‘ആ ഷര്‍ട്ടില്‍ എങ്ങനെ ഗോകുല്‍ തൂങ്ങിയെന്നതില്‍ സംശയമുണ്ട് ‘; ഗോകുലിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം

വയനാട് കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്‍ ശുചിമുറിയിലെ ആദിവാസി യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് എസ്പി ഉത്തര മേഖലാ ഡിഐജിക്ക് കൈമാറി. ഗോകുല്‍ ശുചിമുറിയിലേക്ക് പോയി പുറത്തു വരാന്‍ വൈകിയതില്‍ ജാഗ്രത ഉണ്ടായില്ല. കൃത്യമായി നിരീക്ഷണം നടന്നില്ല എന്നെല്ലാമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നേക്കും.
അതേസമയം, ഗോകുലുന്റെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. ഗോകുലിനെ കയ്യില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്ന് പൊലീസുകാര്‍ വന്നപ്പോള്‍ പറഞ്ഞു. പുറം ലോകം കാണിക്കില്ലെന്ന് പറഞ്ഞു. കവലയില്‍ വന്നാണ് ഭീഷണിപ്പെടുത്തിയത്. കാണാതായതിന് ശേഷമാണ് സംഭവം. രണ്ട് പേരെയും കോഴിക്കോട് നിന്ന് കിട്ടിയെന്ന് വിളിച്ചു പറഞ്ഞു. എന്നാല്‍ പെണ്ണിനെ മാത്രം വിട്ടാല്‍ പോരല്ലോ. ചെക്കനെയും വിടണ്ടേ. പിന്നെ എന്താ ഉണ്ടായതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ബാത്ത്‌റൂമില്‍ പോയയാള്‍ എങ്ങനെയാ തൂങ്ങി മരിക്കുക – ബന്ധുക്കള്‍ ആരോപിക്കുന്നു. മൊഴി കൊടുത്തതും സംശയമുണ്ടെന്ന് ജനപ്രതിനിധികളും പറയുന്നു. ലിയോ ഹോസ്പിറ്റലിലേക്ക് വരാനാണ് തങ്ങളെ വിളിച്ചറിയിച്ചതെന്നും ആശുപത്രിയില്‍ ചെന്നപ്പോള്‍ മൃതദേഹം കാണിക്കാന്‍ തയാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഒരുപാട് സമയം കഴിഞ്ഞതിന് ശേഷമാണ് ബന്ധുക്കളെയടക്കം മൃതദേഹം കാണിച്ചതെന്നും പറയുന്നു. ആ ഷര്‍ട്ടില്‍ എങ്ങനെ ഗോകുല്‍ തൂങ്ങിയെന്നതില്‍ സംശയമുണ്ടെന്നും ജനപ്രതിനിധികള്‍ പറയുന്നു.
അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി പുതിയപാടി വീട്ടില്‍ ചന്ദ്രന്‍ – ഓമന ദമ്പതികളുടെ മകന്‍ ഗോകുല്‍ (18) ആണ് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. അഞ്ച് ദിവസം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും യുവാവിനെയും കാണാതായിരുന്നു. അന്വേഷണത്തിനിടെ കോഴിക്കോട് നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.
Story Highlights : Family alleges mystery behind Gokul’s death in Kalpetta Police station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here