodakkara case Thiroor satheesh reaction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here