Advertisement

‘മയക്കുമരുന്ന് പിടിക്കാൻ വാശിയുള്ളവരായി അമ്മമാരെ പോലും മാറ്റി’; SKN 40 കേരള യാത്രയെ പ്രശംസിച്ച് കെ ബി ഗണേഷ് കുമാർ

April 5, 2025
Google News 2 minutes Read

അക്രമങ്ങൾക്കും ലഹരിയ്ക്കുമെതിരെ ട്വന്റി ഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന SKN 40 കേരളയാത്രയെ പൊതുവേദിയിൽ പ്രശംസിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. മയക്കുമരുന്ന് പിടിക്കാൻ വാശിയുള്ളവരായി അമ്മമാരെ മാറ്റിയെടുക്കാൻ ഇത്തരം ക്യാമ്പയ്നുകളിലൂടെ സാധിക്കുന്നുവെന്ന് മന്ത്രി കൊട്ടാരക്കര മേലിലയിൽ പറഞ്ഞു.

ആർ ശ്രീകണ്ഠൻ നായരുടെ ജന്മനാട്ടിലെ പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു SKN40 യെ പ്രകീർത്തിച്ചുള്ള മന്ത്രിയുടെ ഈ വാക്കുകൾ. പ്രവാസിയായ രാജേഷ് കുമാർ മേലില റേഷൻ കട മുക്കിൽ ആരംഭിച്ച എ.ആർ സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. കേട്ടുകേൾവി പോലുമില്ലാത്ത മയക്കുമരുന്നുകളാണ് ഇന്ന് കണ്ടെടുക്കുന്നത്. മയക്കുമരുന്ന് കണ്ടെത്താൻ മാധ്യമങ്ങളും എക്സൈസും പൊലീസും പൊതുപ്രവർത്തകരുമെല്ലാം ഒന്നിച്ച് പങ്കാളികളാകുകയാണിന്ന്. ലഹരിയോട് വിട പറയാൻ കലാകായിക രംഗത്തേക്ക് പുതുതലമുറ കൂടുതൽ താല്പര്യമുള്ളവരായി മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സ്പോർട്സ് ഹബ്ബിനോട് ചേർന്നരംഭിച്ച ഫാമിലി പാർക്കിന്റെ ഉദ്ഘാടനം കുന്നിക്കോട് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ഗോപകുമാർ കെ ജി നിർവഹിച്ചു. മേലില ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ നടനും സംവിധായകനുമായ ശ്രീജിത്ബാബു മുഖ്യാതിഥിയായി. ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ സന്നിഹിതരായി. ഉദ്ഘാടന ചടങ്ങിനു ശേഷം ഫ്രണ്ട്സ് മേഖലയുടെ ആഭിമുഖ്യത്തിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റും നടന്നു. വന്യമൃഗശല്യത്താൽ കൃഷി ചെയ്യാൻ കഴിയാതെ കിടന്ന സ്ഥലം ജനങ്ങൾക്ക് പ്രയോജനപ്രദമാകാനാണ് സ്പോർട്സ് ഹബ്ബും ഫാമിലി പാർക്കുമായി രാജേഷ് കുമാർ മാറ്റിയെടുത്തത്.

Story Highlights : KB Ganesh Kumar praises SKN 40 Kerala Yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here