SKN 40 കേരള യാത്രക്ക് എറണാകുളം ജില്ലയില്‍ വന്‍ പിന്തുണ; എറണാകുളം ജില്ലാ പര്യടനം പൂര്‍ത്തിയായി

ലഹരിക്കും അക്രമത്തിനുമെതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന കേരള യാത്രയുടെ എറണാകുളം ജില്ലാ പര്യടനം പൂര്‍ത്തിയായി. മൂന്ന് ദിവസം നീണ്ടു നിന്ന പര്യടനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കാളികളായി. കേരള യാത്ര നാളെ തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കും.
മൂവാറ്റുപുഴ വാഴക്കുളത്തു നിന്ന് ആരംഭിച്ച് അങ്കമാലിയിലാണ് എറണാകുളം ജില്ലാ പര്യടനം അവസാനിച്ചത്. മൂന്ന് ദിവസങ്ങളിലായി ജില്ലയുടെ ഗ്രാമ നഗര മേഖലകളില്‍ നിന്ന് നിരവധി ആളുകള്‍ യാത്രക്ക് ഐക്യദാര്‍ഢ്യവുമായെത്തി.
Read Also: ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി: ഒരു മരണം, 8 പേർക്ക് ഗുരുതര പരുക്ക്
എറണാകുളം ജില്ലയിലെ ഒന്നാം ദിനം വാഴക്കുളത്ത് നിന്ന് ആരംഭിച്ച് മരടിലാണ് സമാപിച്ചത്. ലഹരി വിരുദ്ധ യാത്രയ്ക്ക് ഉപാധികള്‍ ഇല്ലാത്ത പിന്തുണയുമായി വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റിലെ കര്‍ഷകരും നാട്ടുകാരും അണിചേര്‍ന്നു. രണ്ടാം ദിനം ഹൈക്കോര്‍ട്ട് വാട്ടര്‍ മെട്രോ സ്റ്റേഷനില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ഹൈകോര്‍ട്ട് വാട്ടര്‍ മെട്രോ സ്റ്റേഷനില്‍ വ്യാപാരികളും വിദ്യാര്‍ഥികളും നാട്ടുകാരും കേരള യാത്രക്ക് ഐക്യദാര്‍ഢ്യവുമായെത്തി. ലഹരി വ്യാപനത്തിനെതിരെ എറണാകുളം സെന്റ്. ആല്‍ബര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഉറച്ച ശബ്ദമുണ്ടായി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയും യാത്രയുടെ ഭാഗമായി. കൊച്ചി മെട്രോ എംഡി ലോകനാഥ് ബഹ്‌റ കേരള യാത്രക്ക് പിന്തുണയുമായി എത്തി.
മൂന്നാം ദിനമായി ഇന്ന് രാവിലെ തൃപ്പൂണിത്തുറയില്‍ നിന്ന് ആരംഭിച്ച പര്യടനം വൈകിട്ട് അങ്കമാലിയില്‍ സമാപിച്ചു. തുരുത്തിശേരി സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ കുരുന്നുകള്‍ ലഹരി വിരുദ്ധ തെരുവ് നാടകവുമായി വേദിയിലെത്തി. പൊതുയോഗത്തിലും നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. റോജി എം ജോണ്‍ എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ തുടങ്ങിയവര്‍ യാത്രക്ക് പിന്തുണ അറിയിച്ചു. നാളെ കൊരട്ടിയില്‍ നിന്ന് കേരള യാത്രയുടെ തൃശ്ശൂര്‍ ജില്ല പര്യടനം ആരംഭിക്കും.
Story Highlights : SKN 40 Kerala Yatra completed in Ernakulam district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here