Advertisement

ആദ്യമത്സരത്തില്‍ ഗുജറാത്തിന് സ്വന്തം നാട്ടില്‍ തോല്‍വി; പഞ്ചാബിന്റെ വിജയനായകനായി ശ്രേയസ് അയ്യര്‍

March 26, 2025
1 minute Read
PBKS vs GT match win

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സിനോട് ഗുജറാത്തിന് സ്വന്തം നാട്ടില്‍ 11 റണ്‍സിന്റെ തോല്‍വി. ഗുജറാത്തിന്റെ ആദ്യമത്സരമായിരുന്നു ഇത്. പഞ്ചാബ് മുന്നോട്ട് വെച്ച 244 എന്ന സ്‌കോറിലെത്താന്‍ ആവുംവിധം ശ്രമിച്ചെങ്കിലും ഗുജറാത്തിന് 216 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. സെഞ്ച്വറിയിലേക്ക് എത്താന്‍ വെറും മുന്ന് റണ്‍സിന്റെ കുറവായിരുന്നെങ്കിലും ശ്രേയസ് അയ്യര്‍ തന്നെയാണ് പഞ്ചാബിന്റെ വലിയ സ്‌കോറിലേക്ക് മുതല്‍ക്കൂട്ടായത്. ഒപ്പം ശശാങ്ക് സിങ്ങും 44 റണ്‍സിന്റെ കൂട്ടുക്കെട്ടൊരുക്കി. ഇരുവരും പുറത്താകാതെയാണ് മത്സരം ആദ്യ ഇന്നിങ്‌സ് അവസാനിച്ചത്. അരങ്ങേറ്റ താരം പ്രിയാംശ് ആര്യ ഓപ്പണറായിറങ്ങി 23 പന്തില്‍ 47 റണ്‍സ് നേടിയതും പഞ്ചാബിന്റെ സ്‌കോറിനെ ഉയര്‍ത്തി. ഗുജറാത്തിനായി സായ് കിഷോര്‍ മൂന്നുവിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് തുടക്കത്തില്‍ നല്ല റണ്‍റേറ്റില്‍ മുന്നേറവെ പഞ്ചാബ് ബൗളര്‍മാര്‍ മത്സരം അവര്‍ക്ക് അനുകൂലമാക്കി മാറ്റി. പത്ത് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 104 റണ്‍സെന്ന നിലയിലായിരുന്നു ആതിഥേയര്‍. 41 പന്തില്‍ 74 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. 33 പന്തുകള്‍ നേരിട്ട ജോസ് ബട്ലര്‍ 54 റണ്‍സ് നേടി. ഇംപാക്ട് പ്ലെയര്‍ ആയി എത്തിയ ഷെര്‍ഫാന്‍ റഥര്‍ഫോഡ് 24 പന്തില്‍ 38 ഉം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 14 പന്തില്‍ 33 റണ്‍സും അടിച്ചെടുത്തു. പതിനാല് ഓവറില്‍ 169 റണ്‍സിന് രണ്ട് എന്ന നിലയിലായിരുന്ന ഗുജറാത്തിന് ശേഷിക്കുന്ന ആറ് ഓവറില്‍ വേണ്ടിയിരുന്നത് 74 റണ്‍സ്. പക്ഷേ, തുടര്‍ന്നുള്ള ഓവറുകളില്‍ വിജയ്കുമാര്‍ വൈശാഖും മാര്‍ക്കോ യാന്‍സനും ചേര്‍ന്ന് കാര്യമായി റണ്‍സ് വിട്ടുകൊടുക്കാതിരുന്നതോടെ ഗുജറാത്ത് പരാജയം മുന്നില്‍ക്കണ്ടു. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സന്‍, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Story Highlights: IPL match 2025 Punjab Kings vs Gujrat Titans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top