തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കുനാല്‍ കമ്ര; ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയെ അപമാനിച്ചെന്ന കേസില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കു ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. ഏപ്രില്‍ ഏഴ് വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. അതുവരെ താരത്തെ അറസ്റ്റ് ചെയ്യരുതെന്നു കോടതി വ്യക്തമാക്കി. തന്റെ ജീവനു ഭീഷണിയുണ്ടെന്നും അതിനാല്‍ മഹാരാഷ്ട്ര കോടതിയെ സമീപിക്കാന്‍ സാധിക്കില്ലെന്നും കുനാല്‍ കോടതില്‍ പറഞ്ഞു. (Madras High Court grants interim protection from arrest to Kunal Kamra)
2021 മുതല്‍ താന്‍ ചെന്നൈയിലേക്ക് താമസം മാറിയെന്ന് കാട്ടിയാണ് അദ്ദേഹം മദ്രാസ് ഹൈകോടതിയെ സമീപിച്ചത്. കേസില്‍ ചോദ്യം ചെയ്യലിനു മുംബൈയിലെ ഖാര്‍ പൊലീസ് രണ്ട് തവണ സമന്‍സ് അയച്ചെങ്കിലും കുനാല്‍ ഹാജരായിരുന്നില്ല. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള സ്റ്റാന്‍ഡ് അപ്പ് കോമഡിയില്‍ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെ അക്ഷേപഹാസ്യത്തിലൂടെ കുനാല്‍ വിമര്‍ശിച്ചിരുന്നു. ഇടക്കൊരു ഭാഗത്ത് ശിവസേന പിളര്‍ത്തിയ ശിന്‍ഡെയെ വഞ്ചകന്‍ എന്ന് വിശേഷിപ്പിച്ചു. ശിന്‍ഡെയുടെ പേര് എടുത്ത് പറഞ്ഞില്ലെങ്കിലും ഉദ്ദേശിച്ചത് ആരെന്ന് വ്യക്തമാകുന്ന വിധത്തിലായിരുന്നു അവതരണം. പിന്നാലെ ശിന്‍ഡെ അനുകൂലികള്‍ കുനാലിന്റെ സ്റ്റുഡിയോ തല്ലിത്തകര്‍ത്തു. ഒപ്പം മുംബൈ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെത്തി ശേഷിച്ച ഭാഗങ്ങളും ഇടിച്ച് പൊളിക്കുകയായിരുന്നു.
ഭീഷണിക്കിടയിലും മാപ്പ് പറയില്ലെന്ന നിലപാടിലാണ് കുനാല്‍. കോടതി പറഞ്ഞാല്‍ മാത്രം മാപ്പ്. താന്‍ കോമഡിഷോ ചെയ്യുന്ന ഇടങ്ങള്‍ പൊളിക്കുമെങ്കില്‍ കാലപ്പഴക്കം ചെന്ന മുംബൈയിലെ പാലങ്ങളില്‍ പരിപാടി നടത്താമെന്നും പരിഹസിക്കുന്നു. അത് പൊളിച്ച് പണിതാല്‍ ജനങ്ങള്‍ക്കെങ്കിലും ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Madras High Court grants interim protection from arrest to Kunal Kamra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here