Advertisement

സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ മധുരയില്‍ തുടക്കം; 80 നിരീക്ഷകരടക്കം 811 പ്രതിനിധികള്‍ പങ്കെടുക്കും

April 1, 2025
Google News 2 minutes Read
cpim

സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തമിഴ്‌നാട്ടിലെ മധുരയില്‍ തുടക്കം. തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറില്‍ ഈ മാസം ആറ് വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. എണ്‍പത് നിരീക്ഷകരടക്കം 811 പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും.

പാര്‍ട്ടിക്ക് ഭരണതുടര്‍ച്ച കിട്ടിയ കേരളത്തിന് തൊട്ടരികിലാണെങ്കിലും തമിഴ്നാട്ടില്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയ സ്വാധീനം നന്നേ കുറവാണ്. പാര്‍ട്ടി എംപിയും അല്‍പം സംഘടാനാ ശക്തിയും ഉള്ള മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുമ്പോള്‍ സിപിഐഎം സംഘടനാപരമായി ലക്ഷ്യമിടുന്നത് തമിഴ്നാട്ടില്‍ പാര്‍ട്ടി കരുത്ത് അര്‍ജിക്കുക എന്നതാണ്. 2008 ഏപ്രിലില്‍ നടന്ന കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം ഇപ്പോഴാണ് തമിഴ്‌നാട്ടില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. സ്റ്റാലിനുമായുള്ള രാഷ്ട്രീയം ഐക്യവും സമ്മേളന ആവേശവും എല്ലാം ഉപയോഗിച്ച് പാര്‍ട്ടി ശക്തി പെടുത്താന്‍ തമിഴ്‌നാട് ഘടകവും ലക്ഷ്യമിടുകയാണ്.

സമ്മേളനം മികച്ചതാക്കി രാഷ്ട്രീയം നേട്ടം കൊയ്യാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. രാഷ്ട്രീയ നയരേഖ അംഗീകരിക്കല്‍, സംഘടനാ റിപ്പോര്‍ട്ട് ചര്‍ച്ച, റിവ്യൂ റിപ്പോര്‍ട്ട് ചര്‍ച്ച എന്നിവ സമ്മേളനത്തിലെ അജണ്ടയാണ്. എന്നാല്‍ പാര്‍ട്ടിയെ ഇനി ആരു നയിക്കും എന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങുമ്പോഴുള്ള പ്രധാന ചര്‍ച്ച. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് പി ബി കോഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന പ്രകാശ് കാരാട്ട് വീണ്ടും ജനറല്‍ സെക്രട്ടറി ആകുമോ എന്നത് പ്രധാന വിഷയം ആണ്. കേരള മുഖ്യമന്ത്രി പിണറായി വിജയന് അനുവദിച്ച പ്രായ പരിധി ഇളവ് പ്രകാശ് കാരാട്ടിന് ഉണ്ടാകുമോ എന്നത് നിര്‍ണ്ണായകം. ബൃന്ദ കാരാട്ട്, സുഭാഷിണി അലി തുടങ്ങിയവരും പി ബിയില്‍ തുടരുമോ എന്നതും പ്രധാനമാണ്.

Read Also: യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന; ആളില്ലാത്ത മുറിയിൽ നിന്ന് കഞ്ചാവ് പിടികൂടി

വനിത ജനറല്‍ സെക്രട്ടറി ഇത്തവണ ഉണ്ടാകില്ലെന്ന് ബൃന്ദ കാരാട്ട് പ്രതികരിച്ചു. പൊളിറ്റ്ബ്യൂറോയിലും കേന്ദ്രകമ്മറ്റിയിലും കൂടുതല്‍ വനിത പ്രതിനിധ്യം ഉണ്ടാകുമെന്നും താനും സുഭാഷിണി അലിയും പ്രായപരിധി പൂര്‍ത്തിയാക്കി പി ബി യില്‍ നിന്നും മാറുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. പിണറായി വിജയന് പ്രായപരിധിയില്‍ ഇളവ് നല്‍കിയത് മാറ്റേണ്ട സാഹചര്യം ഇത്തവണ ഇല്ലെന്നും അവര്‍ വ്യക്തമാക്കി.

