കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസ്; പ്രതികൾ ആദ്യം ലക്ഷ്യംവെച്ചത് ഷിനു പീറ്ററിനെ, നിർണായക വിവരങ്ങൾ പുറത്ത്

കരുനാഗപ്പള്ളി സന്തോഷ് വധക്കേസിൽ നിർണായക വിവരങ്ങൾ ട്വന്റി ഫോറിന്. പ്രതികൾ ആദ്യം ലക്ഷ്യം വെച്ചത് ക്വട്ടേഷൻ സംഘാംഗമായ ഷിനു പീറ്ററിനെ. സന്തോഷിനെ “കൈകാര്യം” ചെയ്യാൻ തീരുമാനമെടുത്തത് ഏറ്റവും ഒടുവിൽ. ഷിനു പീറ്ററിന്റെ വീടിന്റെ പരിസരത്ത് പ്രതികൾ എത്തിയിരുന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. മുഖ്യസൂത്രധാരൻ പങ്കജിന് കൊടും ക്രിമിനലുകളുമായുള്ള ബന്ധത്തിന്റെ കൂടുതൽ തെളിവുകളും പുറത്ത് വന്നു.
സന്തോഷിനെ വകവരുത്തിയ ദിവസം പ്രതികൾ ആദ്യം എത്തിയത് അരിനല്ലൂരിലുള്ള ഷിനു പീറ്ററിന്റെ വീട്ടിലേക്ക്. രാത്രി 11.40 മുതൽ 12.40 വരെ രണ്ട് വാഹനങ്ങളിലായ് കൊലയാളി സംഘം ഈ വീടിന്റെ പരിസരത്ത് കറങ്ങി നടന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. ഷിനുപീറ്ററിന്റെ വീട്ടിലേക്ക് തോട്ടെയെറിഞ് 2 വർഷം മുമ്പ് ഇയാളെ അപായപ്പെടുത്താൻ രാജപ്പൻ എന്ന രാജീവ് ശ്രമിച്ചിരുന്നു. ഇതിന് ശേഷം ചവറയിലെ പ്രസിദ്ധമായ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞയാഴ്ച ഷിനു പീറ്ററുമായി പങ്കജിന്റെ സംഘത്തിലുൾപ്പെട്ടവർ തർക്കമുണ്ടാവുകയും ചെയ്തു. ഈ വൈരാഗ്യത്തിലാണ് അക്രമി സംഘം ഷിനു പീറ്ററിന്റെ വീട്ടിലെത്തിയത്.
വീട് പൂട്ടിക്കിടന്നതിനാൽ മറ്റൊരാളെ ലക്ഷ്യം വെച്ച് നീങ്ങി. ആ ശ്രമവും പരാജയപ്പെട്ടതോടെയാണ് ജിം സന്തോഷിന്റെ വീട്ടിലെത്തി അപായപ്പെടുത്തിയത്. സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ ആയതാണ് സൂചന. ജിം സന്തോഷിന്റെ കൊലപാതകത്തിലെ മുഖ്യ സൂത്രധാരൻ പങ്കജിന് കുപ്രസിദ്ധ ഗുണ്ടകളായ ആറ്റിങ്ങൽ അയ്യപ്പനും ഓംപ്രകാശുമായും അടുത്ത ബന്ധമുള്ളതിന്റെ ചിത്രങ്ങൾ കൂടി പുറത്തുവന്നു.”ബിഗ് ബ്രദേഴ്സ്” എന്ന തലക്കെട്ടോടെ പങ്കജ് തന്നെ പ്രചരിപ്പിച്ച ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
അലുവ അതുൽ ഉൾപ്പെടെയുള്ളവർക്ക് ആലുവയിലെ ക്വട്ടേഷൻ സംഘങ്ങൾ ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയപ്പോൾ പങ്കജും സംഘവും തെക്കൻ പ്രദേശത്തെ കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങളുടെ അഭയം തേടിയിരിക്കാമെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടൽ. ജില്ലകളുടെയും സംസ്ഥാനത്തിന്റെയും അതിർത്തികളിൽ ഉൾപ്പെടെ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. അതേസമയം, കൊല്ലപ്പെട്ട ജിം സന്തോഷിനെ അനുസ്മരിക്കാൻ സന്തോഷ് സുഹൃത് സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് കരുനാഗപ്പള്ളിയിൽ അനുശോചനയോഗം ചേരും.
Story Highlights : Karunagappally Gym santhosh murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here