Advertisement

സമരക്കാർ പിടിവാശി ഒഴിവാക്കണം; ഓണറേറിയം വർധിപ്പിച്ചതുകൊണ്ട് ആശമാരുടെ പ്രശ്നം തീരില്ല, ആർ ചന്ദ്രശേഖരൻ

April 5, 2025
Google News 2 minutes Read
R CHANDRASEKHARAN

ആശാവർക്കേഴ്സ് സമരത്തിൽ സമരക്കാർക്ക് തല്ലും സർക്കാരിന് തലോടലുമായി ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്റ് ആർ ചന്ദ്രശേഖരൻ. പിടിവാശിയും ദുർവാശിയും സമരക്കാർ ഒഴിവാക്കണം. സമരം ഇങ്ങനെ വഷളാക്കുന്നത് എന്തിനെന്നറിയില്ല. സമരക്കാർ നന്നായി സമരം അവസാനിപ്പിച്ച് തിരിച്ചപോകണമെന്ന് തന്നെയാണ് ആഗ്രഹമെന്നും ആർ ചന്ദ്രശേഖരൻ ട്വന്റിഫോറിനോട് പറഞ്ഞു.

ഓണറേറിയം കൂട്ടാൻ തയ്യാറാണെന്ന് സർക്കാർ പറയുന്നു. ഇതിനായി സീനിയർ ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ട ഉന്നത സമിതിയെ വെക്കാമെന്ന നിർദേശം ആരോഗ്യമന്ത്രി മുന്നോട്ട് വെച്ചതാണ്. അങ്ങിനെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ. ഓണറേറിയം മാത്രം വർധിപ്പിച്ച് പരിഹരിക്കാവുന്ന വിഷയമല്ല ഇത്. അവരെ തൊഴിലാളികളായി അംഗീകരിക്കണമെന്നാണ് ആവശ്യം. പിടിവാശിയും ദുർവാശിയും അങ്ങോട്ടുമിങ്ങോട്ടുമുള്ള കുറ്റപ്പെടുത്തലുകളും സമരക്കാർ ഒഴിവാക്കണമെന്നും ആർ ചന്ദ്രശേഖരൻ വ്യക്തമാക്കി.

Read Also: മാധ്യമങ്ങളോട് മുഖം തിരിച്ച് സുരേഷ്‌ഗോപി; എറണാകുളം ഗസ്റ്റ് ഹൗസിൽ പ്രവേശനം വിലക്കി

സമിതിയെ നിയോഗിക്കാമെന്ന തീരുമാനം ഐഎൻടിയുസി എടുത്തതല്ല. നമ്മളുമായി നടത്തിയ ചർച്ച മറന്നുകൊണ്ടാണ് സമരക്കാർ സംസാരിക്കുന്നത്. അവരോട് ഇനി ഉപദേശിക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം വിമർശിച്ചു.

ആരോഗ്യമന്ത്രിയുമായുള്ള ചർച്ചക്ക് സിഐടിയു നേതാവ് തോളിൽ കയ്യിട്ടാണ് വന്നതെന്ന ആശാ സമിതിയുടെ ആരോപണവും ആർ ചന്ദ്രശേഖരൻ തള്ളി. 20 മിനിറ്റ് വൈകിയാണ് താൻ ചർച്ചയ്ക്ക് എത്തിയത്. എന്തായാലും തോളിൽ കയ്യിട്ടു വന്നിട്ടില്ല, നിലപാട് മാറ്റിപറയാൻ ഐഎൻടിയുസിക്ക് സാധിക്കില്ലെന്ന് ആർ ചന്ദ്രശേഖരൻ ട്വന്റി ഫോറിനോട് പറഞ്ഞു.

അതേസമയം, ആർ ചന്ദ്രശേഖരന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ആശാ വർക്കേഴ്സ് സമരസമിതി രംഗത്തെത്തി. കൂലി വർധനവ് എന്നതാണ് തങ്ങളുടെ പിടിവാശി. ഏതു തൊഴിലാളി സംഘടനകൾ എതിർത്താലും തങ്ങളുടെ തീരുമാനവുമായി തങ്ങൾ മുന്നോട്ടുപോകുമെന്ന് സമരനേതാവ് എസ് മിനി പറഞ്ഞു.

സമരം തുടരുന്ന ആശാവർക്കേഴ്സുമായി ആരോഗ്യ മന്ത്രിയുടെ അടുത്തഘട്ട ചർച്ച ഉടൻ ഉണ്ടാവില്ല. മൂന്നാംഘട്ട ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ വീണ്ടും ഉടൻ ചർച്ച നടത്തും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സമരക്കാരും ആരോഗ്യവകുപ്പും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതോടെ ചർച്ച നീണ്ട് പോകുമെന്നാണ് സൂചന. ഇതിനിടെ സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാതെ പ്രശ്ന പരിഹാരത്തിന് സമിതിയെ രൂപീകരിച്ച് ഉത്തരവിറക്കാൻ സാധ്യതയുണ്ട്. എങ്കിൽ സമരത്തിൻ്റെ അടുത്ത ഘട്ടം സമര സമിതി ആലോചിക്കും. രാപ്പകൽ സമരത്തിന്റെ 55-ാം ദിവസവും നിരാഹാര സമരത്തിൻ്റെ 17-ാം ദിവസവുമാണ് ഇന്ന്.

Story Highlights : INTUC Leader R Chandrasekharan reacts Asha workers strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here