‘കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന സംഘപരിവാർ ഭീഷണി നാടിന് വെല്ലുവിളി’; മന്ത്രി മുഹമ്മദ് റിയാസ്

എമ്പുരാൻ ചിത്രത്തിന്റെ നിർമാതാവ് ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ നടന്ന ഇഡി റെയ്ഡിലും സംവിധായകൻ പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയതിലും വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കത്രികവെക്കലുകൾ കൊണ്ടും പ്രതികാര റെയ്ഡുകൾ കൊണ്ടും മായ്ക്കാൻ കഴിയുന്നതല്ല ചരിത്ര യാഥാർത്ഥ്യങ്ങളെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള സംഘപരിവാർ തിട്ടൂരങ്ങൾഒരു തരത്തിലും കേരള സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല. സിനിമയുടെ അഭൂതപൂർവ്വമായ ജനസമ്മതി അതാണ് കാണിക്കുന്നതും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് ആവിഷ്കാര സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുമെന്ന സംഘപരിവാർ ഭീഷണി ഈ നാടിനോടു തന്നെയുള്ള വെല്ലുവിളിയാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കത്തി കാട്ടി ഭീഷണിപ്പെടുത്തി നിശബ്ദരാക്കി കളയാം എന്നത് മൗഢ്യമാണ്….
എമ്പുരാൻ സിനിമക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങൾക്കും ബഹിഷ്കരണാഹ്വാനങ്ങൾക്കും ശേഷം സംഘപരിവാരം സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ചവരെ വേട്ടയാടാൻ തുടങ്ങി എന്നാണ് മനസ്സിലാക്കേണ്ടത്. സിനിമയുടെ നിർമ്മാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസുകളിലും വീട്ടിലുമുള്ള ഇ ഡി റെയ്ഡിനും ചോദ്യം ചെയ്യലിനും ശേഷം ഇപ്പോൾ സംവിധായകൻ പൃഥ്വിരാജിനെയാണവർ നോട്ടമിട്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ പൃഥ്വിരാജിന് ആദായ നികുതിവകുപ്പ് നോട്ടീസ് അയച്ച വാർത്തകളാണ് പുറത്തു വരുന്നത്. എമ്പുരാൻ സിനിമയിലെ ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള രംഗങ്ങൾ സംഘപരിവാരത്തെ അത്രമാത്രം പ്രകോപിപ്പിച്ചു എന്നാണ് ഈ പ്രതികാര നടപടികൾ വ്യക്തമാക്കുന്നത്. സെൻസർ നടപടികൾ കൊണ്ടൊന്നും ഗുജറാത്ത് വംശഹത്യയുടെ പാപക്കറയിൽ നിന്നും സംഘപരിവാറിന് മോചനമില്ല. കത്രികവെക്കലുകൾ കൊണ്ടും പ്രതികാര റെയ്ഡുകൾ കൊണ്ടും മായ്ക്കാൻ കഴിയുന്നതല്ല ചരിത്ര യാഥാർത്ഥ്യങ്ങൾ. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള സംഘപരിവാർ തിട്ടൂരങ്ങൾ ഒരു തരത്തിലും കേരള സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല. സിനിമയുടെ അഭൂതപൂർവ്വമായ ജനസമ്മതി അതാണ് കാണിക്കുന്നതും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് ആവിഷ്കാര സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുമെന്ന സംഘപരിവാർ ഭീഷണി ഈ നാടിനോടു തന്നെയുള്ള വെല്ലുവിളിയാണ്. കത്തി കാട്ടി കലാകാരന്മാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കി കളയാം എന്നത് മൗഢ്യമാണ്. കേരള സമൂഹമാകെ ഈ വിഷയത്തിൽ കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം നിൽക്കും. അതാണ് കേരളത്തിന്റെ ചരിത്രം !
Story Highlights : Minister Muhammad Riyas facebook post on central agencies actions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here