പിബിയില്‍ എത്തുമോ എന്ന ചോദ്യത്തിന് ഒന്നും തീരുമാനമായിട്ടില്ലെന്നായിരുന്നു കെ കെ ശൈലജയുടെ മറുപടി. പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനിക്കും. പ്രായം കൊണ്ട് ആരും പാര്‍ട്ടിയില്‍ നിന്ന് ഒഴിഞ്ഞു പോകുന്നില്ല. ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കാനാണ് കമ്മറ്റിയില്‍ നിന്ന് ഒഴിയുന്നത്. ഒഴിയുന്നവരും പാര്‍ട്ടിയുടെ ഭാഗമായി ഉണ്ടാകും. പാര്‍ട്ടിയിലെ കേഡര്‍മാര്‍ക്ക് റിട്ടയര്‍മെന്റ് ഇല്ല – കെ കെ ശൈലജ വ്യക്തമാക്കി.

ബൃന്ദ കാരാട്ട് ജനറല്‍ സെക്രട്ടറി ആകുമോ എന്ന് ചോദ്യത്തിന് ആഗ്രഹങ്ങളൊക്കെ നടക്കുമെങ്കില്‍ ഇവിടെ വല്ല ബുദ്ധിമുട്ടുമുണ്ടോ എന്നായിരുന്നു പി കെ ശ്രീമതിയുടെ മറുപടി. ജനറല്‍ സെക്രട്ടറി ആരെന്ന് പറയാന്‍ തങ്ങള്‍ക്ക് ഇപ്പോള്‍ അധികാരമില്ലെന്നും നേതൃത്വമാണ് പറയേണ്ടതെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

മലയാളിയായ എം എ ബേബി ജനറല്‍ സെക്രട്ടറി ആകും എന്നും ചര്‍ച്ചയുണ്ട്. 2012 ഏപ്രില്‍ 9 നു കോഴിക്കോട്ടെ 20 ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പി ബി യിലേക്ക് എത്തിയ എം എ ബേബി ജനറല്‍ സെക്രട്ടറി ആയാല്‍ അത് ഇഎംഎസിനു ശേഷം കേരളത്തിലെ പാര്‍ട്ടിക്കു കിട്ടുന്ന ജനറല്‍ സെക്രട്ടറി പദവിയാണ്. ജനറല്‍ സെക്രട്ടറി ആരാകും എന്നുള്ളത് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചേരുന്ന പി ബി ആണ് തീരുമാനിക്കുകയെന്നും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ കാര്യം ഇല്ലെന്നും കേന്ദ്രകമ്മറ്റി അംഗം ഇ പി ജയരാജന്‍ 24 നോട് പ്രതികരിച്ചു. ഈ പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കും. അത് സ്വാഭാവികമാണ്. ഇന്ത്യന്‍ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് സിപിഐഎമ്മിനെ കാണുന്നത്. ഇന്ത്യയില്‍ ഇടതുപക്ഷ പ്രസ്ഥാനം ശക്തിപ്പെടണം. സിപിഐഎം ശക്തിപ്പെട്ടാലെ ഇടതുപക്ഷത്തിന്റെ സ്വാധീനം ശക്തിപ്പെടുത്താന്‍ സാധിക്കൂ. പ്രതീക്ഷകളും നിഗമനങ്ങളുമൊന്നുമല്ല പാര്‍ട്ടി കോണ്‍ഗ്രസ്. തീരുമാനങ്ങളാണ്. നിങ്ങള്‍ കാത്തിരിക്കൂ. ആറാം തിയതിയോടെ നിങ്ങള്‍ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം ഉണ്ടാകും – ഇ പി ജയരാജന്‍ വ്യക്തമാക്കി.

Story Highlights : CPI(M) is all set to kick off the 24th Party Congress in Madurai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here