‘കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി പരാജയപ്പെട്ടു’; സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശനം

കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി പരാജയപ്പെട്ടെന്ന് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശനം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രതിനിധിയാണ് വിമര്‍ശനം ഉന്നയിച്ചത്. പൊളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിലും രാഷ്ട്രീയ പ്രമേയത്തിലും പൊതുചര്‍ച്ച തുടരുകയാണ്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ നീണ്ട ആദ്യ സെഷനില്‍ ആകെ 18 പേരാണ് സംസാരിച്ചത്. കേരളത്തില്‍ നിന്ന് കെ കെ രാഗേഷാണ് പൊതുചര്‍ച്ചയില്‍ ആദ്യം സംസാരിച്ചത്.
കേരളം ഒരു വികസന മാതൃക മുന്നോട്ട് വെക്കുന്നു. അത് രാജ്യത്തിനാകെ മാതൃകയാണ്. കെ ഫോണ്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ എടുത്തു പറഞ്ഞുകൊണ്ടാണ് കെ കെ രാഗേഷ് ബദല്‍ വികസന മാതൃകയെ പറ്റി സംസാരിച്ചത്. അത് രാജ്യത്താകെ പ്രചരിപ്പിക്കേണ്ടതുണ്ടെന്നും ഇടതുപക്ഷം അധികാരത്തില്‍ വരുന്ന സ്ഥലങ്ങളില്‍ ഒരു ബദല്‍ സാധ്യമാണ് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം എന്നുമാണ് കെ കെ രാഗേഷ് പറഞ്ഞത്. തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രതിനിധി ബ്രിജിലാല്‍ ഭാരതിയാണ് വിമര്‍ശനമുന്നയിച്ചത്. കേരളത്തിന്റെ വികസന നേട്ടങ്ങളെ കുറിച്ച് ഇവിടെ പറയുന്നു. എന്നാല്‍ അത്തരമൊരു വികസന നേട്ടത്തെ കുറിച്ച് രാജ്യത്തെ മറ്റ് ഭാഗങ്ങളിലെ ജനങ്ങള്‍ അറിഞ്ഞിട്ടില്ല. അത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിന് വീഴ്ച സംഭവിച്ചു എന്ന വിമര്‍ശനമാണ് ബ്രിജിലാല്‍ ഉന്നയിച്ചത്.
Read Also: വഖഫ് ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചു
അതേസമയം, ബിജെപിയെയും ആര്‍എസ്എസിനെയും പരാജയപ്പെടുത്താന്‍ വിശാലസഖ്യം അനിവാര്യമെന്ന് സിപിഐഎം വിലയിരുത്തി. ഇന്ത്യ സഖ്യം ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ടകളായി പ്രധാനമായി മൂന്ന് അജണ്ടകളാണ് ബൃന്ദ കാരാട്ട് വിശദീകരിച്ചത്. പാര്‍ട്ടിയുടെ സ്വതന്ത്രമായ ശക്തി വര്‍ധിപ്പിക്കുക, ബിജെപിക്ക് എതിരായി പോരാടുന്നതിനായി മറ്റ് മതേതര ജനാധിപത്യ പാര്‍ട്ടികളുമായി കൂടിച്ചേര്‍ത്തുകൊണ്ട് പോരാട്ടം നടത്തുക, പാര്‍ട്ടിയുടെ മുന്‍ ശക്തികേന്ദ്രങ്ങളായിരുന്ന ബംഗാളിലും ത്രിപുരയിലും തിരിച്ചു വരിക എന്നതെല്ലാമാണിത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെയും ആര്‍എസ്എസിനെയും പരാജയപ്പെടുത്താന്‍ രാജ്യത്തെ മതേതര ജനാധിപത്യ പാര്‍ട്ടികളെ ഒന്നിച്ചു ചേര്‍ത്തുള്ള ഇന്ത്യ സഖ്യ രൂപീകരണം വലിയൊരു പരിധി വരെ വിജയിച്ചുവെന്നാണ് പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രമേയ രേഖതന്നെ വിശകലനം ചെയ്യുന്നത്. എന്നാല്‍ അത് ലോക്‌സഭ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള സഖ്യമായിരുന്നു. അത് കഴിഞ്ഞുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അത്തരത്തിലുള്ള ഒരു സഖ്യം ദൃശ്യമായില്ലെന്നും ബൃന്ദ കാരാട്ട് പറയുന്നു. പാര്‍ട്ടിയുടെ സ്വതന്ത്രമായ ശക്തി വര്‍ധിപ്പിക്കുക എന്നതാണ് ഇതിനെല്ലാമപ്പുറത്തേക്കുള്ള പ്രധാന അജണ്ട എന്നതും അതിനാവശ്യമായ ചര്‍ച്ചകളാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നു വരുന്നത് എന്നും ബൃന്ദ കാരാട്ട് വിശദീകരിച്ചു.
നാളെ ഉച്ചയ്ക്ക് 1.30 വരെയാണ് ചര്‍ച്ച തുടരുക. കേരളത്തിന് അനുവദിച്ചിരിക്കുന്നത് 46 മിനുറ്റാണ്. മന്ത്രി എം ബി രാജേഷ് ഉള്‍പ്പടെ അഞ്ച് പേരാണ് കേരളത്തില്‍ നിന്ന് സംസാരിക്കുക.
Story Highlights : CPIM Party Congress Update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here